24 July 2023 5:30 PM IST
Summary
- ജര്‍മനിയുടെ ഈ നീക്കം തൊഴില്‍ മേഖലയില്‍ ഏറെ പ്രതീക്ഷ നല്‍കുന്നതാണ്.
ജര്‍മനി നഴ്‌സുമാരെ തേടുന്നു, ഇന്ത്യയില്‍ നിന്നും. പ്രത്യേകിച്ച് കേരളത്തില്‍ നിന്നുള്ള നേഴ്‌സുമാര്‍ക്ക് അവസരങ്ങള്‍ തുറക്കുകയാണ്. സെപ്റ്റംബറില്‍ ഇന്ത്യയില്‍ വച്ച് നടക്കുന്ന ജി 20 സമ്മേളനത്തിന്റെ ഭാഗമായുള്ള മീറ്റിംഗില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്തെത്തിയ ജര്‍മര്‍ തൊഴില്‍ മന്ത്രി ഹ്യൂബര്‍ട്ട്‌സ് ഹെയ്ല്‍ വിദഗ്ധരായ തൊഴിലാളികളുമായി സംവദിച്ചു. തുടക്കത്തില്‍ നേഴ്‌സുമാര്‍ക്കാണ് അവസരം ലഭിക്കുക. തുടര്‍ന്ന് മറ്റ് മേഖലയിലുള്ള വിദഗ്ധര്‍ക്കും ജര്‍മനിയില്‍ തൊഴില്‍ നേടാനാകുന്നതാണ്. നിലവില്‍ കേരളത്തില്‍ വിദേശ ജോലി സ്വപ്‌നം കണ്ട് കഴിയുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. അതിനാല്‍ ജര്‍മനിയുടെ ഈ നീക്കം തൊഴില്‍ മേഖലയില്‍ ഏറെ പ്രതീക്ഷ നല്‍കുന്നതാണ്.
കൊവിഡ് കാലഘടത്തില്‍ മലയാളി നേഴ്‌സുമാരുടെ സേവനങ്ങള്‍ വിദേശ രാജ്യങ്ങളില്‍ പോലും ഏറം ശ്രദ്ധ പിടിച്ചുപറ്റിയതാണ്. അതിനാല്‍ ജര്‍മനി മാത്രമല്ല പറ്റ് പല രാജ്യങ്ങളും മലയാളി നേഴ്‌സുകള്‍ക്ക് അവസരങ്ങള്‍ നല്‍കുന്നുണ്ട്.
ജര്‍മ്മന്‍ ഫെഡറല്‍ എംപ്ലോയ്മെന്റ് ഏജന്‍സിയും ജര്‍മ്മന്‍ സൊസൈറ്റി ഫോര്‍ ഇന്റര്‍നാഷണല്‍ കോഓപ്പറേഷനും 2022 മുതല്‍ കേരളത്തില്‍ നിന്ന് നഴ്‌സിംഗ് സ്റ്റാഫിനെ റിക്രൂട്ട് ചെയ്യുന്നുണ്ട്. ജര്‍മനി ഏറ്റവും രൂക്ഷമായി തൊഴിലാളി ക്ഷാമം നേരിടുന്ന മേഖലകളില്‍ ഒന്ന് മാത്രമാണ് ആരോഗ്യ രംഗം.
അതേസമയം ഇന്ത്യയിലേക്കുള്ള യാത്ര വിദഗ്ധ തൊഴിലാളികളുടെ സാധ്യതകളെക്കുറിച്ച് കൂടുതലറിയാനും മികച്ച ജോലിയും ജീവിത സാഹചര്യവുമുള്ള സ്ഥലമായി ജര്‍മ്മനിയെ പ്രോത്സാഹിപ്പിക്കാനും ഇന്ത്യയിലേക്കുള്ള യാത്ര പ്രയോജനപ്പെടുത്തുന്നതായി ഹെയ്ല്‍ പറഞ്ഞു.
ജര്‍മ്മന്‍ സര്‍ക്കാര്‍ വിസ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുകയും വിദേശ യോഗ്യതകള്‍ക്കുള്ള അംഗീകാര പ്രക്രിയ ലളിതമാക്കുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല, ഫെബ്രുവരിയില്‍, ജര്‍മന്‍ ചാന്‍സലര്‍, ഒലാഫ് ഷോള്‍സ്, ഇന്ത്യന്‍ ഐടി വിദഗ്ധരുടെ തൊഴില്‍ വിസ നിയമങ്ങള്‍ ലഘൂകരിക്കാനുള്ള ജര്‍മനിയുടെ നീക്കം വ്യക്തമാക്കിയിരുന്നു. ഒപ്പം രാജ്യത്ത് സോഫ്റ്റ് വെയര്‍ വികസന വൈദഗ്ധ്യത്തിന്റെ ഉയര്‍ന്ന ആവശ്യവും അദ്ദേഹം അഭിസംബോധന ചെയ്തിരുന്നു.
മൂന്നാം രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധ തൊഴിലാളികളുടെ പ്രവേശനം എളുപ്പമാക്കാന്‍ ജര്‍മ്മനി പുതിയ നിയമം പാസാക്കിയിട്ടുണ്ട്. 2024 മാര്‍ച്ച് ഒന്നിന് നടപ്പിലാക്കാന്‍ നിശ്ചയിച്ചിരിക്കുന്ന ഈ നിയമം വഴി മൂന്നാം രാജ്യ തൊഴിലാളികള്‍ക്ക് ജോലിക്കായി ജര്‍മ്മനി സന്ദര്‍ശിക്കുന്നതിന് കൂടുതല്‍ കാര്യക്ഷമവും സുഗമവുമായ നിയമങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് കേരളത്തിലെ അഭ്യസ്ഥ വിദ്യരായ യുവതയ്ക്ക് പ്രയോജനപ്പെടുന്നതാണ്.