image

28 Dec 2022 11:15 AM GMT

NRI

സൗദി അറേബ്യയില്‍ ഭക്ഷ്യവസ്തുക്കളുടെ വില കുതിച്ചുയരുന്നു

MyFin Bureau

സൗദി അറേബ്യയില്‍ ഭക്ഷ്യവസ്തുക്കളുടെ വില കുതിച്ചുയരുന്നു
X

Summary

  • നവംബറില്‍ മാത്രം 117 ഉത്പന്നങ്ങളുടെ വില വര്‍ധിച്ചു


സൗദി അറേബ്യയില്‍ അവശ്യ സാധനങ്ങളുടെ വിലവര്‍ധനവ് ക്രമാതീതമായി ഉയരുന്നു. അടിസ്ഥാന സാധനങ്ങള്‍ക്കും ഭക്ഷ്യ ഉത്പന്നങ്ങള്‍ക്കും കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍ക്കുമടക്കം നൂറിലധികം സാധനങ്ങള്‍ക്ക് കഴിഞ്ഞ നവംബറില്‍ മാത്രം വിലവര്‍ധനവുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് അഥവാ ഗസ്റ്റാറ്റ് പ്രസിദ്ധീകരിച്ച മാസാന്ത്യ അവലോകന റിപ്പോര്‍ട്ടിലാണ് സാധനങ്ങളുടെ വിലവിവരങ്ങളടങ്ങിയ വിശദ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. അതേ സമയം, ഇന്ത്യ, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുമുള്ള ഏലത്തിനുള്‍പ്പെടെ 46 സാധനങ്ങള്‍ക്ക് നവംബറില്‍ വലിയ വിലയിടിവും ഉണ്ടായിട്ടുണ്ട്.

169 ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും വിലവിവരം അവലോകനം ചെയ്ത് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ 117 ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും നിരക്കില്‍ വലിയ വര്‍ധനവുണ്ടായതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇവയില്‍തന്നെ 92 എണ്ണവും ഭക്ഷ്യ ഉല്‍പന്നങ്ങളുമാണ്.

പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന ഉരുളകിഴങ്ങിന് 56.89 ശതമാനം എന്ന അളവില്‍ വില വര്‍ധിച്ചിട്ടുണ്ട്. പ്രാദേശിക കോഴിമുട്ടക്ക് 43.83 ശതമാനം വര്‍ധനവും രേഖപ്പെടുത്തി. കാലിത്തീറ്റ, കന്നുകാലി ഉത്പന്നങ്ങള്‍ എന്നിവക്കും വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. 38 ഓളം നിര്‍മാണ സാമഗ്രികള്‍ക്കും നിരക്ക് വര്‍ധനവുണ്ടായിട്ടുണ്ട്. ഇന്ത്യയില്‍ നിന്നും അമേരിക്കയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഏലത്തിന് 15 മുതല്‍ 19 ശതമാനം വരെയാണ് വിലയിടിവ് രേഖപ്പെടുത്തിയിരിക്കുന്നത്.