10 Feb 2023 4:45 AM GMT
Summary
- ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയവരുടെ പ്രവൃത്തി കരാര്‍ അവസാനിപ്പിക്കുമെന്നാണ് ലഭിക്കുന്ന സൂചന.
മറ്റു അറബ് രാജ്യങ്ങളുടെ ചുവടുപിടിച്ച് കുവൈത്തിലും സ്വദേശിവത്ക്കരണം ശക്തമാക്കാനൊരുങ്ങുകയാണ് കുവൈത്ത് ഭരണാധികാരികള്‍. ഇതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ രാജ്യത്തെ നിലവിലെ പ്രവാസി തൊഴിലാളികളുടെ തൊഴില്‍ കരാര്‍ ഘട്ടംഘട്ടമായി അവസാനിപ്പിക്കാന്‍ വാണിജ്യ വ്യവസായ മന്ത്രാലയം അണ്ടര്‍സെക്രട്ടറി മുഹമ്മദ് അല്‍ അന്‍സി തീരുമാനമെടുത്തതായി കുവൈത്ത് പ്രാദേശിക മാധ്യമങ്ങളാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്.
കുവൈത്ത് വ്യവസായ-വാണിജ്യ മന്ത്രി മാസെന്‍ അല്‍ നെഹ്ദയാണ് ഇതു സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്നത്. ഇതു പ്രകാരം ആദ്യഘട്ട നടപടികള്‍ ആരംഭിച്ചതായും സൂചനയുണ്ട്.
കോര്‍പ്പറേറ്റ് മേഖല, ഉപഭോക്തൃ സംരക്ഷണ മേഖല, സാമ്പത്തിക കാര്യങ്ങള്‍, ടൈപ്പിസ്റ്റ്, വിദേശ വ്യാപാരം, നിയമകാര്യങ്ങള്‍, സാങ്കേതിക പിന്തുണ, ആസൂത്രണ മേഖല തുടങ്ങിയ ജോലികളിലും തസ്തികകളിലുമായി നിലവില്‍ രാജ്യത്ത് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന വിദേശികളെ പിരിച്ചുവിടാനുള്ളവരുടെ പട്ടികയില്‍ ഉള്‍പ്പെട്ടതായും കുവൈത്തിലെ പ്രാദേശിക മാധ്യമമായ അല്‍റായ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
നിലവിലുള്ള നോട്ടീസ് പിരീഡ് പ്രകാരം ഈ വര്‍ഷം ജൂണ്‍ 29 ന് തന്നെഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയവരുടെ പ്രവൃത്തി കരാര്‍ അവസാനിപ്പിക്കുമെന്നാണ് ലഭിക്കുന്ന സൂചന.