image

11 May 2023 11:21 AM GMT

NRI

മൂന്ന് ദിര്‍ഹത്തിന് ബിരിയാണിയുമായി ആയിഷ; യുഎഇയില്‍ നന്മ വിതറി ഒരു സംരംഭം

MyFin Desk

മൂന്ന് ദിര്‍ഹത്തിന് ബിരിയാണിയുമായി ആയിഷ; യുഎഇയില്‍ നന്മ വിതറി ഒരു സംരംഭം
X

Summary

  • ഫുഡ് എ.ടി.എം തുറന്നത് അജ്മാന്‍ യൂനിവേഴ്‌സിറ്റിക്കടുത്ത്
  • ഗള്‍ഫിലെത്തിയത് ഐ.ടി എന്‍ജിനിയറായി
  • നിരവധി കമ്പനികളിലെ തൊഴിലാളികൾ ഫുഡ് എ ടി എം ഉപഭോക്താക്കൾ
  • 2021 ല്‍ എട്ടു മണിക്കൂര്‍ കൊണ്ട് അരലക്ഷത്തിലേറെ ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്ത് ഗിന്നസ് റെക്കോഡ്


പാവപ്പെട്ട തൊഴിലാളികള്‍ക്ക് നല്ല ഭക്ഷണം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഹൈദരാബാദുകാരി എടിഎം തുറന്നത്

പലരും സംരംഭങ്ങള്‍ക്ക് തുടക്കമിടുന്നത് വലിയ ലാഭങ്ങള്‍ ലക്ഷ്യം വെച്ചു തന്നെയാണ്. എന്നാല്‍ അതിന്റെ കൂടെ അല്‍പ്പം കാരുണ്യപ്രവര്‍ത്തികൂടിയായലോ… അത്തരത്തില്‍ യുഎഇയില്‍ ഫുഡ് എടിഎം തുറന്ന് ശ്രദ്ധപിടിച്ചുപറ്റിയ ഒരാളുണ്ട്. ഹൈദരാബാദുകാരിയായ ആയിഷ ഖാന്‍.

കഴിഞ്ഞ നാല് ആണ്ടുകളായി യു.എ.ഇയിലെ തൊഴിലാളികളുടെ അന്നദാതാവാണ് ആയിശ ഖാന്‍. ജന്മം കൊണ്ട് ഹൈദരാബാദുകാരിയാണെങ്കിലും മലയാളികളായ ആയിരങ്ങളും മറ്റു ദേശക്കാരും തന്റെ ബിരിയാണി ബെയ്ച്ച് പശിയടക്കുന്നതു കാണുമ്പോള്‍ ആയിശയുടെ മനസും കണ്ണും തിളങ്ങും. ധര്‍മത്തിന്റെയും സ്‌നേഹത്തിന്റെയും സ്ഫുരണങ്ങള്‍ മിന്നുന്ന പുണ്യങ്ങളുടെ പൂക്കാലത്ത് തനിക്ക് ഇതിലേറെ ചെയ്യണമായിരുന്നുവെന്നാണവരുടെ ആഗ്രഹം.

ഇത് കംപ്യൂട്ടര്‍ എന്‍ജിനീയറായ ആയിഷാഖാന്‍. കഴിവും വൈഭവവും സഹജീവികള്‍ക്ക് കൂടി ഉപകാരപ്പെടണമെന്നാഗ്രഹിച്ച് പുതിയ വഴി ആലോചിച്ചിറങ്ങിയ 47കാരി. കയ്യില്‍ കാശില്ലാത്തതിനാല്‍ ആരും പട്ടിണി കിടക്കേണ്ടി വരരുതെന്ന ചിന്തയില്‍ നിന്നാണ് ആയിഷാഖാന്‍ തന്റെ ഫുഡ് എ.ടി.എം സംരംഭം ആരംഭിച്ചത്.പുറത്ത് 10മുതല്‍ 15 ദിര്‍ഹം വരെ ഈടാക്കി വില്‍ക്കുന്ന ബിരിയാണി കേവലം മൂന്നു ദിര്‍ഹത്തിന് ഈ ഹൈദരാബാദുകാരി നല്‍കാന്‍ തുടങ്ങിയിട്ട് വര്‍ഷം നാലു പിന്നിടുന്നു.

