22 Feb 2023 8:45 AM GMT
Summary
- എമിറേറ്റ്സ് ഗ്രൂപ്പ് ചെയര്‍മാനായ ശെയ്ഖ് അഹമ്മദ് ബിന്‍ സഈദ് അല്‍ മക്തൂമാണ് പുതിയ പൈലറ്റ് പരിശീലന കേന്ദ്രത്തിന്റെ പ്രഖ്യാപനം നടത്തിയിരിക്കുന്നത്
ദുബായിയിലെ ലോകപ്രശസ്ത വിമാനക്കമ്പനിയായ 'എമിറേറ്റ്സ്' സ്വന്തമായി പുതിയ പൈലറ്റ് പരിശീലന കേന്ദ്രം ആരംഭിക്കുന്നു. വിപലവും വിശാലവുമായ നവീന സംവിധാനങ്ങളോടു കൂടിയ കേന്ദ്രം അടുത്തവര്‍ഷം മാര്‍ച്ചില്‍ തന്നെ ഉദ്ഘാടനം ചെയ്യുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
പൂര്‍ണമായും സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന തരത്തിലാണ് പുതിയ പൈലറ്റ് പരിശീലന കേന്ദ്രം സംവിധാനിക്കുക. 135 ദശലക്ഷം ഡോളറാണ് പദ്ധതിയുടെ ചെലവിനായി എമിറേറ്റ്സ് നീക്കിവയ്ക്കുന്നത്.
കമ്പനി പുതുതായി സ്വന്തമാക്കാനിരിക്കുന്ന എയര്‍ബസ് എ 350, ബോയിങ് 777 വിമാനങ്ങള്‍ പറത്താന്‍ പരിശീലിപ്പിക്കുന്ന ആറ് ഫുള്‍ ഫ്ളൈറ്റ് സിമുലേറ്റര്‍ ബേകള്‍ പുതിയ പരിശീലന കേന്ദ്രത്തിന്റെ പ്രധാന സവിശേഷതയായിരിക്കും.
എമിറേറ്റ്സ് ഗ്രൂപ്പ് ചെയര്‍മാനായ ശെയ്ഖ് അഹമ്മദ് ബിന്‍ സഈദ് അല്‍ മക്തൂമാണ് പുതിയ പൈലറ്റ് പരിശീലന കേന്ദ്രത്തിന്റെ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
2024 മാര്‍ച്ചില്‍ ഉദ്ഘാടനം ചെയ്യപ്പെടുന്ന പുതിയ കേന്ദ്രത്തില്‍ അടുത്തവര്‍ഷം ജൂണ്‍ മുതല്‍ എ 350 വിമാനത്തിലേക്കുള്ള പൈലറ്റുമാരുടെ പരിശീലനം ആരംഭിക്കാന്‍ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
ഫുള്‍ സിമിലേറ്ററിലെ പരിശീനത്തിന് മുന്നോടിയായി കോക്ക്പിറ്റ് അന്തരീക്ഷത്തില്‍ പ്രാഥമിക പരിശീലനം നല്‍കാനുള്ള സൗകര്യവും ഇവിടെ ഒരുക്കും. വര്‍ഷം 54 ശതമാനം എന്ന തോതില്‍ പൈലറ്റ് പരിശീലന ശേഷി വര്‍ധിപ്പിക്കാനാണ് എമിറേറ്റ്സ് നിലവില്‍ ലക്ഷ്യമിടുന്നത്.
പുതിയ സംവിധാനങ്ങള്‍കൂടി വരുന്നതോടെ കമ്പനിയുടെ ഫുള്‍ ഫ്ളൈറ്റ് സിമിലേറ്ററുകളുടെ എണ്ണം 17 ആയി മാറും. എമിറേറ്റ്സ് വിമാനക്കമ്പനിയുടെ നിലവിലുള്ള പൈലറ്റ് പരിശീലന സംവിധാനങ്ങളോട് ചേര്‍ന്ന് തന്നെയാവും പുതിയ കേന്ദ്രവും നിര്‍മിക്കുക.