image

24 Jan 2023 6:45 AM GMT

NRI

ഇനി മണല്‍ത്തരികളില്‍ കുതിരക്കുളമ്പടി; കതാറ അറേബ്യന്‍ കുതിരമേള ഫെബ്രുവരിയില്‍

Gulf Bureau

qatar arabian horse fair feb 23
X

Summary

  • ഇന്ത്യന്‍ രൂപയില്‍ കണക്കാക്കിയാല്‍ കോടികളാണ് സമ്മാനത്തുകയായി ലഭിക്കുക.


ലോകകപ്പും അന്താരാഷ്ട്ര ക്രൂയിസ് സീസണുമെല്ലാമായി സംഭവബഹുലമായ ദിവസങ്ങള്‍ പിന്നിടുന്ന ഖത്തര്‍ ഇനി കാതടപ്പിക്കുന്ന കുതിരക്കുളമ്പടികള്‍ക്ക് കാതോര്‍ക്കും. മൂന്നാമത് കതാറ അറേബ്യന്‍ കുതിരമേള അടുത്ത് മാസം ഫെബ്രുവരി ഒന്നിന് തുടങ്ങുന്നതോടെയാണ് ഖത്തര്‍ മറ്റൊരു ഉത്സവാന്തരീക്ഷത്തിന് ഒരുങ്ങുന്നത്.

കതാറ കള്‍ച്ചറല്‍ വില്ലേജില്‍ നടക്കുന്ന കുതിര മേളയുടെ ഒരുക്കങ്ങളെല്ലാം അന്തിമഘട്ടത്തിലാണെന്നാണ് സംഘാടകര്‍ വ്യക്തമാക്കുന്നത്. ഇത് അറേബ്യന്‍ കുതിരമേളയുടെ മൂന്നാം സീസണാണ് കതാറയില്‍ ഒരുങ്ങുന്നത്.

പ്രൗഢിയും പാരമ്പര്യവും ആവേശവുമെല്ലാം ഒത്തിണങ്ങിയ മേള ഫെബ്രുവരി ഒന്നിന് തുടങ്ങി 11 ദിവസത്തോളം നീണ്ടുനില്‍ക്കും. കുതിരക്കമ്പക്കാരുടെ നാടുകളില്‍ നിന്നുള്ള വിവിധയിനത്തില്‍പ്പെട്ട അഞ്ചൂേറാളം അറേബ്യന്‍ കുതിരകളാണ് മേളയില്‍ ആരാധകരുടെ മനംകവരാനെത്തുന്നത്. മേളയില്‍ പങ്കെടുക്കാനുള്ള രജിസ്ട്രേഷന്‍ നടപടികളെല്ലാം നേരത്തെ തന്നെ പൂര്‍ത്തിയായിരുന്നു.

ലോകകപ്പിനോളം തന്നെ വരില്ലെങ്കിലും കുതിരമേളയേയും അറേബ്യന്‍ പണക്കിലുക്കം വലിയ അളവില്‍ സ്വാധീനിക്കുന്നുണ്ട്. ഇന്ത്യന്‍ രൂപയില്‍ കണക്കാക്കിയാല്‍ കോടികളാണ് സമ്മാനത്തുകയായി ലഭിക്കുക.

വിവിധ മത്സരങ്ങള്‍ കൂടാതെ കുതിരക്കമ്പക്കാര്‍ പങ്കെടുക്കുന്ന വലിയ കുതിര ലേലവും മേളയുടെ ഭാഗമായി നടക്കും. വിവിധ പ്രദേശങ്ങളില്‍നിന്നുള്ള സമ്പന്നര്‍ ഭീമന്‍ തുകകള്‍ മുടക്കിയാണ് മുന്തിയ ഇനം കുതിരകളെ ഇവിടെ നിന്ന് സ്വന്തമാക്കാറുള്ളത്.

കതാറ കുതിരമേളയ്ക്കു പുറമേ, ഇത്തവണ അറേബ്യന്‍ കുതിരകളുടെ അന്താരാഷ്ട്ര ചാമ്പ്യന്‍ഷിപ്പിനും ഖത്തര്‍ വേദിയാകും. ഈ വര്‍ഷാവസാനം ഡിസംബറിലാണ് അന്താരാഷ്ട്ര ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്.

40 വര്‍ഷത്തിനിടെ തന്നെ ഇതാദ്യമായാണ് ഫ്രാന്‍സിന് പുറത്ത് അറേബ്യന്‍ കുതിരകളുടെ ലോകചാമ്പ്യന്‍ഷിപ്പിന് വേദിയൊരുങ്ങുന്നത്. ഇതിനു പുറമേ, 2025 ലും മത്സരവേദിയായി ഖത്തറിനെ തന്നെയാണ് നിശ്ചയിച്ചിരിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.