27 Feb 2023 4:30 AM
Summary
- ആദ്യഘട്ടത്തില്‍ ചരക്ക് തീവണ്ടികള്‍ മാത്രം സര്‍വീസ് നടത്തും
യുഎഇയുടെ ഗതാഗത ചരിത്രത്തെ തന്നെ മാറ്റിമറിച്ചേക്കാവുന്ന രാജ്യത്തെ ദേശീയ റെയില്‍ പാതയായ ഇത്തിഹാദ് റെയിലിന്റെ നിര്‍മാണഘട്ടങ്ങെളെല്ലാം പൂര്‍ത്തിയാക്കി ഉദ്ഘാടനം നിര്‍വഹിച്ചു.
മാത്രമല്ല, പുതിയ പാതയിലൂടെ ചരക്ക് തീവണ്ടി സര്‍വീസിനും കഴിഞ്ഞ ദിവസം തന്നെ തുടക്കം കുറിച്ചിട്ടുണ്ട്. യുഎഇയുടെ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയും കൂടിയായ ശൈഖ് മുഹമ്മദാണ് റെയില്‍ ശൃംഖലയുടെ ഉദ്ഘാടനകര്‍മ്മം നിര്‍വഹിച്ചിരിക്കുന്നത്. ദുബായ് കിരീടവകാശിയും ഈ ചരിത്ര മുഹൂര്‍ത്തത്തില്‍ പിതാവിനൊപ്പം ചടങ്ങില്‍ പങ്കെടുത്തു.
തലസ്ഥാനമായ അബൂദാബി മുതല്‍ ഫുജൈറ എമിറേറ്റ് വരെ 900 കിലോമീറ്ററോളം നീളമാണ് പുതിയ ഇത്തിഹാദ് റെയില്‍പാതയുടെ നീളം. ഇതോടെ യുഎഇയുടെ ദേശീയ റെയില്‍ ശൃംഖല ഔദ്യോഗികമായി നിലവില്‍ വന്നതായും ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പ്രഖ്യാപിച്ചു.
തന്റെ ഔദ്യോഗിക ടിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇത്തിഹാദ് റെയിലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചതായി അദ്ദേഹം അറിയിച്ചിരിക്കുന്നത്. ഉദ്ഘാടന ചടങ്ങിന്റെ ചിത്രങ്ങളും അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.
യു.എ.ഇയിലെ മുഴുവന്‍ എമിറേറ്റുകളിലൂടെയും ഇത്തിഹാദ് റെയില്‍വേ ലൈന്‍ കടന്നുപോകുന്നുണ്ടെന്നതാണ് പ്രധാന സവിശേഷത. രാജ്യത്തെ നാല് സുപ്രധാന തുറമുഖങ്ങളെയും, ഏഴ് പ്രധാന ചരക്കുഗതാഗത മേഖലകളെയും ബന്ധിപ്പിക്കുന്ന തരത്തിലാണ് റെയില്‍വേ ശൃംഖല നിര്‍മ്മിച്ചിരിക്കുന്നത്.
ഓരോ വര്‍ഷവും ഏകദേശം 60ശലക്ഷത്തിലേറെ ടണ്‍ ചരക്കുകള്‍ പുതിയ റെയില്‍ ശൃംഖലയിലൂടെ കൈകാര്യം ചെയ്യാനാകുമെന്നാണ് ശൈഖ് മുഹമ്മദ് പ്രത്യാശ പ്രകടിപ്പിച്ചിരിക്കുന്നത്.
തലസ്ഥാനമായ അബൂദബിയില്‍ നിന്ന് ഫുജൈറ വരെ നീളുന്ന റെയില്‍വേപാതയിലൂടെ ആദ്യഘട്ടത്തില്‍ ആയിരം വാഗണുകളിലായി 38 ഗുഡ്സ് ട്രെയിനുകള്‍ ചരക്ക് സര്‍വീസുകള്‍ നടത്തും.
അബൂദാബിയില്‍നിന്ന് ദുബായിലേക്ക് വെറും അന്‍പത് മിനിറ്റ് കൊണ്ടും ഫുജൈറയിലേക്ക് നൂറു മിനിറ്റ് കൊണ്ടും എത്തിച്ചേരാന്‍ സാധിക്കും. എന്നാല്‍ പാസഞ്ചര്‍ സര്‍വീസുകള്‍ 2030ല്‍ ആരംഭിക്കുമെന്നാണ് ഇത്തിഹാദ് റെയില്‍വേ നേരത്തേ പ്രഖ്യാപിച്ചിരിക്കുന്നത്.
യാത്രക്കാരുടെ എണ്ണത്തിലും പുതിയ പദ്ധതി മുന്നിട്ടു നില്‍ക്കുന്നുണ്ട്. ഏകദേശം 36.5 ദശലക്ഷം യാത്രക്കാരെ കൊണ്ട്പോകാന്‍ റെയില്‍വേക്ക് ശേഷിയുണ്ടാകുമെന്നാണ് അധികാരികള്‍ അവകാശപ്പെടുന്നത്.
തൊട്ടടുത്ത ഭാവിയില്‍തന്നെ റെയില്‍ ശൃംഖല അയല്‍രാജ്യങ്ങളായ ഒമാനിലേക്കും സൗദിയിലേക്കും വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്. ഒമാനിലേക്ക് വ്യാപിപ്പിക്കുന്നതിനായി കഴിഞ്ഞ ദിവസം അബൂദബിയിലെ മുബാദല കമ്പനിയുമായി കരാറും ഒപ്പിട്ടിരുന്നു.