18 Jan 2023 6:30 AM GMT
റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ച് ദുബായ്; അരട്രില്ല്യണ്‍ ഭേദിച്ച് ഇടപാടുകള്‍
Gulf Bureau
Summary
- 2022ല്‍ മാത്രം അര ട്രില്യണ്‍ ദിര്‍ഹമിലേറെയാണ് ഇടപാടുകള്‍ ഈ മേഖലയില്‍ മാത്രമായി നടന്നിരിക്കുന്നത്
ദുബായുടെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പുതിയ റെക്കോര്‍ഡ്. കഴിഞ്ഞവര്‍ഷത്തെ കണക്കെടുപ്പിലാണ് റിയല്‍ എസ്റ്റേറ്റ് മേഖല റെക്കോര്‍ഡ് കുതിപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്. 2022ല്‍ മാത്രം അര ട്രില്യണ്‍ ദിര്‍ഹമിലേറെയാണ് ഇടപാടുകള്‍ ഈ മേഖലയില്‍ മാത്രമായി നടന്നിരിക്കുന്നത്.
ദുബായ് ഇതാദ്യമായാണ് റിയല്‍ എസ്റ്റേറ്റ് രംഗത്ത് അര ട്രില്യണില്‍ കൂടുതല്‍ ഇടപാടിലേക്ക് മേഖല കടന്നിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം മൊത്തം 528 മില്യണ്‍ ദിര്‍ഹമിന്റെ ഇടപാടുകളാണ് ദുബായ് റിയല്‍ എസ്റ്റേറ്റ് മേഖലയിലുണ്ടായതെന്നാണ് കിരീടാവകാശി ശെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം അറിയിച്ചിരിക്കുന്നത്.
മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് റിയല്‍ എസ്റ്റേറ്റ് ഇടപാടുകളുടെ മൂല്യത്തില്‍ 76.5 ശതമാനം വര്‍ധനയുണ്ടായെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ആകെ 1,22,700 കൈമാറ്റങ്ങളാണ് മേഖലയില്‍ ഈ കാലയളവില്‍ നടന്നത്.
ഇടപാടുകളുടെ എണ്ണത്തില്‍ മാത്രം 44.7% വര്‍ധനയുണ്ടായതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. 264.15 മില്യണ്‍ ദിര്‍ഹമിന്റെ നിക്ഷേപവും റിയല്‍ എസ്റ്റേറ്റ് മേഖലയിലുണ്ടായിട്ടുണ്ട്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 80,216 പുതിയ നിക്ഷേപകരാണ് ഈ മേഖലയിലേക്ക് കടന്നുവന്നതെന്നും കണക്കുകളില്‍ വ്യക്തമാണ്.