പ്രവാസം അവസാനിപ്പിച്ച് എത്തുന്ന എന്‍ ആര്‍ ഐകള്‍ക്കിടയിലുള്ള സംശയമാണ് അവരുടെ എന്‍ ആര്‍ ഇ എഫ്ഡിയുമായി ബന്ധപ്പെട്ടുണ്ടാകുന്ന...
പ്രവാസം അവസാനിപ്പിച്ച് എത്തുന്ന എന്‍ ആര്‍ ഐകള്‍ക്കിടയിലുള്ള സംശയമാണ് അവരുടെ എന്‍ ആര്‍ ഇ എഫ്ഡിയുമായി ബന്ധപ്പെട്ടുണ്ടാകുന്ന മാറ്റങ്ങള്‍ എന്തൊക്കയാണ് എന്നത്. എന്‍ ആര്‍ ഐ സ്റ്റാറ്റസ് ഇല്ലാതാകുന്നതോടെ എന്‍ ആര്‍ ഐ, എന്‍ ആര്‍ ഇ അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യുകയോ റെസിഡന്റ് അക്കൗണ്ടുകളായി മാറ്റുകയോ വേണം എന്നാണ് ഫെമ ചട്ടം. എന്നാല്‍ എഫ് സി എന്‍ ആര്‍ അക്കൗണ്ടുകളുടെ കാലാവധി പൂര്‍ത്തിയാകുന്നത് വരെ ഇവ കൈവശം വയ്ക്കാം. ആദായ നികുതി നിയമപ്രകാരം എന്‍ ആര്‍ ഇ എഫ്ഡികള്‍ക്ക് പ്രത്യേക പരിഗണനകള്‍ ലഭിക്കുന്നുണ്ട്. നിങ്ങള്‍ ഒരു എന്‍ ആര്‍ ഐ എഫ്ഡി കൈവശം വെക്കുകയും, നിലവില്‍ എന്‍ ആര്‍ ഐ സ്റ്റാറ്റസുമുള്ള വ്യക്തിയാണെങ്കില്‍ ആദായ നികുതി നിയമപ്രകാരം ഇത്തരം എഫ്ഡിയ്ക്ക് ലഭിക്കുന്ന പലിശയ്ക്ക് നികുതി അടയ്‌ക്കേണ്ടതില്ല.
നിങ്ങള്‍ ഒരു എന്‍ ആര്‍ ഐ അല്ലാതാകുന്ന വേളയില്‍ ചെയ്യേണ്ട കാര്യങ്ങള്‍:
പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തി വൈകാതെ തന്നെ നിങ്ങളുടെ എന്‍ ആര്‍ ഇ, എന്‍ ആര്‍ ഒ അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യുന്നതാണ് ഉത്തമം. എന്‍ ആര്‍ ഇ എഫ്ഡി റെസിഡന്റ് എഫ്ഡിയാക്കി മാറ്റുക. നാട്ടില്‍ വന്ന ശേഷം ഇത്തരം അക്കൗണ്ടിലേക്ക് വരുന്ന പലിശയ്ക്ക് നികുതി അടയ്‌ക്കേണ്ടതുണ്ട്. എന്നാല്‍ എഫ് സി എന്‍ ആര്‍ നിക്ഷേപങ്ങള്‍ കാലാവധി പൂര്‍ത്തിയാക്കുന്നത് വരെ കൈവശം വയ്ക്കാം. മാത്രമല്ല ഇത്തരം നിക്ഷേപം നടത്തിയപ്പോഴുള്ള പലിശ തന്നെ തുടര്‍ന്നും ലഭിക്കും. ഉദാഹരണത്തിന് നിക്ഷേപം നടത്തിയപ്പോള്‍ 9% ആയിരുന്നു പലിശ എന്ന് കരുതുക. എന്നാല്‍ എന്‍ ആര്‍ ഐ സ്റ്റാറ്റസില്‍ നിന്നും മാറിയ കാലയളവില്‍ 5% ആയി പലിശ പുതുക്കി നിശ്ചയിച്ചാലും നിങ്ങളുടെ നിക്ഷേപത്തെ അത് ബാധിക്കില്ല. റെസിഡെന്റ് എഫ്ഡി (ബാക്ക് ഹോം ഇന്‍ ഇന്ത്യ) എന്ന വിഭാഗത്തിലാകും ഈ എഫ്ഡിയെ ബാങ്ക് അധികൃതര്‍ ഉള്‍പ്പെടുത്തുക. എഫ്ഡിയുടെ കാലാവധി പൂര്‍ത്തിയാകുന്ന വേളയിലാണ് പലിശയ്ക്ക് വരുന്ന നികുതി എത്രത്തോളമാണെന്ന് കണക്കാക്കുക.
