12 Dec 2022 9:45 AM GMT
Summary
- 35 ചൈനീസ് കമ്പനികള്‍ സൗദിയില്‍ നിക്ഷേപം നടത്താനാണ് തീരുമാനമായിരിക്കുന്നത്.
ചൈനീസ് പ്രസിഡണ്ടിന്റെ സൗദി അറേബ്യയിലെ സന്ദര്‍ശനത്തിന് പിന്നാലെ വമ്പന്‍ നിക്ഷേപത്തിന് ധാരണയായി. 35 ചൈനീസ് കമ്പനികള്‍ സൗദിയില്‍ നിക്ഷേപം നടത്താനാണ് തീരുമാനമായിരിക്കുന്നത്. ഹുവായ് അടക്കമുള്ള പ്രമുഖ ബ്രാന്റുകളാണ് പുതിയ നിക്ഷേപ പദ്ധതികളില്‍ ഒപ്പു വെച്ചിരിക്കുന്നത്.
രണ്ടു രാജ്യങ്ങളും നിരവധി മേഖലകളില്‍ സഹകരണത്തിന് ധാരണയായതും ചൈനീസ് പ്രസിഡണ്ട് ഷി ജിന്‍പിംഗിന്റെ സൗദി സന്ദര്‍ശനത്തിലെ നേട്ടമാണ്. ചടങ്ങില്‍ സൗദി നിക്ഷേപമന്ത്രി എന്‍ജി ഖാലിദ് അല്‍ ഫാലിഹും പങ്കെടുത്തു.
ഗതാഗതം, ചരക്കു നീക്കം, ഖനനം, ഊര്‍ജം, വാഹന നിര്‍മാണം, ലോജിസ്റ്റിക്സ്, ആരോഗ്യം, ഐടി മേഖലയിലാണ് നിക്ഷേപങ്ങള്‍ നടത്തുക. നിക്ഷേപത്തിനു പുറമേ, മുന്‍നിര കമ്പനികള്‍ സൗദിയില്‍ പ്രാദേശിക ആസ്ഥാനങ്ങളും നിര്‍മിക്കും. ചടങ്ങില്‍ വിവിധ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സന്നിഹിതരായി. ചൈനയുമായുള്ള വ്യാപാര, നിക്ഷേപ ബന്ധങ്ങള്‍ വികസിപ്പിക്കാനുള്ള സൗഹൃദാന്തരീക്ഷവും നീക്കങ്ങളുമാണ് കരാറുകളിലൂടെയുണ്ടായതെന്ന് സൗദി നിക്ഷേപ മന്ത്രി പറഞ്ഞു.