image

3 March 2023 8:45 AM GMT

NRI

ബഹിരാകാശരംഗം കീഴടക്കാന്‍ യുഎഇ; ചരിത്രമെഴുതി സുല്‍ത്താന്‍ അല്‍ നിയാദി

Gulf Bureau

ബഹിരാകാശരംഗം കീഴടക്കാന്‍ യുഎഇ; ചരിത്രമെഴുതി സുല്‍ത്താന്‍ അല്‍ നിയാദി
X

Summary


    എണ്ണയിതര മേഖലകളില്‍ കാര്യമായി ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങിയ അറബ് ലോകത്ത് നിന്നുള്ള ആദ്യ ദീര്‍ഘകാല ബഹിരാകാശ ദൗത്യത്തിന് യുഎഇയുടെ ബഹിരാകാശ യാത്രികന്‍ സുല്‍ത്താന്‍ അല്‍ നിയാദി അന്താരാഷ്ട്ര സ്പേസ് സ്റ്റേഷനിലേക്ക് തിരിച്ചു.അമേരിക്കയിലെ കെന്നഡി സ്പേസ് സ്റ്റേഷനില്‍ നിന്നാണ് സുല്‍ത്താന്‍ ഉള്‍പ്പെടെ നാല് യാത്രികരെ വഹിച്ചുള്ള പേടകം ബഹിരാകാശത്തേക്ക് കുതിച്ചത്.

    കഴിഞ്ഞ ദിവസം യുഎഇ സമയം രാവിലെ 9.34 നാണ് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സ്റ്റേഷനില്‍ നിന്ന് സ്പേസ് എക്സ് ഫാല്‍ക്കണ്‍ 9 റോക്കറ്റ് ബഹിരാകാശത്തേക്ക് കുതിച്ചത്. യുഎഇയുടെ സുല്‍ത്താന്‍ അല്‍ നയാദിക്ക് പുറമെ നാസയുടെ മിഷന്‍ കമാന്‍ഡര്‍ സ്റ്റീഫന്‍ ബോവന്‍, പൈലറ്റ് വാറന്‍ ഹോബര്‍ഗ്, റഷ്യന്‍ ബഹിരാകാശ യാത്രികന്‍ ആന്‍ഡ്രേ ഫെഡ് യാവേവ് എന്നിവരാണ് റോക്കറ്റിലെ സ്പേസ് എക്സ് ഡ്രാഗണ്‍ പേടകത്തിലുള്ളത്. 25 മണിക്കൂറിലേറെ നീളുന്ന യാത്ര പിന്നിട്ട് നാളെ രാവിലെ യുഎഇ സമയം 10.17 ന് പേടകം അന്താരാഷ്ട്ര സ്പേസ് സ്റ്റേഷന്റെ ഡോക്കിലിറങ്ങും.

    ആറുമാസത്തോളം നാസയുടെ ക്രൂസിക്സിന്റെ ഭാഗമായി സുല്‍ത്താന്‍ അല്‍ നിയാദി സ്പേസ് സ്റ്റേഷനില്‍ ഗവേഷണങ്ങളുമായി ചെലവിടും. 250 ലേറെ ഗവേഷണങ്ങളാണ് സംഘം ലക്ഷ്യമിടുന്നത്. സായിദ് മിഷന്‍ ടു എന്ന പേരിട്ട യുഎഇയുടെ രണ്ടാം ബഹിരാകാശ ദൗത്യം വിജയകമരാണെന്ന് മുഹമ്മദ് ബിന്‍ റാശിദ് സ്പേസ് സെന്റര്‍ അറിയിച്ചു.

    യാത്രയുടെ തത്സമയ ദൃശ്യങ്ങള്‍ കാണാന്‍ പ്രമുഖര്‍ സ്പേസ് സെന്ററില്‍ എത്തിയിരുന്നു. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ്, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് എന്നിവര്‍ സുല്‍ത്താന്‍ അല്‍ നയാദിയെ അഭിനന്ദിച്ചു. 2019 ല്‍ ഹസ്സ അല്‍ മന്‍സൂരിയാണ് യുഎഇ ബഹിരാകാശത്തേക്ക് അയച്ച ആദ്യ യാത്രികന്‍. ഏഴ് ദിവസമാണ് ഹെസ ബഹിരാകശത്ത് കഴിഞ്ഞത്.