19 Jan 2023 8:00 AM GMT
Summary
- സ്വകാര്യ മേഖലയില്‍ ജോലി ചെയ്യാനുള്ള കുവൈത്തുകാരുടെ വിമുഖത പ്രതിസന്ധിക്ക് കാരണമാകുന്നു
കുവൈത്തിന്റെ സാമ്പത്തിക വളര്‍ച്ച ദുര്‍ബലമെന്ന് പഠന റിപ്പോര്‍ട്ട്. അമേരിക്കന്‍ റേറ്റിംഗ് ഏജന്‍സി ഫിച്ചിന്റെ റേറ്റിംഗിലാണ് കുവൈത്ത് സാമ്പത്തിക മേഖലയുടെ മെല്ലെപ്പോക്ക് കാണിക്കുന്നത്.
നിക്ഷേപ ഗ്രേഡായ എഎ മൈനസിലാണ് ഇപ്പോഴും കുവൈത്തിന്റെ നില സ്ഥിതി ചെയ്യുന്നത്. വായ്പാ തിരിച്ചടവിനുള്ള ശേഷി വിലയിരുത്തിയ ശേഷം കടമെടുക്കലിന്റെ കാര്യത്തിലുള്ള നിലവാരം നിശ്ചയിക്കുന്ന സംവിധാനമാണ് ക്രെഡിറ്റ് റേറ്റിംഗ്.
എണ്ണയുടെ വിലക്കുറവ്, ഭരണ നിര്‍വഹണ പിഴവുകള്‍, ദുര്‍ബലമായ സാമ്പത്തിക വരവ്, ഘടനാപരമായ മാന്ദ്യം എന്നിവയെല്ലാം നിലവില്‍ കുവൈത്ത് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളായി റേറ്റിംഗ് ഏജന്‍സി പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
കഴിഞ്ഞ ജനുവരിയിലാണ് ഫിച്ച് സൊല്യൂഷന്‍സ് നിക്ഷേപ ഗ്രേഡായ എഎയില്‍ നിന്ന് കുവൈത്തിന്റെ റേറ്റിംഗ് എഎ മൈനസ് ആയി തരംതാഴ്ത്തിയത്. കുവൈത്തില്‍ സര്‍ക്കാരും പാര്‍ലമെന്റും തമ്മിലുള്ള നിരന്തര തര്‍ക്കങ്ങള്‍ സാമ്പത്തിക വളര്‍ച്ചയ്ക്ക് ആഘാതം സൃഷ്ടിക്കുന്നതായും നയരൂപീകരണത്തില്‍ താമസം വരുത്തുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
മാത്രമല്ല, ഇവയെല്ലാം കാരണമായി രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച 10 ശതമാനത്തില്‍ താഴെയായി കുറയുമെന്നും ഏജന്‍സി മുന്നറിയിപ്പ് നല്‍കുന്നു. മുന്‍പ് ലോകബാങ്ക് പുറത്തിറക്കിയ കോര്‍പ്പറേറ്റ് ഗവേണന്‍സ് ഇന്‍ഡിക്കേറ്ററുകളുടെ റാങ്കിംഗില്‍ 51ാം സ്ഥാനമാണ് കുവൈത്ത് നേടിയത്.
ജീവനക്കാരുടെ ശമ്പളത്തിനും സബ്‌സിഡിക്കുമായാണ് രാജ്യത്തെ സര്‍ക്കാര്‍ പണത്തിന്റ എഴുപത് ശതമാനവും ചെലവഴിക്കുന്നത്. കുവൈത്ത് സ്വദേശികളുടെ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യാനുള്ള വിമുഖതയും പ്രതിസന്ധിക്ക് കാരണമാകുന്നുണ്ട്.