വാഷിങ്ടണ്‍: 2023 സാമ്പത്തിക വര്‍ഷം ലക്ഷ്യമിട്ടുള്ള യുഎസ് എച്ച് 1 ബി വിസാ റെജിസ്ട്രേഷന്‍ മാര്‍ച്ച് ഒന്ന് മുതല്‍ 16 വരെ നടക്കാനിരിക്കെയാണ്...
വാഷിങ്ടണ്‍: 2023 സാമ്പത്തിക വര്‍ഷം ലക്ഷ്യമിട്ടുള്ള യുഎസ് എച്ച് 1 ബി വിസാ റെജിസ്ട്രേഷന്‍ മാര്‍ച്ച് ഒന്ന് മുതല്‍ 16 വരെ നടക്കാനിരിക്കെയാണ് ഇത് സംബന്ധിച്ച് അപേക്ഷകര്‍ അറിയേണ്ട മുഖ്യ കാര്യങ്ങളും അധികൃതര്‍ വ്യക്തമാക്കുന്നത്. പ്രതിവര്‍ഷം അനുവദിച്ചിരിക്കുന്ന വിസയുടെ എണ്ണത്തേക്കാള്‍ കൂടുതല്‍ അപേക്ഷകള്‍ വരികയാണെങ്കില്‍ ലോട്ടറി രീതിയിലുള്ള തിരഞ്ഞെടുപ്പ് നടത്തുമെന്നും ഫലം 2022 മാര്‍ച്ച് 31ന് പ്രഖ്യാപിക്കുമെന്നും യു എസ് സി ഐ എസ് അറിയിച്ചിട്ടുണ്ട്. അതില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മാത്രമായി ഏപ്രില്‍ ഒന്ന് മുതല്‍ രജിസ്റ്റര്‍ ചെയ്യാനും സാധിക്കും. തൊഴിലാളികള്‍ തങ്ങളുടെ തൊഴില്‍ദാതാക്കള്‍ക്ക് വിസ സംബന്ധമായി സമര്‍പ്പിക്കേണ്ട എല്ലാ വിവരങ്ങളും കൃത്യ സമയത്ത് നല്‍കണം. മാര്‍ച്ച് 1ന് തന്നെ തൊഴില്‍ദാതാക്കള്‍ രജിസ്ട്രേഷന്‍ നടപടികള്‍ ആരംഭിക്കണം. മാര്‍ച്ച് 1 ന് ഉച്ച മുതല്‍ (അമേരിക്കന്‍ സമയം) രജിസ്ട്രേഷന് വേണ്ടിയുള്ള ലിങ്ക് ആക്ടീവ് ആകും. ലോട്ടറി മാതൃകയിലുള്ള തിരഞ്ഞെടുപ്പ് ഫലം വന്ന് 90 ദിവസം വരെ ഈ ലിങ്ക് വഴി യോഗ്യരായവര്‍ക്ക് അപേക്ഷിക്കാന്‍ സാധിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
അപേക്ഷയും ഫീസ് നിരക്കും
എച്ച് 1 ബി കാറ്റഗറി വഴി വിദേശ തൊഴിലാളികളെ എടുക്കാന്‍ ആഗ്രഹിക്കുന്ന തൊഴില്‍ദാതാക്കള്‍ ഓരോ തൊഴിലാളിയുടേയും വിവരങ്ങള്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുകയും ഓരോ രജിസ്ട്രേഷനും 10 ഡോളര്‍ എന്ന കണക്കില്‍ ഫീസ് അടയ്ക്കുകയും വേണം. കമ്പനിയുടെ അടിസ്ഥാന വിവരങ്ങളും എടുക്കാന്‍ ഉദ്ദേശിക്കുന്ന തൊഴിലാളിയുടെ യോഗ്യത ഉള്‍പ്പടെയുള്ള കാര്യങ്ങളും വ്യക്തമാക്കണം. നിങ്ങളുടെ അപേക്ഷകളിന്മേല്‍ ലോട്ടറി രീതിയില്‍ തിരഞ്ഞെടുപ്പ് നടത്താനാണ് യു എസ് സി ഐ എസ് ആഗ്രഹിക്കുന്നതെങ്കില്‍
തിരഞ്ഞെടുത്ത അപേക്ഷര്‍ക്കായി മാത്രം തൊഴില്‍ദാതാക്കള്‍ രജിസ്ട്രേഷന്‍ നടത്തുക. ഒരു തൊഴിലാളിക്ക് വേണ്ടി ഒരു വര്‍ഷത്തില്‍ ഒറ്റത്തവണ മാത്രം രജിസ്റ്റര്‍ ചെയ്യുവാനേ അനുവാദമുള്ളൂ.
