17 March 2023 9:15 AM GMT
Summary
- സൗദി മാനവവിഭവശേഷി മന്ത്രാലയത്തിന് കീഴിലാണ് പദ്ധതി നടപ്പിലാക്കി വരുന്നത്
സ്വദേശിവല്‍ക്കരണം ഊര്‍ജ്ജിതമായ ഗള്‍ഫ് രാജ്യമാണ് സൗദി അറേബ്യ. നിരവധി മേഖലകളില്‍ സ്വദേശിവല്‍ക്കരണം നടത്തിയെങ്കിലും ചില സുപ്രധാന മേഖലകള്‍ ഇതില്‍ ഉള്‍പ്പെട്ടിരുന്നില്ല. അത്തരത്തില്‍ പ്രധാന തൊഴില്‍ മേഖലകളിലൊന്നായ വ്യോമയാന മേഖലയിലും മുന്‍പ് പ്രഖ്യപിച്ച സൗദിവല്‍ക്കരണത്തിന്റെ ആദ്യ ഘട്ടം കഴിഞ്ഞ ദിവസത്തോടെ നിലവില്‍ വന്നു.
സ്വകാര്യ ഏവിയേഷന്‍ കമ്പനികളിലേയും സ്ഥാപനങ്ങളിലേയും ചില തസ്തികകളിലെ തൊഴിലാളികളിലെ അറുപത് ശതമാനം വരെ സൗദികളായിരിക്കണമെന്നാണ് വ്യവസ്ഥ. സൗദി മാനവവിഭവശേഷി മന്ത്രാലയത്തിന് കീഴിലാണ് പദ്ധതി നടപ്പിലാക്കി വരുന്നത്.
ഇന്നലെ മുതലാണ് പദ്ധതിയുടെ ആദ്യ ഘട്ടം പ്രാബല്യത്തില്‍ വന്നത്. രാജ്യത്തെ സ്വകാര്യ ഏവിയേഷന്‍ കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമാണ് നിബന്ധനകള്‍ ബാധകമാക്കുക. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് പതിനഞ്ചോടെയാണ് പദ്ധതി ആദ്യമായി പ്രഖ്യാപിച്ചത്. പദ്ധതിയുടെ രണ്ടാം ഘട്ടം അടുത്ത വര്‍ഷം മാര്‍ച്ച് നാല് മുതലാണ് ആരംഭിക്കുന്നത്.
പദ്ധതി മുഖേന പതിനായിരം സ്വദേശികള്‍ക്ക് തൊഴില്‍ കണ്ടെത്തുകയാണ് മന്ത്രാലയത്തിന്റെ ലക്ഷ്യം. അഞ്ച് തസ്തികകളിലേക്ക് മാത്രമാണ് ആദ്യ ഘട്ടത്തില്‍ നിശ്ചിത ശതമാനം സ്വദേശിവല്‍ക്കരണം നടപ്പിലാക്കാനിരിക്കുന്നത്.
കോ പൈലറ്റ്, എയര്‍ നാവിഗേറ്റര്‍, എയര്‍ ട്രാഫിക് കണ്ട്രോളര്‍, ഗ്രൗണ്ട് മൂവ്മെന്റ് കോഡിനേറ്റര്‍ എന്നീ നാലു തസ്തികകളിലെ അറുപത് ശതമാനം ജോലി അവസരവും എയര്‍ ഹോസ്റ്റസ് തസ്തികയിലെ അന്‍പത് ശതമാനവുമാണ് ആദ്യ ഘട്ടത്തില്‍ സ്വദേശികള്‍ക്കായി നീക്കി വെക്കുന്നത്.