image

23 Jan 2023 5:15 AM GMT

NRI

യുഎഇ: ഇറക്കുമതിക്കാര്‍ ഇന്‍വോയ്സുകള്‍ ഇലക്ട്രോണിക് സര്‍ട്ടിഫിക്കേഷന്‍ നടത്തണം

Gulf Bureau

uae: importers must perform electronic certification of invoices
X

Summary

  • അടുത്തമാസം ഒന്നു മുതല്‍ പ്രാബല്യത്തില്‍


ദുബായ്: പതിനായിരം ദിര്‍ഹമോ അതിനുമുകളിലോ വില വരുന്ന ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നവര്‍ വാണിജ്യ ഇന്‍വോയ്സുകള്‍ ഇലക്ടോണിക് സര്‍ട്ടിഫിക്കേഷന്‍ നടത്തണമെന്ന് യുഎഇ മന്ത്രാലയം.

രാജ്യത്തെ വിദേശകാര്യ,അന്താരാഷ്ട്ര സഹകരണ മന്ത്രാലയം (മൊഫൈക്) ആണ് ഇന്‍വോയ്സുകള്‍ സാക്ഷ്യപ്പെടുത്തേണ്ടത്. പുതിയ നിയമം ഈ ഫെബ്രുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. 10,000 ദിര്‍ഹവും അതിനുമുകളിലും മൂല്യമുള്ള യുഎഇയിലേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ സാധനങ്ങള്‍ക്കും ഈ പുതിയ നിയന്ത്രണം ബാധകമാകുമെന്നും ഇന്‍വോയ്‌സുകളുടെ സാക്ഷ്യപ്പെടുത്തല്‍ ഇലക്ട്രോണിക് രീതിയിലായിരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

2022 ലെ കാബിനറ്റ് പ്രമേയം നമ്പര്‍ 38 പ്രകാരമാണ് പുതിയ നിയമം വരുന്നത്. ഒരു ഇന്‍വോയ്‌സിന് 150 ദിര്‍ഹം അറ്റസ്റ്റേഷന്‍ ചെലവ് വരും. ഉപഭോക്താക്കള്‍ക്ക് 14 ദിവസത്തെ ഗ്രേസ് പിരീഡ് ലഭിക്കും. എന്നാല്‍ ഇതിനിടയില്‍ അറ്റസ്റ്റേഷന്‍ നടന്നില്ലെങ്കില്‍ ഒരു ഇന്‍വോയ്‌സിന് 500 ദിര്‍ഹം പിഴ ഈടാക്കും.

10,000 ദിര്‍ഹത്തില്‍ താഴെ മൂല്യമുള്ള ഇന്‍വോയ്‌സുകള്‍, വ്യക്തിഗത ഇറക്കുമതികള്‍, ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍, ഫ്രീ സോണുകളിലേക്ക് കൊണ്ടുവരുന്നവ എന്നിവ ഉള്‍പ്പെടെയുള്ള ചില വിഭാഗങ്ങള്‍ക്ക് ഇളവുകള്‍ ബാധകമാണ്.

കൂടാതെ, ട്രാന്‍സിറ്റ് ഗുഡ്സ് ഇറക്കുമതി, ബി-2-സി ഇ-കൊമേഴ്‌സ് പ്രസ്ഥാനങ്ങള്‍, നയതന്ത്ര, പൊലിസ്, മിലിട്ടറി, ചാരിറ്റബിള്‍ സൊസൈറ്റികള്‍, അന്താരാഷ്ട്ര സംഘടനകളുടെ സാധനങ്ങള്‍ എന്നിവക്കും നിയമം ബാധകമല്ല.