image

1 March 2023 8:30 AM GMT

NRI

ഒമാനിലെ പ്രവാസി നിക്ഷേപകരുടെ വാണിജ്യ രജിസ്ട്രേഷന്‍ കുറക്കുന്നു

Gulf Bureau

Oman
X

Summary

  • ഒമാന്‍ വിഷന്‍ 2040ന്റെ ലക്ഷ്യം നേടുന്നതിന്റെ ഭാഗമായാണ് ഈ പുതിയ നടപടി സ്വീകരിക്കുന്നത്


പ്രവാസി നിക്ഷേപകരുടെ വാണിജ്യ രജിസ്ട്രേഷന്‍ കുറക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഒമാന്‍ മന്ത്രിസഭ. ഇത് നടപ്പിലാകുന്നതോടെ വിദേശത്തുനിന്നുള്ള പ്രവാസി നിക്ഷേപകരും ഒമാനി സ്വദേശി നിക്ഷേപകരെ പോലെ തന്നെ പരിഗണിക്കപ്പെടാനുള്ള സാധ്യതയാണ് തെളിയുന്നത്. എങ്കിലും ഇതുമായി ബന്ധപ്പെട്ട അധികാരികള്‍ നിശ്ചയിച്ച് നല്‍കുന്ന നിയന്ത്രണങ്ങള്‍ക്കനുസൃതമായിരിക്കും വാണിജ്യ രജിസ്ട്രേഷന്‍ ഫീസ് കുറക്കുക.

ഒമാന്‍ വിഷന്‍ 2040ന്റെ ലക്ഷ്യം നേടുന്നതിന്റെ ഭാഗമായാണ് ഈ പുതിയ നടപടി സ്വീകരിക്കുന്നത്. മന്ത്രിസഭ യോഗത്തില്‍, വിദ്യാഭ്യാസ മേഖലയില്‍ പുരോഗതിയും വികസനവും ആവശ്യമാണെന്ന് സുല്‍ത്താന്‍ ബിന്‍ ഹൈതം താരിഖ് മന്ത്രിമാരോട് പറഞ്ഞു.

ഇതിനായി തൊഴില്‍, സാങ്കേതിക വിദ്യാഭ്യാസ രീതികളെല്ലാം കൃത്യമായി നടപ്പാക്കണം. 11, 13 ക്ലാസുകളിലെ കുട്ടികളെ തൊഴില്‍ സങ്കേതികാധിഷ്ടിത വിദ്യാഭ്യാസ രീതികളിലേക്ക് വഴി തിരിച്ചുവിടണം. എന്‍ജിനീയറിങ്, വ്യവസായ വൈദഗ്ധ്യം തുടങ്ങിയ മേഖലകളെ ഉള്‍പ്പെടുത്തി അടുത്ത വര്‍ഷം മുതല്‍ വിദ്യാഭ്യാസ പദ്ധതിയില്‍ മാറ്റം വരുത്തണമെന്നും സുല്‍ത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

വര്‍ഷം തോറും ഫെബ്രുവരി 24ന് ഒമാന്‍ അധ്യാപക ദിനമായി ആഘോഷിക്കാനും മന്ത്രിസഭ യോഗം തീരുമാനിച്ചിട്ടുണ്ട്. ഈ ദിവസം ഒമാനിലെ എല്ലാ അധ്യാപകര്‍ക്കും പൊതുഅവധി നല്‍കും. ഒമാന്‍ സാമ്പത്തിക വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കും. ഇതു വഴി ഇറക്കുമതി കുറക്കാനും കയറ്റുമതി വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്താനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.