ശമ്പളം
തൊഴില്‍ വൈദഗ്ധ്യമുള്ളവരെ തിരഞ്ഞെടുക്കുമ്പോള്‍ അതാത് മേഖലയ്ക്ക് ആവശ്യമുള്ള ബിരുദം ഉണ്ടെന്ന കാര്യത്തില്‍ ഉറപ്പ് വരുത്തണം. മാത്രമല്ല ആളെ എടുക്കുന്ന തസ്തികയില്‍ സമാന ജീവനക്കാരന് കാലത്തിനൊത്ത് നല്‍കുന്ന ശമ്പളമാണ് പുതിയ ആള്‍ക്കും നല്‍കുക എന്നതിലും തൊഴില്‍ദാതാവ് വ്യക്തത വരുത്തണം. ജീവനക്കാരന്റെ തസ്തികയ്ക്കൊപ്പം തന്നെ പ്രധാനമാണ് തൊഴില്‍ ചെയ്യേണ്ട സ്ഥലവും. പ്രതിവര്‍ഷം 65,000 പുതിയ എച്ച് 1 ബി വിസയാണ് ഇറക്കുന്നതെങ്കിലും യുഎസില്‍ മാസ്റ്റര്‍ ഡിഗ്രി ഉള്‍പ്പടെയുള്ള ഉന്നത പഠനത്തിനായി ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ട് 20,000 വിസ കൂടി അധികമായി ഇറക്കുന്നുണ്ട്.
മുഖ്യ കാര്യങ്ങള്‍ ഒറ്റനോട്ടത്തില്‍
തൊഴിലാളികളുടെ പ്രാഗത്ഭ്യം സംബന്ധിച്ച് തൊഴില്‍ദാതാക്കള്‍ കൃത്യമായി മനസിലാക്കിയിരിക്കണം. യുഎസ് ബാച്ചിലേഴ്സ് ഡിഗ്രിയോട് തുല്യമായ ബിരുദമുള്ളവരാണെന്ന് ഉറപ്പ് വരുത്തണം. യോഗ്യത തെളിയിക്കാനുള്ള എല്ലാ രേഖകളും തൊഴില്‍ദാതാക്കളുടെ മുന്‍പാകെ സമര്‍പ്പിക്കുക.
പാസ്പോര്‍ട്ട് കാലാവധി അവസാനിക്കാന്‍ അധികം നാളുകളില്ല എന്ന് വ്യക്തമായാല്‍ പുതിയതിന് അപേക്ഷ നല്‍കുക.
താല്‍ക്കാലിക തൊഴില്‍ അനുമതിയില്‍ ഇപ്പോള്‍ യുഎസില്‍ ജോലി ചെയ്യുന്നവര്‍ തങ്ങള്‍ക്കുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ അറിയുക.
ഓപ്ഷണല്‍ പ്രാക്ടിക്കല്‍ ട്രെയിനിംഗ് (ഒ പി ടി), കരിക്കുലര്‍ പ്രാക്ടിക്കല്‍ ട്രെയിനിംഗ് (സി പി ടി) എന്നീ പ്രോഗ്രാമുകള്‍ക്ക് കീഴില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് യുഎസില്‍ ജോലി ചെയ്യണമെങ്കില്‍ എച്ച് 1 ബി സ്പോണ്‍സര്‍ഷിപ്പ് കൂടിയേ തീരൂ.
നോണ്‍ ഇമിഗ്രന്റ് സ്റ്റാറ്റസുകളായ ടിഎന്‍, എച്ച് 3, എച്ച് 2, ഒ 1, ജെ 1 എന്നിവയില്‍ നിന്നും എച്ച് 1 ബിയിലേക്ക് മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് അപേക്ഷ സമര്‍പ്പിക്കാം.
ഒരു രജിസ്ട്രേഷന്‍ ലോട്ടറി രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍ തൊഴില്‍ ദാതാവ് അതിന് അനുബന്ധമായ പെറ്റീഷന്‍ സമര്‍പ്പിക്കണം. അത് വൈകിയാല്‍ മറ്റ് സാങ്ഷനുകളിലുള്‍പ്പടെ തൊഴില്‍ദാതാവ് പിഴയടയ്ക്കേണ്ടി വരും.
അപേക്ഷ സമര്‍പ്പിക്കും മുന്‍പ് ഓരോ തൊഴിലാളിയുമായി ബന്ധപ്പെട്ട വിശദമായ ചെക്ക്ലിസ്റ്റ് തൊഴില്‍ദാതാവ് തയാറാക്കുക.
വിസ രജിസ്ട്രേഷന്‍ സംബന്ധിച്ച സംശയങ്ങള്‍ക്ക് അതാത് യുഎസ് എംബസി വെബ് സൈറ്റ് വഴി കോണ്‍സുലാര്‍ ഓഫിസര്‍മാരുമായോ, വിദഗ്ധരായ മറ്റ് അറ്റോര്‍ണിമാരുമായോ ബന്ധപ്പെടാം.