image

10 April 2023 7:52 AM GMT

Business

കുവൈത്ത് റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ വിലക്കുറവ്; പ്രതിസന്ധി തുടരുന്നു

MyFin Desk

കുവൈത്ത് റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍  വിലക്കുറവ്; പ്രതിസന്ധി തുടരുന്നു
X

Summary

  • വർധിച്ചുവരുന്ന പലിശനിരക്ക്
  • വാണിജ്യ നിക്ഷേപ മേഖലകളിലെ വെല്ലുവിളികൾ
  • 2023 ആദ്യ പാദത്തിൽ ഒരു ശതമാനം മുതൽ പത്ത് ശതമാനം വരെ വിലകുറവ്


കുവൈത്തിലെ റെസിഡൻഷ്യൽ റിയൽ എസ്‌റ്റേറ്റ് മേഖലയിലെ വില കുറയൽ പ്രതിസന്ധി മാറ്റമില്ലാതെ തുടരുന്നു. രാജ്യത്തെ വർധിച്ചുവരുന്ന പലിശനിരക്കും വാണിജ്യ നിക്ഷേപ മേഖലകളിലെ വെല്ലുവിളികളുമാണ് മേഖലയിലെ വിലയിടിവിന് കാരണമാകുന്നതെന്നാണ് സാമ്പത്തിക മേഖലയിലെ വിലയിരുത്തൽ.

രാജ്യത്തെ സ്വകാര്യ ഭവനങ്ങളുടെ വിപണിയിലെ ഇടപാടുകളുടെ മൂല്യം കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ഗണ്യമായി കുറഞ്ഞതായാണ് നിലവിലെ സാമ്പത്തിക റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്.

2023 ആദ്യ പാദത്തിൽ മാത്രം രാജ്യത്ത് ഒരു ശതമാനം മുതൽ പത്ത് ശതമാനം വരെയാണ് മേഖലയിൽ വിലകുറവ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഫൈഹ, കൈഫാൻ, ഖാദിസിയ എന്നീ പ്രദേശങ്ങളിൽ ഒരു ശതമാനം മുതൽ അഞ്ച് ശതമാനം വരെയും കിഴക്കൻ ഖുറൈൻ, ഇഷ്ബിലിയ, ആൻഡലസ് എന്നിവിടങ്ങളിൽ ആറ് ശതമാനം മുതൽ ഏഴ് ശതമാനം വരെയും സാദ് അൽ അബ്ദുല്ലയിലും ഖൈറാനിലും എട്ട് മുതൽ പത്ത് ശതമാനം വരെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് പുറത്തുവന്ന റിപ്പോർട്ടുകളിൽ പറയുന്നത്.

കുവൈത്തിലെ ഉയർന്ന പലിശ നിരക്ക്, നിക്ഷേപകരുടെ പണലഭ്യതയെ പ്രതികൂലമായി ബാധിച്ചതും ജിയോപൊളിറ്റിക്കൽ സാഹചര്യവും വർധിച്ചുവരുന്ന പണപ്പെരുപ്പ നിരക്കുമാണ് ഇപ്പോഴത്തെ വലിയ വിലയിടിവിന് കാരണമെന്ന് റിയൽ എസ്‌റ്റേറ്റ് മേഖലയിലെ അധികാരികൾ വ്യക്തമാക്കുന്നു.

രാജ്യവ്യാപകമായി പുതിയ കെട്ടിടങ്ങളും സമുച്ചയങ്ങളും ഉയരുന്നുണ്ടെങ്കിലും ആവശ്യക്കാരുടെ കുറവ് കാരണം അപ്പാർട്ട്‌മെന്റുകൾ പലതും ആളില്ലാതെ ഒഴിഞ്ഞുകിടക്കുന്ന അവസ്ഥയാണുള്ളത്.

നൂറുക്കണക്കിന് അപ്പാർട്ട്‌മെന്റുകളും വീടുകളും ഒഴിഞ്ഞു കിടക്കുന്ന, പ്രവാസികളും വിദേശികളും അധികമായി താമസിക്കുന്ന പ്രദേശങ്ങളിൽ വാടകക്കാരെ തേടിയുള്ള പരസ്യബോർഡുകളും ഇപ്പോൾ സാധാരണ കാഴ്ചയാണ്.