11 Jan 2023 8:45 AM GMT
Summary
- ഇന്ത്യയില്‍ നിന്നുള്ള മുംബൈ-ദുബായ്, ഡല്‍ഹി-ദുബായ് റൂട്ടുകളും പട്ടികയില്‍ ഇടംപിടിച്ചു
ആധുനിക മനുഷ്യര്‍ അന്താരാഷ്ട്ര യാത്രകള്‍ക്കായി ഇന്നേറ്റവും അധികം ഉപയോഗിക്കുന്ന യാത്രാ സംവിധാനമാണ് വിമാന സര്‍വിസുകള്‍. ഏതാണ്ടെല്ലാ രാജ്യങ്ങള്‍ക്കും സ്വന്തമായി ഒന്നില്‍ കുറയാത്ത വിമാനത്താവളങ്ങളും സംവിധാനങ്ങളുമുണ്ട്.
ദുബായ്, ലണ്ടന്‍, പാരീസ്, ന്യൂയോര്‍ക്ക് തുടങ്ങിയ അത്യാധുനിക നഗരങ്ങളോട് ബന്ധിപ്പിക്കുന്ന വിമാന റൂട്ടുകളാണ് യാത്രക്കാര്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നതായി കണക്കാക്കപ്പെടുന്നത്.
പുതിയ കണക്കുകള്‍ പ്രകാരം, ലോകത്താകമാനം ജനങ്ങള്‍ തങ്ങളുടെ അന്താരാഷ്ട്ര യാത്രകള്‍ക്കായി ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന പത്ത് വിമാന റൂട്ടുകളില്‍ അഞ്ചും വിനോദ നഗരങ്ങളുടെ തലസ്ഥാനമെന്നറിയപ്പെടുന്ന ദുബായ് സ്വന്തമാക്കിയിരിക്കുകയാണിപ്പോള്‍.
എയര്‍ട്രാവല്‍ ഇന്റലിജന്‍സ് കമ്പനിയായ ഒഎജിയാണ് ലോകത്തെ ഏറ്റവും തിരക്കേറിയ പത്ത് വിമാന റൂട്ടുകളുടെ കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. ഇതില്‍ തന്നെ പ്രധാനപ്പെട്ട രണ്ട് ഇന്ത്യന്‍ നഗരങ്ങളില്‍നിന്നും ദുബായിലേക്ക് നടത്തുന്ന സര്‍വീസുകളുടെ റൂട്ടുകളും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.
ഒഎജിയുടെ മാനദണ്ഡപ്രകാരം, വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നതിലെ സീറ്റുകളുടെ കപ്പാസിറ്റിയെ അടിസ്ഥാനമാക്കിയാണ് ലോകത്തെ പത്ത് തിരക്കേറിയ വിമാന റൂട്ടുകള്‍ കണക്കാക്കിയിരിക്കുന്നത്.
ഈജിപ്തിലെ കെയ്റോ വിമാനത്താവളത്തില്‍നിന്നും സൗദി അറേബ്യയിലെ ജിദ്ദ വിമാനത്താവളത്തിലേക്കുള്ള റൂട്ടാണ് ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ തിരക്കേറിയ റൂട്ടെന്നാണ് ഈ പഠനം പറയുന്നത്.
32,34,683 സീറ്റുകളാണ് ഈ റൂട്ടിലെ യാത്രക്കായി മാത്രം വേണ്ടിവരുന്നത്. ദുബായില്‍ നിന്ന് സൗദി തലസ്ഥാനമായ റിയാദിലേക്കുള്ള റൂട്ടാണ് രണ്ടാം സ്ഥാനം നേടിയിരിക്കുന്നത്. 31,91,090 യാത്രാ സീറ്റുകളാണ് ഈ റൂട്ടിലെ യാത്രക്കാര്‍ക്കായി വേണ്ടി വരുന്നത്.
ന്യൂയോര്‍ക്ക്-ലണ്ടന്‍ സെക്ടറിനാണ് മൂന്നാം സ്ഥാനം ലഭിച്ചിരിക്കുന്നത്. ദുബായ്-ലണ്ടന്‍ റൂട്ടിനാണ് പട്ടികയില്‍ നാലാം സ്ഥാനം നല്‍കിയിരിക്കുന്നത്. ദുബായ്-ജിദ്ദ റൂട്ട് ആറാം സ്ഥാനമാണ് നേടിയത്.
എട്ടാം സ്ഥാനവും, പത്താം സ്ഥാനവും ഇന്ത്യന്‍ നഗരങ്ങളില്‍ നിന്ന് ദുബായിലേക്കുള്ള റൂട്ടുകള്‍ക്കാണ് ലഭിച്ചിരിക്കുന്നത്. മുംബൈ-ദുബായ് സെക്ടര്‍ 19,77,537 യാത്രക്കാരുമായി എട്ടാം സ്ഥാനത്തം കരസ്ഥമാക്കിയപ്പോള്‍, 18,98,749 യാത്രക്കാരുമായി ഡല്‍ഹി-ദുബായ റൂട്ടാണ് പത്താം സ്ഥാനത്തെത്തിയിരിക്കുന്നത്.
ഈ അടുത്തകാലത്തായി പുറത്തുവന്ന പല പഠനങ്ങളിലും ഏറ്റവും തിരക്കേറിയ വിമാനത്താവളമെന്നതടക്കമുള്ള പല നേട്ടങ്ങളും ദുബായ് വിമാനത്താവളമാണ് സ്വന്തമാക്കിയിരുന്നത്.