3 Jan 2023 6:45 AM
Summary
- പൊതു ബജറ്റിന് ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ തരിഖ് കഴിഞ്ഞ ദിവസം അംഗീകാരം നല്‍കി
ഈ വര്‍ഷത്തെ പൊതു ബജറ്റ് അവതരിപ്പിച്ച് ഒമാന്‍. 1.3 മില്യണ്‍ റിയാല്‍ കമ്മി പ്രതീക്ഷിക്കുന്ന പൊതു ബജറ്റിന് ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ തരിഖ് കഴിഞ്ഞ ദിവസം അംഗീകാരം നല്‍കി.
12.950 ശതകോടി റിയാലിന്റെ പൊതു ചെലവാണ് നടപ്പുവര്‍ഷത്തില്‍ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ പൊതുബജറ്റ് ചെലവിനെ അപേക്ഷിച്ച് ഏഴ് ശതമാനം കൂടുതലാണ് നടപ്പുവര്‍ഷത്തെ ചെലവ്. ഈ വര്‍ഷം 11.650 മില്യണ്‍ റിയാലിന്റെ വരുമാനമാണ് പ്രതീക്ഷിക്കുന്നത്.
പൊതു ബജറ്റില്‍ വിദ്യാഭ്യാസ മേഖലയ്ക്കാണ് കൂടുതല്‍ മുന്‍തൂക്കവും പരിഗണനയും നല്‍കിയിരിക്കുന്നത്. ഏറ്റവും വലിയ തുകയും വകയിരുത്തിയിരിക്കുന്നത് വിദ്യാഭ്യാസ മേഖലയ്ക്ക് തന്നെയാണ്.
വിവിധ ഗവര്‍ണറേറ്റുകളിലായി 15 സ്‌കൂളുകളാണ് പുതുതായി നിര്‍മിക്കാനിരിക്കുന്നതെന്നാണ് ബജറ്റില്‍ പറയുന്നത്. കൂടാതെ രാജ്യത്തുടനീളം നിരവധി ആരോഗ്യ കേന്ദ്രങ്ങള്‍ സ്ഥാപിക്കാനും തുക വകയിരുത്തിയിട്ടുണ്ട്.
പൊതു സൗകര്യ വികസനത്തിന്റെ ഭാഗമായി റോഡുകള്‍ ഇരട്ടിപ്പിക്കല്‍, നാച്യുറല്‍ പാര്‍ക്കുകള്‍ വികസിപ്പിക്കല്‍, ഡാം നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍, മഹൂത്ത് വിലായത്തില്‍ മത്സ്യ ബന്ധന തുറമുഖം സ്ഥാപിക്കല്‍ എന്നിങ്ങനെയും വിവിധ മേഖലകള്‍ക്കായി ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്.
രാജ്യത്തെ ബിസിനസ് അനുകൂല അന്തരീക്ഷം വികസിപ്പിക്കാനായി പുതിയ 35 നിയമങ്ങളും നടപ്പാക്കാന്‍ പദ്ധതിയുണ്ട്. ഇവയ്ക്കെല്ലാം പുറമേ, പ്രകൃത വാതക മേഖല പൂര്‍ണ്ണമായി നിയന്ത്രിക്കുന്നതിനായി ഇന്റഗ്രേറ്റട് ഗ്യാസ് കമ്പനി സ്ഥാപിക്കുന്നതും സര്‍ക്കാരിന്റെ പരിഗണനയിലുള്ള കാര്യമാണ്.