പലിശയും, നികുതിയും: ഇവയോര്‍ക്കാം
എന്‍ ആര്‍ ഐ ആയിരുന്ന കാലയളവിന് ആനുപാതികമായുള്ള പലിശയ്ക്ക് നികുതി അടയ്‌ക്കേണ്ടതില്ല.
റെസിഡന്റ് എഫ്ഡിയായി മാറ്റിയ ശേഷം അക്കൗണ്ടിലേക്ക് എത്തുന്ന വാര്‍ഷിക പലിശ കണക്കാക്കിയാണ് പലിശ ഈടാക്കുക.
പലിശയായി ലഭിക്കുന്ന തുക പ്രതിവര്‍ഷ വരുമാനമായിട്ടാകും കണക്കാക്കുക.
പലിശയായി വരുന്ന തുകകള്‍ക്ക് നികുതി സ്ലാബും നിശ്ചയിച്ചിട്ടുണ്ട്.
ഓരോ വര്‍ഷവും ലഭിക്കുന്ന പലിശയുടെ വിശദാശംങ്ങളുള്ള ഇന്റ്ററസ്റ്റ് ഏണ്‍ഡ് സര്‍ട്ടിഫിക്കറ്റ് ഓരോ ബാങ്കും ലഭ്യമാക്കും. ഇത് ബാങ്കില്‍ നിന്നും വാങ്ങുക.
എഫ്ഡികള്‍ വഴി ലഭിക്കുന്ന പലിശ മൂലധന നേട്ട വിഭാഗത്തിന് കീഴില്‍ വരില്ല. അത് ആദായ നികുതി ചട്ടങ്ങളുടെ പരിധിയിലുള്ളവയാണ്.
പ്രവാസികളുടെ മടക്കവും, ആര്‍ എന്‍ ഒ ആര്‍ സ്റ്റാറ്റസും:
സ്ഥിരമായി പ്രവാസ ജീവിതം അവസാനിപ്പിച്ചാലും ആര്‍ എന്‍ ഒ ആര്‍ സ്റ്റാറ്റസ് ഉണ്ടെങ്കില്‍ പലിശയ്ക്ക് മേല്‍ വരുന്ന നികുതിയ്ക്ക് ഇളവുണ്ടാകുമോ എന്നത് പ്രധാന ചോദ്യമാണ്. ഇല്ല, അത്തരത്തിലുള്ള നികുതി ഇളവുകള്‍ റെസിഡന്റ് എഫ്ഡിയാക്കി മാറ്റിയ നിക്ഷേപങ്ങളില്‍ പ്രതീക്ഷിക്കണ്ട. ആര്‍ എന്‍ ഒ ആര്‍ സ്റ്റാറ്റസ് നിലനില്‍ക്കുന്ന വേളയില്‍ ഇന്ത്യയില്‍ നിന്ന് ലഭിക്കുന്ന ഏതൊരു വരുമാനത്തിനും (പലിശ ഉള്‍പ്പടെ) നികുതി സാധ്യതയുള്ളതാണ്. എന്നാല്‍ വരുമാനം വിദേശത്ത് നിന്നാണെങ്കില്‍ ആദായ നികുതി ബാധകമല്ല.
റെസിഡന്റ് എഫ്ഡിയായി മാറ്റാന്‍ കാലതാമസമുണ്ടായാല്‍ എന്ത് സംഭവിക്കും?
എന്‍ ആര്‍ ഐ സ്റ്റാറ്റസ് അവസാനിച്ചുവെന്ന് ബാങ്കിനെ കൃത്യമായി ധരിപ്പിക്കേണ്ടത് അക്കൗണ്ട് ഉടമയുടെ ഉത്തരവാദിത്വമാണ്. നാട്ടില്‍ മടങ്ങിയെത്തിയ ശേഷവും എന്‍ ആര്‍ ഇ എഫ്ഡി കൈവശം വെച്ചാല്‍ ഫെമ ചട്ടലംഘനമാണും ഓര്‍ക്കുക. കഠിനമായ പിഴത്തുകയാണ് ഇത്തരം ചട്ടലംഘനങ്ങള്‍ക്ക് ഈടാക്കുക. ബാങ്ക് അധികൃതരില്‍ നിന്നോ ചാര്‍ട്ടേഡ് അക്കൗണ്ടന്റില്‍ നിന്നോ അഭിപ്രായം തേടുന്നതും ഉത്തമമാണ്.