19 Jan 2023 8:15 AM GMT
Summary
- 10,000 ദിര്‍ഹത്തിന് മുകളില്‍ മൂല്യമുള്ള ഇറക്കുമതികള്‍ക്കാണ് വിദേശകാര്യമന്ത്രാലയത്തിന്റെ അറ്റസ്റ്റേഷന്‍ നിര്‍ബന്ധമാകുക
- ഫെബ്രുവരി 1 ഒന്ന് മുതല്‍ പുതിയ നിബന്ധന നടപ്പിലാകും
യുഎഇയിലേക്ക് ഇനി ചരക്കുകള്‍ ഇറക്കുമതി ചെയ്യാന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ അറ്റസ്റ്റേഷന്‍ നിര്‍ബന്ധമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. പതിനായിരം ദിര്‍ഹം മൂല്യത്തിനോ, അതിന് മുകളിലോ മൂല്യമുള്ള ചരക്കുകള്‍ രാജ്യത്തേക്കിറക്കണമെങ്കിലാണ് പുതിയ നിബന്ധന ബാധകമാകുക.
അടുത്ത മാസം അഥവാ ഫെബ്രുവരി ഒന്ന് മുതലാണ് പുതിയ നിബന്ധന നടപ്പിലായി തുടങ്ങുക. ഇതിന്റെ ഭാഗമായി ഇന്‍വോയ്സുകള്‍ സാക്ഷ്യപ്പെടുത്താന്‍ ഓണ്‍ലൈന്‍ സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
യുഎഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയമാണ് പതിനായിരം ദിര്‍ഹത്തിനോ, അതിന് മുകളിലോ മൂല്യമുള്ള ചരക്കുകളുടെ ഇറക്കുമതിക്കായി ഇന്‍വോയിസുകള്‍ സാക്ഷ്യപ്പെടുത്തേണ്ടത്.
ഇംപോര്‍ട്ട് ഇന്‍വോയ്സ്, സര്‍ട്ടിഫിക്കറ്റ് ഓഫ് ഒറിജിന്‍ തുടങ്ങിയ രേഖകള്‍ അറ്റസ്റ്റ് ചെയ്യാന്‍ 150 ദിര്‍ഹമായിരിക്കും ഈടാക്കുക. ചരക്കുകള്‍ കൈപ്പറ്റാന്‍ ഡിക്ളറേഷന്‍ നല്‍കി 14 ദിവസം വരെ ഗ്രേസ് പിരീഡും ഇതിനായി അനുവദിക്കും.
ഈ നിശ്ചിത കാലയളവിനുള്ളിലും അറ്റസ്റ്റേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ഒരു ഇന്‍വോയിസിന് 500 ദിര്‍ഹം എന്ന നിരക്കിലായിരിക്കും പിഴ ഈടാക്കുക.
വ്യക്തിഗത ഉപയോഗത്തിനായുള്ള ഇറക്കുമതികള്‍, പതിനായിരം ദിര്‍ഹത്തിന് താഴെ മാത്രം മൂല്യമുള്ള ചരക്കുകള്‍, ഫ്രീസോണിലേക്കുള്ള ചരക്കുകള്‍, ജിസിസി രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി എന്നീ ഗണങ്ങള്‍ക്ക് പുതിയ നിബന്ധന ബാധകമായിരിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
പൊലീസ്-സൈന്യം-ജീവകാരുണ്യ സംഘടനകള്‍-അന്താരാഷ്ട്ര സംഘടനകള്‍ എന്നിവക്ക് എത്തുന്ന ചരക്കുകള്‍, മറ്റു രാജ്യങ്ങളിലേക്ക് കൊണ്ടുപോകുന്ന ട്രാന്‍സിറ്റ് ചരക്കുകള്‍, ബിടുസി ഇ-കോമേഴ്സ് ചരക്കുകള്‍ എന്നിവയും പുതിയ നിബന്ധനയില്‍ നിന്ന് ഒഴിവാകും.