image

31 Jan 2023 7:00 AM GMT

NRI

ക്ലൗഡ് സീഡിംഗ്; മരുഭൂമിയില്‍ പെയ്യിക്കുന്ന കൃത്രിമ മഴയെക്കുറിച്ചറിയാമോ?

Gulf Bureau

cloud seeding artificial rain
X

Summary

  • മഴ വര്‍ധിപ്പിക്കാനുള്ള പദ്ധതികള്‍ക്കായി ഇതുവരെ യുഎഇ ചിലവഴിച്ച തുക ഭീമമാണ്


ക്ലൗഡ് സീഡിംഗ്, കേള്‍ക്കാന്‍ അല്‍പ്പം കൗതുകമുള്ള ഒരു പ്രയോഗമാണല്ലേ..? അതേ, നിങ്ങള്‍ ഊഹിച്ചതു തന്നെയാണത്. ചെറിയ മഴമേഘങ്ങളില്‍ 'വിത്തുപാകി', ഈ മേഘക്കൂട്ടത്തെ വളര്‍ത്തിയെടുത്ത് വലിയ അളവില്‍ 'മഴമുത്തുകള്‍ വിളയിച്ചെടു'ക്കുന്ന അത്യപൂര്‍വ-കൗതുക പ്രതിഭാസം. വിമാനങ്ങളുടെയും മറ്റും സഹായത്തോടെ ഉപ്പ് നിറഞ്ഞ പ്രത്യേക രാസവസ്തുക്കള്‍ മേഘങ്ങള്‍ക്ക് മുകളില്‍ വിതറിയാണ് 'ക്ലൗഡ് സീഡിംഗ്' സംവിധാനത്തിലൂടെ മഴ പെയ്യിക്കുന്നത്.

എന്താണ് ക്ലൗഡ് സീഡിംഗ് സംവിധാനം?

അന്തരീക്ഷത്തിലെ മേഘങ്ങളുടെ ഘടനയില്‍ പ്രത്യേക രാസ പദാര്‍ത്ഥങ്ങളിലൂടെ മാറ്റങ്ങള്‍ കൊണ്ടുവന്ന്, മഴമേഘങ്ങള്‍ അധികരിപ്പിച്ച് മഴ പെയ്യിക്കുന്ന രീതിയാണ് ക്ലൗഡ് സീഡിംഗ്. സാധാരണയില്‍ വിമാനങ്ങളോ റോക്കറ്റുകളോ ഉപയോഗപ്പെടുത്തിയാണ് രാസവസ്തുക്കള്‍ മേഘങ്ങളിവലേക്ക് വിതറുന്നത്.

സില്‍വര്‍ അയോഡൈഡ്, ഡ്രൈ ഐസ് (മരവിപ്പിച്ച കാര്‍ബണ്‍ ഡയോക്‌സൈഡ്) എന്നീ രാസപദാര്‍ത്ഥങ്ങള്‍ പൂജ്യം ഡിഗ്രിയേക്കാള്‍ താഴ്ന്ന ഊഷ്മാവില്‍ ചെറിയ മേഘക്കൂട്ടത്തിലേക്ക് കലര്‍ത്തി വിടുകയാണ് ചെയ്യുന്നത്. ഈ പ്രവര്‍ത്തനം മഴ പെയ്യിക്കുന്നതിനോ കൃത്രിമമഞ്ഞ് സൃഷ്ടിച്ചെടുക്കുന്നതിനോ ആണ് സാധാരണ ഉപയോഗിക്കുന്നത്. മൂടല്‍ മഞ്ഞ് കുറക്കുന്നതിനും ഈ സംവിധാനം ഉപയോഗിക്കാറുണ്ടെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.

മാത്രമല്ല, വായുമലിനീകരണം കുറക്കാന്‍ വേണ്ടിയും ക്ലൗഡ് സീഡിംഗ് വഴി കൃത്രിമമായി മഴ പെയ്യിക്കാറുണ്ട്. എങ്കിലും ഭീമമായ പണച്ചെലവ് കണക്കാക്കുന്ന ക്ലൗഡ് സീഡിംഗ് എപ്പോഴും വിജയിക്കാറില്ലെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ക്ലൗഡ് സീഡിംഗ് നടത്തിയ ഉടന്‍തന്നെ മഴ ലഭിക്കുമെന്ന ധാരണയും ശുദ്ധ മണ്ടത്തരമാണ്.

