23 Feb 2023 6:00 AM GMT
Summary
- കൂടുതല്‍ യാത്രക്കാരെത്തിയത് ഇന്ത്യയില്‍ നിന്ന്
ലോകമാകെ കോവിഡിനോടനുബന്ധിച്ച് കൊട്ടി അടച്ചപ്പോള്‍, നേരിട്ട സാമ്പത്തിക പ്രതിസന്ധി തിരിച്ചുപിടിക്കുകയാണ് നിലവില്‍ ദുബായ്. കോവിഡിന് ശേഷമുള്ള വിമാനയാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവ് വന്നതോടെയാണ് ദുബായ് നഷ്ടപ്പെട്ട സാമ്പത്തിക നേട്ടം തിരിച്ചുപിടിക്കുന്നതായി അധികൃതര്‍ വ്യക്തമാക്കുന്നത്.
കഴിഞ്ഞ വര്‍ഷം ദുബായ് വിമാനത്താവളം വഴി 6.6 കോടി യാത്രക്കാരാണ് സഞ്ചരിച്ചതായി കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. ഇതില്‍ ഇന്ത്യയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ യാത്രക്കാരെന്നതാണ് പ്രധാന സവിശേഷത. മുന്‍വര്‍ഷത്തെ യാത്രക്കാരുടെ എണ്ണത്തെ അപേക്ഷിച്ച് 127 ശതമാനം വര്‍ധനവാണുണ്ടായിരിക്കുന്നതെന്ന് ദുബായ് വിമാനത്താവളം അതോറിറ്റി വ്യക്തമാക്കി.
പുതിയ കണക്കുകളുടെ പിന്‍ബലത്തില്‍ ഈ വര്‍ഷവും 7.8 കോടി യാത്രക്കാരെയാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. ഈ കണക്കുകളോടെ ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയ വിമാനത്താവളം എന്ന റെക്കോര്‍ഡ് ദുബായ് വിമാനത്താവളം നിലനിലനിര്‍ത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
2021ന്റെ അവസാനം മുതല്‍ തന്നെ യാത്രക്കാരുടെ എണ്ണത്തില്‍ ഗണ്യമായി വര്‍ധനവ് ആരംഭിച്ചിരുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിച്ചിരുന്നത്. എന്നാല്‍, 2021ന്റെ അവസാന പാദത്തിന് ശേഷം വലിയൊരു കുതിച്ചുചാട്ടമാണ് ഉണ്ടായിരിക്കുന്നത്. അവസാന പാദത്തെ അപേക്ഷിച്ച് 67 ശതമാനം വര്‍ധനവാണ് കഴിഞ്ഞ വര്‍ഷം ഉണ്ടായിരിക്കുന്നത്.
ഇന്ത്യന്‍ സെക്ടറുകളിലൂടെയുള്ള മിക്ക വിമാനങ്ങളിലും വലിയ തിരക്കാണ് നിലവില്‍ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. മാത്രമല്ല, ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കാനായി യുഎഇ വിമാനക്കമ്പനികള്‍ ഇന്ത്യയെ സമീപിച്ചിട്ടുണ്ട്. എങ്കിലും ഇതില്‍ അനുകൂലമായ സമീപനം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.