2019 മാര്‍ച്ചില്‍ അജ്മാന്‍ യൂനിവേഴ്‌സിറ്റിക്കടുത്ത് ആരംഭിച്ച ഫുഡ് എ.ടി.എം ജൈത്രയാത്ര തുടരുകയാണ്. ആയിഷയുടെ പായ്ക്ക് ചെയ്ത ഭക്ഷണത്തില്‍ ഒരു പായ്ക്ക് ബിരിയാണി, ഒരു കപ്പ് തൈര്, കുറച്ച് അച്ചാറുകള്‍, ഒരു ചെറിയ കപ്പ് ഡെസേര്‍ട്ട് എന്നിവ ഉള്‍പ്പെടും. എല്ലാം കേവലം മൂന്ന് ദിര്‍ഹത്തിന് മാത്രം. മൂന്നു നേരം ഇത്തരത്തില്‍ ഭക്ഷണം കിട്ടും. ഒരാള്‍ക്ക് ഒരു ദിവസം 9 ദിര്‍ഹം ചെലവാക്കിയാല്‍ ആ ദിനം സുഭിക്ഷം.ഭക്ഷണത്തിനായി ചെലവാക്കുന്നതില്‍ നിന്നും മിച്ചം വച്ച തുക നാട്ടിലേക്ക് അയക്കാം.

ചെറിയ ശമ്പളത്തിന് ജോലി ചെയ്യുന്ന പ്രവാസികള്‍ക്കാണ് ആയിശ അന്നദാതാവാകുന്നത്. തന്റെ സ്ഥാപനത്തിന്റെ നവീകരണം നടക്കുമ്പോള്‍ ഒരു മലയാളി വയോധികന്‍ കയറിവരികയും കമ്പനിയുടെ പ്രവര്‍ത്തനം മോശമായതിനാല്‍ താനടക്കം 750 ആളുകള്‍ക്ക് 15 മാസമായി ശമ്പളമില്ലെന്നും വാച്ച് വരെ വിറ്റിട്ടാണ് ഭക്ഷണം കഴിച്ചതെന്നും അദ്ദേഹം പറയുകയുണ്ടായി. പണമില്ലാത്തതിനാല്‍ മകന്റെ പഠനം നിര്‍ത്തിയെന്നും അദ്ദേഹം ആയിഷയോട് പറഞ്ഞു. ഇതായിരുന്നു ഫുഡ് എ.ടി.എമ്മിന്റെ തുടക്കമെന്ന് ആയിഷാ ഖാന്‍ പറഞ്ഞു.

ഐ.ടി എന്‍ജിനിയറായ ഇവര്‍ ഗള്‍ഫിലെത്തിയത് ലോഞ്ച് പ്രൊജക്ടിലേക്കാണ്. പിന്നീട് ഐ.ടി രംഗത്തേക്കും മുന്‍സിപ്പാലിറ്റിയിലേക്കും മാറി. എന്നാല്‍ പിന്നീട് തൊട്ടടുത്ത് ചെറിയ ശമ്പളത്തിന് ജോലി ചെയ്യുന്നവരുടെ കഷ്ടതകള്‍ കാണുകയും പുതിയ സംരംഭത്തിലേക്ക് വഴി മാറുകയുമായിരുന്നു. ചെറുപ്പത്തിലേ പിതാവില്ലാത്തതിനാല്‍ ആയിഷയ്ക്ക് കുടുംബത്തെ ജോലി ചെയ്ത് പോറ്റേണ്ടിവന്നിരുന്നു. പത്തു വയസ്സുള്ള അനിയനും താനും പഠിച്ചതും ജീവിച്ചതും ഈ വരുമാനത്തില്‍ നിന്നായിരുന്നു.

എന്നെങ്കിലും പണമുണ്ടാകുമ്പോള്‍ ഇത്തരം സംരംഭം തുടങ്ങണമെന്ന് അന്നേ മനസിലുണ്ടായിരുന്നുവെന്നും അവര്‍ പറഞ്ഞു. ഹോള്‍സെയിലായി സാധനങ്ങള്‍ വാങ്ങും. അതിനാല്‍ തന്നെ കുറഞ്ഞ വിലക്ക് ഭക്ഷണം നല്‍കാനാവും. പദ്ധതി തുടങ്ങിയപ്പോള്‍ അജ്മാന്‍ യൂണിവാഴ്‌സിറ്റിയിലായിരുന്നു പ്രവര്‍ത്തനം. പക്ഷേ ആദ്യം ആരും വന്നില്ല. അഞ്ചു ദിര്‍ഹമിന് രണ്ടു പേര്‍ ഭക്ഷണം കഴിക്കുന്ന അവിടെ പത്തു ദിര്‍ഹമിന് ഭക്ഷണം വാങ്ങാന്‍ ആളെത്തുമായിരുന്നില്ല. അങ്ങനെ വില കുറക്കുകയായിരുന്നു.