അതിനാല്‍, തന്നെ നിലവില്‍ പെയ്യുന്ന മഴ കൃത്രിമ മഴയാണോ യഥാര്‍ഥത്തിലുള്ളതാണോ എന്ന്? തിരിച്ചറിയാനും പ്രയാസകരമാണ്. ഒറ്റത്തവണ നടത്തുന്ന ക്ലൗഡ് സീഡിംഗ് എത്ര അളവില്‍ മഴ നല്‍കുമെന്ന പറയാനും നിലവില്‍ മാര്‍ഗ്ഗമൊന്നുമില്ല. എങ്കിലും അധികം താമസിയാതെ ആ ഒരു പോരായ്മ കൂടി പരിഹരിച്ച് ക്ലൗഡ് സീഡിംഗ് വ്യാപിപ്പിക്കാനാണ് ഈ മേഖലയിലെ വിദഗ്ധരുടെ പദ്ധതി.




ജലസംരക്ഷണവും യുഎഇയുടെ കൃത്രിമ മഴ പദ്ധതികളും

2015ന് ശേഷമാണ് മഴ നന്നേ കുറഞ്ഞ ലോക രാജ്യങ്ങളുടെ കൂട്ടത്തിലെ പ്രധാനിയായ യുഎഇ ക്ലൗഡ് സീഡിഡിംഗിലൂടെ മരുഭൂമിയെ തണുപ്പിക്കാന്‍ ആരംഭിച്ചത്. പൊതുവെ വരണ്ട കാലാവസ്ഥയ്ക്ക് ഇടക്കെങ്കിലും ചെറിയ ആശ്വാസം നല്‍കാന്‍ ഇതു വഴിയൊരുക്കുന്നുണ്ടെന്നാണ് യുഎഇയില്‍ ഇതിനായി പ്രത്യേകം പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടം ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നത്.

ആരംഭിച്ച് ഇത്രയും വര്‍ഷത്തിനിടെ യുഎഇ തങ്ങളുടെ ക്ലൗഡ് സീഡിംഗ് വിമാനങ്ങളുടെ എണ്ണം ഇരട്ടിയാക്കി ഉയര്‍ത്തിയെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. അടുത്തിടെ അബൂദാബിയില്‍ നടന്ന ഇന്റര്‍നാഷനല്‍ റെയിന്‍ എന്‍ഹാന്‍സ്മെന്റ് ഫോറത്തിലാണ് യുഎഇ അധികാരികള്‍ വിസ്മയിപ്പിക്കുന്ന ഈ കണക്കുകള്‍ പുറത്തുവിട്ടത്.

കഴിഞ്ഞ വര്‍ഷം മാത്രം, അഥവാ 2022ല്‍ 311 ക്ലൗഡ് സീഡിംഗാണ് യുഎഇ നടത്തിയിട്ടുള്ളത്. ഓയിരത്തിലേറെ വിമാന മണിക്കൂറുകളാണ് ഇതിനായി രാജ്യം വിനിയോഗിച്ചിരിക്കുന്നത്. അതേ സമയം 2016ല്‍ വെറും 177 വിമാനങ്ങള്‍ ക്ലൗഡ് സീഡിംഗ് നടത്തിയ സ്ഥാനത്താണ് നിലവില്‍ അത് ഇരട്ടിയാക്കി ഉയര്‍ത്തിയിരിക്കുന്നത്.

