15 Feb 2023 7:15 AM GMT
Summary
- ആശുപത്രികള്‍, ക്ലിനിക്കുകള്‍, ലബോറട്ടറികള്‍ എന്നിവയടക്കമുള്ള മുഴുവന്‍ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങള്‍ക്കും പുതിയ ചട്ടം ബാധകമായിരിക്കും
സ്വകാര്യ ആരോഗ്യസ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശം സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്താനൊരുങ്ങി സൗദി അറേബ്യ. പുതിയ പ്രഖ്യാപനപ്രകാരം സ്വകാര്യമേഖലയിലുള്ള മുഴുവന്‍ ആരോഗ്യ സ്ഥാപനങ്ങളുടെയും ഉടമസ്ഥതയും മേല്‍നോട്ടവുമെല്ലാം ഇനി മുതല്‍ സ്വദേശികള്‍ക്ക് മാത്രമായിരിക്കുമെന്നാണ് വിലയിരുത്തല്‍.
ആശുപത്രികള്‍, ക്ലിനിക്കുകള്‍, ലബോറട്ടറികള്‍ എന്നിവയടക്കമുള്ള മുഴുവന്‍ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങള്‍ക്കും പുതിയ ചട്ടം ബാധകമായിരിക്കും. ഇതുമായി ബന്ധപ്പെട്ട നിയമ ഭേദഗതികള്‍ക്ക് കഴിഞ്ഞ ദിവസമാണ് മന്ത്രിമാരുടെ കൗണ്‍സില്‍ അംഗീകാരം നല്‍കിയത്.
സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളെ സംബന്ധിച്ചുള്ള നിയമത്തില്‍ തന്നെ വരുത്തിയ പുതിയ ഭേദഗതികള്‍ പ്രകാരമാണ് സ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശവും മേല്‍നോട്ട ചുമതലയും സൗദി പൗരന്‍മാര്‍ക്ക് മാത്രമാക്കി പരിമിതപ്പെടത്താനുള്ള തീരുമാനം വന്നിരിക്കുന്നത്.
സ്വകാര്യ വ്യക്തികള്‍ക്കു കീഴിലെ റേഡിയോളജി സെന്ററുകള്‍, ശസ്ത്രക്രിയാ കേന്ദ്രങ്ങള്‍, മെഡിക്കല്‍ കോംപ്ലക്‌സുകള്‍, ലബോറട്ടറികള്‍, ആശുപത്രികള്‍, ക്ലിനിക്കുകള്‍ എന്നിവയുള്‍പ്പെടെയുള്ള സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളെല്ലാം പുതിയ മാറ്റം അംഗീകരിക്കണം. എന്നാല്‍ അന്താരാഷ്ട്ര ആരോഗ്യ കേന്ദ്രങ്ങള്‍ക്കും ആശുപത്രികള്‍ക്കും അവയുടെ ശാഖകള്‍ക്കും ഇതില്‍ ഇളവുകളുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല, നിലവില്‍ രാജ്യത്ത് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന സ്ഥാപനങ്ങള്‍ക്കും, വിദേശ നിക്ഷേപമുള്ള വലിയ കമ്പനികള്‍ക്കും പുതിയ ചട്ടങ്ങളും മാറ്റങ്ങളും ബാധകമായിരിക്കില്ല.
പുതിയ മാറ്റങ്ങള്‍ നടപ്പിലാക്കുന്ന രീതിയിലും വത്യാസമുണ്ട്. വിവിധ ഇനത്തില്‍പെട്ട സ്ഥാപനങ്ങള്‍ക്ക് പ്രത്യേകം പ്രത്യേകമായാണ് നിബന്ധനകള്‍ ഉണ്ടായിരിക്കുക. പുതിയ പ്രഖ്യാപനമനുസരിച്ച് സ്ഥാപന ഉടമസ്ഥാവകാശമുള്ള സ്വദേശി അതത് മേഖലയില്‍ വൈദഗ്ധ്യമുള്ള ഡോക്ടറോ പ്രൊഫഷണലോ ആയിരിക്കണമെന്നും നിബന്ധനയുണ്ട്. അതിനു പുറമേ ആ വ്യക്തി അതേ സ്ഥാപനത്തില്‍ മുഴുവന്‍ സമയ മേല്‍നോട്ടവും ഉത്തരവാദിത്വവും വഹിക്കുന്ന ആളായിരിക്കണമെന്നും വ്യവസ്ഥയുണ്ട്.
എങ്കിലും, നിര്‍ദ്ദിഷ്ട ചട്ടങ്ങളില്‍ ഏതെങ്കിലും ഒന്ന് നിറവേറ്റാന്‍ സാധിക്കാതെ വന്നാല്‍ വ്യവസ്ഥകള്‍ക്കനുസൃതമായി മാത്രം ഒരു വിദേശിയെ സ്ഥാപനത്തിന്റെ മേല്‍നോട്ടക്കാരനായി നിയമിക്കാമെന്നും വ്യവസ്ഥയില്‍ വ്യക്തമാക്കുന്നുണ്ട്.