പിന്നീട് സംരംഭം വന്‍ വിജയമായി. ദുബൈ, ഷാര്‍ജ, അജ്മാന്‍ എന്നിവിടങ്ങളില്‍ താമസിക്കുന്ന ആയിരങ്ങള്‍ക്ക് അവള്‍ എല്ലാ ദിവസവും പാഴ്‌സലുകള്‍ എത്തിക്കുന്നു. നിരവധി തൊഴിലാളികളുളള സ്ഥാപനത്തില്‍ അവരൊപ്പം ആയിശയും കഠിനാധ്വാനം ചെയ്യുന്നു. അജ്മാനിലെ ഞങ്ങളുടെ സ്ഥാപനത്തില്‍ 24 മണിക്കൂറും ഭക്ഷണവും വെള്ളവും ലഭ്യമാണ്. നിങ്ങള്‍ക്ക് പുലര്‍ച്ചെ രണ്ടോ മൂന്നോ മണിക്ക് ഞങ്ങളുടെ അടുത്തേക്ക് വരാം. എപ്പോഴും ഭക്ഷണവും വെള്ളവും ലഭിക്കുംആയിഷ പറയുന്നു.

ഒരു വ്യക്തി നല്‍കുന്ന പേയ്‌മെന്റിനെ ആശ്രയിച്ച്, ഒരു മാസം മുഴുവനുള്ള ഭക്ഷണത്തിന്റെ എണ്ണം ഫുഡ് കാര്‍ഡില്‍ ചേര്‍ക്കും. മാസാവസാനം എണ്ണം പൂജ്യത്തിലേക്ക് വരും. വീണ്ടും ഒന്നാം തീയതി കാര്‍ഡ് ലോഡു ചെയ്യും. കാര്‍ഡില്‍ ഒരു നമ്പറും വ്യക്തിയുടെ ഫോട്ടോയും ഒരു ക്യു.ആര്‍ കോഡും ഉണ്ട്. അത് ഭക്ഷണത്തിന്റെ എണ്ണത്തിന്റെ ബാലന്‍സിനായി സ്‌കാന്‍ ചെയ്യും.

ഒരു തൊഴിലാളിയെ സ്‌പോണ്‍സര്‍ ചെയ്യുന്ന വ്യക്തികളോ കമ്പനികളോ ഭക്ഷണത്തിന് മുന്‍കൂട്ടി പണം നല്‍കണം. അതനുസരിച്ച് ഭക്ഷണത്തിന്റെ കണക്കുകള്‍ കാര്‍ഡില്‍ ലോഡ് ചെയ്യും. കാര്‍ഡില്‍ ഉപഭോക്താവിന്റെ കമ്പനി ഐഡിയും ബന്ധപ്പെടാനുള്ള വിശദാംശങ്ങളുള്ള കമ്പനിയുടെ പേരും അടങ്ങിയിരിക്കും. നിരവധി കമ്പനികളിലെ തൊഴിലാളികളെ ഇത്തരത്തില്‍ ഫുഡ് എ.ടി.എം ഉപഭോക്താക്കളാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

യു.എ ഇയില്‍ മാത്രമല്ല ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പാവപ്പെട്ട തൊഴിലാളികളുടെ വിശപ്പകറ്റാനുള്ള പദ്ധതിയെക്കുറിച്ചാണ് ആയിശ ഇപ്പോള്‍ ആലോചിക്കുന്നത്. നിരവധി അവാര്‍ഡുകളും പ്രചോദനങ്ങളും ഇവരെ തേടിയെത്തിയിട്ടുണ്ട്. 2021 ല്‍ എട്ടു മണിക്കൂര്‍ കൊണ്ട് അരലക്ഷത്തിലേറെ ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്ത ഗിന്നസ് റെക്കോഡ് ഇവര്‍ നേടി.

ഇപ്പോഴും ആയിഷ തിരക്കിലാണ്. സഹജീവികള്‍ക്ക് പ്രത്യാശ നല്‍കുന്ന നവീന ആശയങ്ങളുമായി മുന്നേറാന്‍. ഭക്ഷണ അവശിഷ്ടങ്ങള്‍ എങ്ങിനെ കാര്‍ഷിക മേഖലയില്‍ ഉപയോഗപ്പെടുത്താമെന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പ്രായോഗികമായി അവര്‍ പ്രവര്‍ത്തനത്തിലൂടെ തെളിയിച്ചുകഴിഞ്ഞിട്ടുണ്ട്. തങ്ങള്‍ക്കാവശ്യമായ പച്ചക്കറികള്‍ ഉണ്ടാക്കുന്ന തോട്ടങ്ങള്‍ ഇതില്‍ പെട്ടതാണ്.