23 March 2023 9:30 AM GMT
Summary
- ഫെബ്രുവരിയില്‍ മാത്രം തന്നെ സൗദിയിലെ അവശ്യ സാധനങ്ങള്‍ക്കും സര്‍വീസുകള്‍ക്കുമെല്ലാം അമിത നിരക്കാണ് രേഖപ്പെടുത്തിയതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
റമദാന്‍ ആയതോടെ സൗദി അറേബ്യയില്‍ ഭക്ഷ്യ ഉത്പന്നങ്ങള്‍ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ക്ക് വിലവര്‍ധനവ് തുടരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ മാത്രം നൂറിലധികം ഉത്പന്നങ്ങള്‍ക്കാണ് സൗദി അറേബ്യയില്‍ വിലവര്‍ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഗസ്റ്റാറ്റിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് പുതിയ കണ്ടെത്തല്‍.
റമദാനില്‍ അവശ്യസാധനങ്ങള്‍ക്ക് വരെ വില വര്‍ധിപ്പിക്കുന്നതും പതിവാണ്. ഇതിന് തടയിടുന്നതിന്റെ ഭാഗമായി ഷോപ്പിങ് മാളുകളുമായി പരസ്പരം സഹകരിച്ച് മന്ത്രാലയം പ്രത്യേക വിലക്കിഴിവ് പദ്ധതികളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്.
ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് ഗസ്റ്റാറ്റാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ഫെബ്രുവരിയില്‍ മാത്രം തന്നെ സൗദിയിലെ അവശ്യ സാധനങ്ങള്‍ക്കും സര്‍വീസുകള്‍ക്കുമെല്ലാം അമിത നിരക്കാണ് രേഖപ്പെടുത്തിയതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
പട്ടികയിലുള്ള ആകെ 150 ലേറെ വരുന്ന അവശ്യ ഭക്ഷ്യവസ്തുക്കളിലെ 111 ഉത്പന്നങ്ങള്‍ക്കും വില വര്‍ധനവ് സംഭവിച്ചിട്ടുണ്ട്. എന്നാല്‍ ചില ഉത്പന്നങ്ങളുടെ വിലയില്‍ നേരിയ കുറവും രേഖപ്പെടുത്തിയതായി ഗസ്റ്റാറ്റ് റിപ്പോര്‍ട്ട് പറയുന്നുണ്ട്.
ഡിറ്റര്‍ജന്റ്, വസ്ത്രങ്ങള്‍, യോഗര്‍ട്ട്, ഫ്രോസണ്‍ ചിക്കന്‍ എന്നിവയെല്ലാം വില വര്‍ധിച്ച വസ്തുക്കളാണ്. ഏലക്ക, പച്ചക്കറി, കെട്ടിട നിര്‍മ്മാണ വസ്തുക്കള്‍ എന്നിവയടങ്ങുന്ന ചില ഉത്പന്നങ്ങളിലാണ് വിലക്കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഇതെല്ലാം മുന്നില്‍ക്കണ്ടാണ് റമാദാനിന് മുന്നോടിയായി തന്നെ രാജ്യത്ത് ഭക്ഷ്യ ഉത്പന്നങ്ങളുടെ വില നിയന്ത്രിക്കുന്നതിന് ഭക്ഷ്യ മന്ത്രാലയം പ്രത്യേക പദ്ധതികള്‍ രൂപീകരിച്ചത്.
വിവിധ വാണിജ്യ കേന്ദ്രങ്ങളിലും ഷോപ്പിങ് മാളുകളും സൂപ്പര്‍ മാര്‍ക്കറ്റുകളുമായി സഹകരിച്ച് പ്രത്യേക വിലക്കിഴിവ് തന്നെ ഏര്‍പ്പെടുത്തുന്ന തരത്തിലാണ് മന്ത്രാലയത്തിന്റെ പദ്ധതികള്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.