24 Jan 2023 11:45 AM
Summary
- ലോകരാജ്യങ്ങള്‍ക്കിടയിലെ ഏറ്റവും മനോഹര രാജ്യങ്ങളുടെ ഘണത്തില്‍ ഇടം പിടിച്ചിരിക്കുകയാണ് ഒമാന്‍
ജിസിസി രാജ്യങ്ങള്‍ക്കിടയില്‍ വ്യത്യസ്ഥമായ കാലാവസ്ഥകൊണ്ടും ഭൂപ്രകൃതി കൊണ്ടും കേരളത്തോട് ഏറെ സാദൃശ്യമുള്ള ഒമാന് മറ്റൊരു നേട്ടം കൂടി. ലോകരാജ്യങ്ങള്‍ക്കിടയിലെ ഏറ്റവും മനോഹര രാജ്യങ്ങളുടെ ഘണത്തില്‍ ഇടം പിടിച്ചിരിക്കുകയാണ് ഒമാന്‍.
യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡിസൈന്‍ ആന്‍ഡ് ലൈഫ്‌സ്‌റ്റൈല്‍ മാസിക 'വെറണ്ട'യാണ് ഈ വിഭാഗത്തില്‍ 18 രാജ്യങ്ങളുടെ പട്ടിക തയാറാക്കിയിരിക്കുന്നത്. ഏറ്റവും മനോഹര രാജ്യങ്ങളുടെ പട്ടികയില്‍ മാലിദ്വീപ് ആണ് ഒന്നാം സ്ഥാനം നേടിയിരിക്കുന്നത്. കോസ്റ്ററിക്കയ്ക്ക് രണ്ടാം സ്ഥാനം ലഭിച്ചപ്പോള്‍ താന്‍സനിയ മൂന്നാമതെത്തി.
അമേരിക്ക, പെറു, ജപ്പാന്‍, ഐസ്ലന്‍ഡ്, കെനിയ, തായ്‌ലന്‍ഡ്, നമീബിയ എന്നിവയാണ് ആദ്യ പത്തില്‍ ഇടം പിടിച്ച മറ്റു ഏഴു രാജ്യങ്ങള്‍. ഗീസ്, ന്യൂസിലാന്‍ഡ്, ചിലി, ഇറ്റലി, വിയറ്റ്‌നാം, സ്വിറ്റ്‌സര്‍ലന്‍ഡ്, കാനഡ, ഒമാന്‍ എന്നിവയാണ് മറ്റു എട്ട് രാജ്യങ്ങള്‍. പട്ടികയില്‍ ഒമാനാണ് പതിനെട്ടാമത്. ജി.സി.സിയില്‍ തന്നെ ഒമാന്‍ മാത്രമാണ് പട്ടികയില്‍ ഉള്‍പെട്ടത്.
ഒമാനിലെ പരമ്പരാഗത രീതികളെയും സംസ്‌കാരത്തേയുമെല്ലാം പരിഗണിച്ചാണ് മാഗസിന്‍ ഒമാനെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സുല്‍ത്താന്‍ ഖാബൂസ് ഗ്രാന്‍ഡ് മോസ്‌ക്ക്, പരമ്പരാഗത ഒമാനി-അറേബ്യന്‍ പാചകരീതി എന്നിവയെല്ലാം പരിഗണിച്ചിട്ടുണ്ട്.
ഉയര്‍ന്ന പര്‍വതനിരകളും വെള്ളമണല്‍ നിറഞ്ഞ സുന്ദരതീരപ്രദേശങ്ങളും മുതല്‍ പൈതൃക-ആധുനിക നഗര കേന്ദ്രങ്ങള്‍ വരെയുള്ള അതിശയകരമായ സ്ഥലമായാണ് ഒമാനെ പട്ടികയില്‍ വിശേഷിപ്പിക്കുന്നത്. മനോഹരമായ പര്‍വതനിരകളും വെള്ളച്ചാട്ടങ്ങളും താഴ് വാരങ്ങളുമെല്ലാം രാജ്യത്തിന്റെ പ്രകൃതി സൗന്ദര്യത്തെ സ്വാധീനിച്ച ഘടകങ്ങളായി പരിഗണിച്ചിട്ടുണ്ട്.