മഴ വര്‍ധിപ്പിക്കാനുള്ള പദ്ധതികള്‍ക്കായി ഇതുവരെ യുഎഇ ചിലവഴിച്ച തുകയും ഭീമമാണ്. 66 മില്യണ്‍ ദിര്‍ഹമാണ് ഈ മേഖലയില്‍ നിക്ഷേപിച്ചിരിക്കുന്നത്. കഴിഞ്ഞ ആഴ്ചയില്‍ പോലും യുഎഇയുടെ വടക്കന്‍ എമിറേറ്റുകളില്‍ മഴ പെയ്യിക്കുന്നതിനായി ക്ലൗഡ് സീഡിംഗ് നടത്തിയിരുന്നെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

വരണ്ടതും മഴ നന്നേ കുറഞ്ഞതുമായ തങ്ങളുടെ രാജ്യത്ത് കൂടുതല്‍ മഴ ലഭിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് യുഎഇയുടെ കാലാവസ്ഥാ വ്യതിയാന-പരിസ്ഥിതി വകുപ്പ് മന്ത്രി മറിയം അല്‍ മുഹൈരി ഫോറത്തില്‍ പ്രത്യേകം എടുത്തുപറഞ്ഞു.

രാജ്യത്ത് വലിയ അളവില്‍ മഴ ലഭ്യമാക്കുക, ഭൂഗര്‍ഭ ജലശേഖരം അധികരിപ്പിക്കുക, രാജ്യത്തുടനീളം ശുദ്ധജല വിതരണം മെച്ചപ്പെടുത്തുക എന്നിവയാണ് യുഎഇയില്‍ കൃത്രിമ മഴ പെയ്യിക്കുന്നതിന്റെ പ്രധാന ലക്ഷ്യങ്ങളായി എടുത്തുപറയുന്നത്. കൂടാതെ ഭക്ഷ്യസുരക്ഷയ്ക്കും പരിസ്ഥിതി സംരക്ഷണത്തിനും വിനോദ സഞ്ചാരമേഖലയുടെ വളര്‍ച്ചയ്ക്കും അധിക അളവിലുള്ള മഴ അത്യന്താപേക്ഷിതമാണെന്നും യുഎഇ കണക്കു കൂട്ടുന്നുണ്ട്.

എന്നാല്‍ ജലസംരക്ഷണവും ശേഖരവും ഉറപ്പാക്കാന്‍ യുഎഇ സ്വീകരിക്കുന്ന വിവിധ മാര്‍ഗ്ഗങ്ങളില്‍ ഒന്നു മാത്രമാണ് ക്ലൗഡ് സീഡിംഗ്. കടല്‍ ജല ശുദ്ധീകരണത്തിലെ യുഎഇയുടെ റെക്കോര്‍ഡും ഇതിനകം മറ്റു രാജ്യങ്ങള്‍ക്കിടയില്‍ പ്രസിദ്ധമാണ്.

ഹത്തയിലെ ഭീമാകാരമായ ശുദ്ധജല തടാകം അതിന് വലിയൊരു ഉദാഹരണമാണ്. കഴിഞ്ഞ വര്‍ഷം ദുബൈയില്‍ നടന്ന എക്സ്പോയില്‍ ഇതു സംബന്ധിച്ച വിവരങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുന്നതിനായി 'ദേവ'യുടെ നേതൃത്വത്തില്‍ പ്രത്യേക പവലിയന്‍ തന്നെയാണ് യുഎഇ ഒരുക്കിയിരുന്നത്. അത്രയേറെ പ്രാധാന്യമാണ് യുഎഇ ഈ മേഖലയ്ക്ക് നല്‍കി വരുന്നത്.

ഫോറത്തില്‍, എല്ലാവരും ജലസംരക്ഷണത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഡെപ്യൂട്ടി ഡയരക്ടര്‍ ജനറല്‍ ഒമര്‍ അല്‍ സയീദി ലോക രാജ്യങ്ങളോട് ആവശ്യപ്പെട്ടിരുന്നു.

ഒരു വര്‍ഷത്തില്‍ ശരാശരി 79 മില്ലിമീറ്റര്‍ മഴ മാത്രമാണ് യുഎഇയില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. ക്ലൗഡ് സീഡിംഗിലൂടെ എത്ര അളവില്‍ മഴ വര്‍ധച്ചുവെന്ന് കണക്കാക്കാന്‍ നിലവില്‍ ശാസ്ത്രജ്ഞര്‍ക്ക് സാധിക്കുന്നില്ല. അത് കൃത്യമായി വിലയിരുത്താനും കണക്കാക്കാനും ഏകദേശം 20 വര്‍ഷമെങ്കിലും വേണ്ടി വരുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.