11 Feb 2023 7:15 AM GMT
സ്വകാര്യ മേഖലയില്‍ സ്വദേശിവത്കരണം ശക്തമാക്കാനൊരുങ്ങി ഖത്തറും, കരട് നിയമത്തിന് അംഗീകാരം
Gulf Bureau
Summary
- ഖത്തറിലെ സ്വകാര്യമേഖലയിലെ ചില തൊഴിലുകളാണ് സ്വദേശികള്‍ക്കായി പരിമിതപ്പെടുത്തുകയെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്
വിവിധ ജിസിസി രാജ്യങ്ങളിലെ അറബ് സ്വകാര്യ മേഖലയില്‍ സ്വദേശിവത്കരണം ശക്തമാക്കുന്നതിന്റെ ചുവടു പിടിച്ച് ഖത്തറും. സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണത്തിനുള്ള കരട് നിയമത്തിന് ഇന്നലെ ഖത്തര്‍ മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതോടെ തൊഴില്‍ മേഖലയിലെ ചര്‍ച്ചകളും സജീവമായിരിക്കുകയാണ്.
തൊഴില്‍ മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ക്കാണ് ഖത്തര്‍ മന്ത്രിസഭ കഴിഞ്ഞ ദിവസം അംഗീകാരം നല്‍കിയിരിക്കുന്നത്. പ്രധാനമന്ത്രി ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അല്‍താനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് സുപ്രധാനമായ മാറ്റങ്ങള്‍ക്കും പരിഷ്‌കാരങ്ങള്‍ക്കും വഴി വച്ചേക്കാവുന്ന ഈ പുതിയ തീരുമാനമെടുത്തിരിക്കുന്നത്.
ഖത്തറിലെ സ്വകാര്യമേഖലയിലെ ചില തൊഴിലുകളാണ് സ്വദേശികള്‍ക്കായി പരിമിതപ്പെടുത്തുകയെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്. ഇതിന്റെ ഭാഗമായി ഓരോ മേഖലയിലും നടപ്പാക്കേണ്ട സ്വദേശിവത്കരണത്തിന്റെ അളവ് മൂന്‍കൂട്ടി നിശ്ചയിക്കും.
സ്വദേശിവത്കരണം നടപ്പാക്കുന്ന കമ്പനികള്‍ക്ക് നല്‍കേണ്ട ആനുകൂല്യങ്ങള്‍, ഖത്തറി പൗരന്‍മാര്‍ക്ക് നല്‍കേണ്ട വേതനത്തെ കുറിച്ചുമെല്ലാം നിയമത്തില്‍ കൃത്യമായി വിശദീകരിക്കുന്നുണ്ട്. ജിസിസിയിലെ പ്രമുഖ രാജ്യങ്ങളായ സൗദിയിലും യുഎഇയിലുമെല്ലാം സ്വകാര്യമേഖലയിലെ സ്വദേശിവത്കരണം ശക്തമായി മുന്നോട്ടു പോവുകയാണ്. യുഎഇയില്‍ അന്‍പതോ അതില്‍ കൂടുതലോ തൊഴിലാളികളുള്ള സ്വകാര്യ കമ്പനികളാണ് മൊത്തം തൊഴിലാളികളുടെ എണ്ണത്തിന്റെ രണ്ട് ശതമാനം സ്വദേശികളെ നിയമിക്കേണ്ടത്.
നടപടി ഓരോ ആറുമാസവും നിരീക്ഷിച്ച് ലക്ഷ്യം പൂര്‍ത്തിയാക്കാത്തവര്‍ക്ക് പിഴ ഈടാക്കും. ജൂലൈയില്‍ തന്നെ നടപടികള്‍ ആരംഭിക്കും. നിയമിക്കാത്ത ഓരോ പൗരനും 7000 ദിര്‍ഹം വീതമാണ് യുഎഇ പിഴ നിശ്ചയിച്ചിരിക്കുന്നത്. വരും വര്‍ഷങ്ങളില്‍ തോത് വര്‍ധിപ്പിക്കും.