6 March 2023 8:15 AM GMT
Summary
- 3,367 വിദേശികളാണ് നിലവില്‍ രാജ്യത്ത് തൊഴില്‍രഹിതരായി കഴിയുന്നതെന്നും പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്റെ കണക്കുകള്‍ പറയുന്നു
കുവൈത്തില്‍ വിദേശ തൊഴിലാളികളുടെ ആകെ എണ്ണത്തിന്റെ 32 ശതമാനവും ഗാര്‍ഹിക തൊഴിലാളികളാണെന്ന് കുവൈത്ത് പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്റെ കണക്കുകള്‍. പബ്ലിക് അതോറിറ്റിയുടെ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം ആകെയുള്ള 21,70000 വിദേശ തൊഴിലാളികളില്‍ ഏഴ് ലക്ഷം ആളുകളും ഗാര്‍ഹിക തൊഴിലാളികളാണെന്നാണ് കണക്കുകളില്‍ പറയുന്നത്.
രാജ്യത്തെ സര്‍ക്കാര്‍-പൊതുമേഖല സ്ഥാപനങ്ങളിലായി ആകെ 114,000 വിദേശികളാണ് ജോലി ചെയ്ത് വരുന്നത്. പ്രവാസി തൊഴിലാളികളുടെ എണ്ണത്തില്‍ ഇന്ത്യന്‍ തൊഴിലാളികളാണ് കൂടുതല്‍. ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് തൊട്ടുപിറകിലായി ഈജിപ്ത് പൗരന്മാരാണുള്ളത്.
കുവൈത്തിലെ സര്‍ക്കാര്‍ മേഖലകളില്‍ സ്വദേശിവല്‍ക്കരണം വേഗത്തിലാക്കുന്നതിന്റെ ഭാഗമായി നിരവധി നടപടികളാണ് കുവൈത്ത് സിവില്‍ സര്‍വീസ് കമ്മീഷന്റെ നേതൃത്വത്തില്‍ നിലവില്‍ സ്വീകരിച്ച് വരുന്നത്.
സിവില്‍ സര്‍വീസ് കമ്മീഷന്റെ അനുമതിക്ക് ശേഷമല്ലാതെ പ്രവാസി തൊഴിലാളികളുടെ തൊഴില്‍ കരാറുകള്‍ക്ക് അംഗീകാരം നല്‍കുകയില്ലെന്ന് അധികൃതര്‍ നേരത്തെ തന്നെ വ്യക്തമാക്കിയതുമാണ്.
കുവൈത്തിലെ ആരോഗ്യമേഖലയില്‍ 24,355 വിദേശികളാണ് നിലവില്‍ തൊഴിലെടുക്കുന്നത്. 137,641 പ്രവാസികള്‍ റിയല്‍ എസ്റ്റേറ്റ് മേഖലയിലും നിര്‍മാണ മേഖലയില്‍ 298,295 വിദേശ തൊഴിലാളികളും റെസ്റ്റോറന്റ്-ഹോട്ടല്‍ മേഖലകളിലായി 108,469 പ്രവാസി തൊഴിലാളികളും നിലവില്‍ ജോലിക്കാരായുണ്ടെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ അറിയിക്കുന്നുണ്ട്.
അതേസമയം തൊഴില്‍രഹിതരായി രാജ്യത്ത് കഴിയുന്ന പ്രവാസികളുമുണ്ട്. 3,367 വിദേശികളാണ് നിലവില്‍ രാജ്യത്ത് തൊഴില്‍രഹിതരായി കഴിയുന്നതെന്നും പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്റെ കണക്കുകള്‍ പറയുന്നു.