6 Aug 2023 5:00 AM GMT
Summary
- കൊച്ചിന്‍ ഷിപ്‌യാര്‍ഡ്, വാട്ടര്‍ മെട്രൊ എന്നിവ യാത്രയുടെ ഭാഗം
- യാത്രാസംഘത്തിനായി ഓണാഘോഷ പരിപാടിയും
- ഇന്ത്യന്‍ വേരുകളുള്ള അറുപതോളം യുവതീ-യുവാക്കളാണ് എത്തുന്നത്
കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഇന്ത്യയെ അറിയുക (നോ ഇന്ത്യ പ്രോഗ്രാം-കിപ്) പരിപാടിയുടെ 66-ാമത് പതിപ്പിന് ഓഗസ്റ്റ് ഏഴിന് തുടക്കമാകും. പരിപാടിയുടെ ഭാഗമായി വിദേശരാജ്യങ്ങളിലെ ഇന്ത്യന്‍ വംശജരായ പ്രവാസി യുവാക്കളും വിദ്യാര്‍ത്ഥികളും ഓഗസ്റ്റ് 07 മുതല്‍ 13 വരെ കേരളം സന്ദര്‍ശിക്കും.
സംസ്ഥാന സര്‍ക്കാരിനു വേണ്ടി നോര്‍ക്ക റൂട്ട്‌സിന്റെ നേതൃത്തിലാണ് സന്ദര്‍ശന പരിപാടി ആസൂതണം ചെയ്‌തിട്ടുള്ളത്. ഓഗസ്‌റ്റ് ആറിന് വൈകുന്നേരം കൊച്ചി വിമാനത്താവളത്തിലെത്തുന്ന സംഘം ഏഴു മുതല്‍ എറണാകുളം, തൃശ്ശൂര്‍, കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് സന്ദര്‍ശനം നടത്തുക.
ഫിജി, ഗയാന, മലേഷ്യ, ഫ്രാന്‍സ്, ഇസ്രായേല്‍, സൗത്ത് ആഫ്രിക്ക, ജമൈക്ക, കെനിയ, മൗറീഷ്യസ്, മ്യാന്‍മാര്‍,ന്യൂസിലാന്റ്, സറിനെയിം, ട്രിനിഡാഡ് ആന്റ് ടുബാഗോ, സിംബാംബേ, ബെല്‍ജിയം, ന്യൂസിലാന്‍ഡ് തുടങ്ങിയ വിവിധ രാജ്യങ്ങളില്‍ നിന്നുളള അറുപതോളം യുവതീ-യുവാക്കളാണ് കേരളത്തിലെത്തുന്നത്.കേന്ദ്ര വിദേശകാര്യ മന്ത്രാലയ പ്രതിനിധികള്‍, സംസ്ഥാന സര്‍ക്കാ, നോര്‍ക്ക റൂട്ട്‌സ് പ്രതിനിധികള്‍ തുടങ്ങിയവര്‍ യാത്രയെ അനുഗമിക്കും.
എന്താണ് കിപ്?
ഇന്ത്യന്‍ വംശജരായ പ്രവാസി യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍മായി നടത്തുന്ന മൂന്നാഴ്‌ചത്തെ ഓറിയന്റേഷന്‍ പ്രോഗ്രാമാണ് നോ ഇന്ത്യാ പ്രോഗ്രാം (കിപ്). ഇന്ത്യന്‍ ജീവിതത്തിന്റെ വിവിധ മുഖങ്ങളെയും വിവിധ മേഖലകളില്‍ രാജ്യം കൈവരിച്ച പുരോഗതിയെയും കുറിച്ച് അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് യാത്ര സംഘടിപ്പിക്കുന്നത്.
സാമ്പത്തികം, വ്യാവസായികം, വിദ്യാഭ്യാസം, ശാസ്‌ത്രവും സാങ്കേതികവിദ്യയും, ആശയവിനിമയവും വിവര സാങ്കേതിക വിദ്യയും തുടങ്ങിയ രംഗങ്ങളില്‍ രാജ്യം കൈവരിച്ച പുരോഗതി പ്രവാസി യുവാക്കള്‍ യാത്രയിലൂടെ നേരിട്ടറിയും. ഇന്ത്യന്‍ വംശജരായ വിദ്യാര്‍ത്ഥികള്‍ക്കും യുവ പ്രൊഫഷണലുകള്‍ക്കും ഇന്ത്യ സന്ദര്‍ശിക്കാനും അവരുടെ കാഴ്‌ചപ്പാടുകളും പ്രതീക്ഷകളും അനുഭവങ്ങളും പങ്കുവെക്കാനും സമകാലിക ഇന്ത്യയുമായി അടുത്ത ബന്ധം വളര്‍ത്തിയെടുക്കാനും പരിപാടി അവസരമൊരുക്കും.
കൊച്ചിന്‍ ഷിപ് യാര്‍ഡ്, വാട്ടര്‍ മെട്രൊ, മുസിരിസ് പ്രദേശങ്ങള്‍, കലാമണ്ഡലം, കുമരകം പക്ഷി സങ്കേതം തുടങ്ങിയവയും മറ്റ് സാമൂഹിക രാഷ്ട്രീയ പ്രാധാന്യമുള്ള സ്ഥലങ്ങളും സന്ദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. യാത്രാ സംഘത്തിനായി ചിന്മയ വിശ്വവിദ്യാപീഠം യൂണിവേഴ്‌സിറ്റിയില്‍ ഓണാഘോഷ പരിപാടിയും സംഘടിപ്പിക്കുന്നുണ്ട്. ആലപ്പുഴയില്‍ 12 ന് നടക്കുന്ന നെഹ്‌റു ട്രോഫി വളളം കളിയും ആസ്വദിച്ച ശേഷം സംഘം 13-ന് ഡല്‍ഹിക്ക് തിരികെ മടങ്ങും.