image

1 March 2023 10:00 AM GMT

NRI

മാര്‍ച്ചില്‍ യുഎഇയില്‍ പെട്രോള്‍ വിലയില്‍ വര്‍ധനവ്, ഡീസല്‍ വില കുറയും

Gulf Bureau

uae petrol price hike march
X

Summary

  • ഫെബ്രുവരിയില്‍ രണ്ട് ദിര്‍ഹം 93 ഫില്‍സ് വിലയുണ്ടായിരുന്ന സ്പെഷ്യല്‍ പെട്രോളിന് രണ്ട് ദിര്‍ഹം 97 ഫില്‍സാണ് ഈ മാസം നല്‍കേണ്ടി വരിക


മാര്‍ച്ച് മാസം ആരംഭിച്ചതോടെ പുതിയ ഇന്ധന വിലകള്‍ പ്രഖ്യാപിച്ച് യുഎഇ. ഈ മാസം രാജ്യത്തെ പെട്രോള്‍ വിലയില്‍ വര്‍ധനവുണ്ടാകും. അതേ സമയം തന്നെ ഡീസല്‍ വിലയില്‍ കുറവുണ്ടാകുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഈ മാസം ഒരു ലിറ്റര്‍ പെട്രോളിന് നാല് ഫില്‍സ് ആണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഡീസല്‍ വിലയില്‍ കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് 24 ഫില്‍സ് കുറക്കുകയും ചെയ്തു.

യുഎഇ ഊര്‍ജമന്ത്രാലയമാണ് കഴിഞ്ഞ ദിവസം മാര്‍ച്ച് മാസത്തെ പുതുക്കിയ ഇന്ധനവില പ്രഖ്യാപിച്ചത്. പുതിയ നിരക്കില്‍ സൂപ്പര്‍ പെട്രോളിന്റെ വില കഴിഞ്ഞ മാസത്തെ വിലയായ മൂന്ന് ദിര്‍ഹം അഞ്ച് ഫില്‍സില്‍ നിന്ന് മൂന്ന് ദിര്‍ഹം ഒമ്പത് ഫില്‍സായാണ് വര്‍ധിച്ചിരിക്കുന്നത്.

ഫെബ്രുവരിയില്‍ രണ്ട് ദിര്‍ഹം 93 ഫില്‍സ് വിലയുണ്ടായിരുന്ന സ്പെഷ്യല്‍ പെട്രോളിന് രണ്ട് ദിര്‍ഹം 97 ഫില്‍സാണ് ഈ മാസം നല്‍കേണ്ടി വരിക. ഫെബ്രുവരിയില്‍ രണ്ട് ദിര്‍ഹം 86 ഫില്‍സായിരുന്ന ഇപ്ലസ് പെട്രോളിന്റെ വില ഈ മാസം രണ്ട് ദിര്‍ഹം 90 ഫില്‍സായും വര്‍ധിച്ചിട്ടുണ്ട്.

എന്നാല്‍ ഡീസല്‍ വില 24 ഫില്‍സ് കുറയുമ്പോള്‍ കഴിഞ്ഞ മാസം ലിറ്ററിന് മൂന്ന് ദിര്‍ഹം 38 ഫില്‍സ് നല്‍കേണ്ടിയിരുന്നിടത്ത് ഇനി മൂന്ന് ദിര്‍ഹം 14 ഫില്‍സ് നല്‍കിയാല്‍ മതിയാകുമെന്നും മന്ത്രാലയം അറിയിക്കുന്നു.

യുഎഇ ഊര്‍ജമന്ത്രാലയം രാജ്യത്തെ ഇന്ധനവില ഓരോ മാസവും പുതുക്കി നിശ്ചയിക്കാറുണ്ട്. അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ വിലക്ക് അനുസൃതമായാണ് ഓരോ മാസത്തേയും വിലയിലെ മാറ്റങ്ങള്‍ തീരുമാനിക്കുന്നത്. ഡീസല്‍ വില കുറയുന്നതോടെ അവശ്യസാധനങ്ങളുടെ വിലയിലും നേരിയ മാറ്റങ്ങള്‍ കൊണ്ടു വരാന്‍ കാരണമായേക്കുമെന്നാണ് വിദഗ്ധരുടെ കണക്കുകൂട്ടല്‍.