image

16 Feb 2023 9:00 AM GMT

NRI

അല്‍-സൂര്‍ റിഫൈനറിയിലൂടെ എണ്ണ ഉത്പാദനം വര്‍ധിപ്പിക്കാനൊരുങ്ങി കുവൈത്ത്

Gulf Bureau

അല്‍-സൂര്‍ റിഫൈനറിയിലൂടെ എണ്ണ ഉത്പാദനം വര്‍ധിപ്പിക്കാനൊരുങ്ങി കുവൈത്ത്
X

Summary

  • പ്രതിദിനം 6,15,000 ബാരലാണ് അല്‍ സൂര്‍ എണ്ണ ശുദ്ധീകരണ ശാലയുടെ ഉത്പാദനശേഷി


എണ്ണവിപണി ശക്തമാക്കാനൊരുങ്ങുന്ന കുവൈത്ത് നടപടികള്‍ വേഗത്തിലാക്കി. ഇതിന്റെ ഭാഗമായി ലോകത്തെ തന്നെ ഏറ്റവും വലിയ എണ്ണ റിഫൈനറികളിലൊന്നായ അല്‍ സൂര്‍ റിഫൈനറി ഈ വര്‍ഷാവസാനത്തോടെ പൂര്‍ണ്ണ ശേഷിയുടെ പകുതി ഉത്പാദനം കൈവരിക്കുമെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്.

അല്‍ സൂര്‍ റിഫൈനറി സജ്ജമാകുന്നതോടെ കുവൈത്തിന്റ പ്രതിദിന എണ്ണ ഉത്പാദനം 1.05 ദശലക്ഷം ബാരലായി ഉയരുമെന്നാണ് വിലയിരുത്തല്‍. പ്രാദേശിക മാധ്യമമായ അല്‍ ഖബസയും ഇത്തരത്തിലൊരു വിലയിരുത്തല്‍ നടത്തിയിട്ടുണ്ട്.

2018 ലാണ് അല്‍ സൂര്‍ എണ്ണ ശുദ്ധീകരണ പദ്ധതിയുടെ നിര്‍മ്മാണം ആരംഭിച്ചത്.പ്രതിദിനം 6,15,000 ബാരലാണ് അല്‍ സൂര്‍ എണ്ണ ശുദ്ധീകരണ ശാലയുടെ ഉത്പാദനശേഷി. ഇന്ത്യന്‍ കമ്പനിയായ എസ്സാര്‍ ഉള്‍പ്പെടുന്ന അന്താരാഷ്ട്ര കണ്‍സോര്‍ഷ്യമാണ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

അല്‍-സൂര്‍ റിഫൈനറി പദ്ധതി പൂര്‍ത്തിയാകുന്നതോടെ സൗദി അറേബ്യക്കു ശേഷം മിഡില്‍ ഈസ്റ്റ്-നോര്‍ത്ത് ആഫ്രിക്ക മേഖലയിലെ എണ്ണ ശുദ്ധീകരണ ശേഷിയുള്ള രണ്ടാമത്തെ വലിയ രാജ്യമെന്ന നേട്ടത്തിലേക്ക് കുവൈത്ത് എത്തും.

റഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതിക്ക് യൂറോപില്‍ ഉപരോധം ഏര്‍പ്പെടുത്തിയതോടെ ഈ സാഹചര്യം മുതലെടുത്ത് യൂറോപ്പിലേക്കുള്ള ഇന്ധന കയറ്റുമതി വര്‍ധിപ്പിക്കാനും കുവൈത്തിന് പദ്ധതിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

750,000 ബാരലുകളാണ് പ്രതിദിനം യുറോപ്പ് വിപണിയിലേക്ക് റഷ്യ കയറ്റി അയച്ചിരുന്നത്. യുക്രൈന്‍ യുദ്ധാനന്തരമുണ്ടായ പുതിയ സാഹചര്യം കൈമുതലാക്കി യുറോപ്പിലെ ഭീമമായ എണ്ണ വിപണി വിഹിതം നേടാനാണ് കുവൈത്ത് ഓയില്‍ കോര്‍പ്പറേഷന്‍ കരുക്കള്‍ നീക്കുന്നത്.

2024 സാമ്പത്തികവര്‍ഷം പൂര്‍ത്തിയാകുന്നതോടെ, കുവൈത്തിന്റെ ഇന്ധന കയറ്റുമതി നിലവിലുള്ളതിനേക്കാള്‍ മൂന്ന് മടങ്ങിലധികമായി വര്‍ധിക്കുമെന്നാണ് ഫിച്ച് സൊല്യൂഷന്‍സ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

എങ്കിലും, പ്രതിദിനം രണ്ട് ദശലക്ഷം ബാരല്‍ മാത്രമേ പാടൊള്ളുവെന്ന ഒപെകിന്റെ നിയന്ത്രണം കുവൈത്തിനെ സാരമായി ബാധിച്ചേക്കാമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്.