5 Oct 2022 2:58 AM GMT
Summary
കാനഡയില്‍ ജോലി ചെയ്യുന്ന വിദേശികളായ ഡോക്ടര്‍മാര്‍ക്ക് ഇനി മുതല്‍ എക്‌സ്പ്രസ് എന്‍ട്രി പ്രോഗ്രാം വഴി പിആറിന് (പെര്‍മനെന്റ് റസിഡന്‍സി) അപേക്ഷ നല്‍കാന്‍ സാധിക്കും. നിലവില്‍ താല്‍ക്കാലിക വിസയിലാണ് മിക്ക ഡോക്ടര്‍മാരും ഇവിടെ ജോലി ചെയ്യുന്നത്. നിശ്ചിത ശമ്പളത്തിന് ജോലി ചെയ്യുന്നതിന് പകരം സേവനത്തിന് അനുസരിച്ചുള്ള വേതനമാണ് താല്‍ക്കാലിക വിസയുള്ള ഡോക്ടര്‍മാര്‍ കൈപറ്റുന്നത്. സേവനത്തിന്റെ സമയക്രമവും മറ്റും വ്യത്യാസപ്പെട്ടിരിക്കുമെന്നതിനാലാണ് കൃത്യമായ ശമ്പളം കൊടുക്കുന്ന രീതി ഇല്ലാത്തത്. പ്രതിമാസം ഡോക്ടര്‍മാര്‍ നല്‍കുന്ന സേവനത്തിന്റെ ആകെ സമയദൈര്‍ഘ്യം മുതല്‍ ഡിപ്പാര്‍ട്ട്‌മെന്റ് അനുസരിച്ച് […]
കാനഡയില്‍ ജോലി ചെയ്യുന്ന വിദേശികളായ ഡോക്ടര്‍മാര്‍ക്ക് ഇനി മുതല്‍ എക്‌സ്പ്രസ് എന്‍ട്രി പ്രോഗ്രാം വഴി പിആറിന് (പെര്‍മനെന്റ് റസിഡന്‍സി) അപേക്ഷ നല്‍കാന്‍ സാധിക്കും. നിലവില്‍ താല്‍ക്കാലിക വിസയിലാണ് മിക്ക ഡോക്ടര്‍മാരും ഇവിടെ ജോലി ചെയ്യുന്നത്. നിശ്ചിത ശമ്പളത്തിന് ജോലി ചെയ്യുന്നതിന് പകരം സേവനത്തിന് അനുസരിച്ചുള്ള വേതനമാണ് താല്‍ക്കാലിക വിസയുള്ള ഡോക്ടര്‍മാര്‍ കൈപറ്റുന്നത്.
സേവനത്തിന്റെ സമയക്രമവും മറ്റും വ്യത്യാസപ്പെട്ടിരിക്കുമെന്നതിനാലാണ് കൃത്യമായ ശമ്പളം കൊടുക്കുന്ന രീതി ഇല്ലാത്തത്. പ്രതിമാസം ഡോക്ടര്‍മാര്‍ നല്‍കുന്ന സേവനത്തിന്റെ ആകെ സമയദൈര്‍ഘ്യം മുതല്‍ ഡിപ്പാര്‍ട്ട്‌മെന്റ് അനുസരിച്ച് വരെ വേതനത്തില്‍ മാറ്റമുണ്ടാകാം. സ്വയം തൊഴില്‍ ചെയ്യുന്ന ഡോക്ടര്‍മാര്‍ക്കും ഇത്തരത്തില്‍ പിആറിന് അപേക്ഷ നല്‍കാമെന്നാണ് സൂചന.
എക്‌സ്പ്രസ് എന്‍ട്രി പ്രോഗ്രാം വഴി അപേക്ഷ നല്‍കണമെങ്കില്‍ അപേക്ഷകന് കാനഡയിലോ മറ്റേതെങ്കിലും വിദേശ രാജ്യത്തോ കുറഞ്ഞത് ഒരു വര്‍ഷം പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. കോവിഡ് പ്രതിസന്ധി രൂക്ഷമായിരുന്ന സമയം മുതല്‍ ഡോക്ടര്‍മാരുടെ ക്ഷാമം നേരിടുന്ന രാജ്യമാണ് കാനഡ.
ആരോഗ്യമേഖലയില്‍ ആറ് ശതമാനത്തോളം തൊഴിലവസരങ്ങള്‍ കാനഡയില്‍ നിലവിലുണ്ടെന്നാണ് കണക്കുകള്‍. ഇക്കഴിഞ്ഞ ജൂണ്‍ വരെയുള്ള കണക്ക് പ്രകാരം ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്ന 4,300 വിദേശികള്‍ക്ക് പിആര്‍ ലഭിച്ചു കഴിഞ്ഞു. ഇവയില്‍ ഭൂരിഭാഗവും നഴ്‌സുമാരാണ്.
മറ്റ് മേഖലയിലും തൊഴിലവസരം
കാനഡയിലേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്ന ഇന്ത്യാക്കാരടക്കമുള്ളവര്‍ക്ക് വന്‍ അവസരങ്ങള്‍ ലഭ്യമായേക്കുമെന്ന സൂചന നല്‍കുന്ന കാനഡാ ജോബ് വേക്കന്‍സി ആന്‍ഡ് വേജ് സര്‍വേ റിപ്പോര്‍ട്ട് ഏതാനും ദിവസം മുന്‍പാണ് വന്നത്. ഇത് പ്രകാരം നടപ്പ് സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ വിവിധ മേഖലകളിലുള്ള തൊഴിലവസരങ്ങളില്‍ 4.7 ശതമാനം വര്‍ധനയാണുണ്ടായിരിക്കുന്നത്.
2021ലെ രണ്ടാം പാദത്തെ അപേക്ഷിച്ച് 42.3 ശതമാനം അധികമാണിതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. വരും പാദങ്ങളിലും തൊഴിലവസരങ്ങള്‍ വര്‍ധിച്ചേക്കുമെന്നാണ് സൂചന. നിലവില്‍ 9.97 ലക്ഷം തൊഴില്‍ അവസരങ്ങളാണ് കാനഡയിലുള്ളത്. 2020 ആദ്യ പാദം മുതല്‍ തന്നെ കാനഡയില്‍ തൊഴിലാളികള്‍ക്കുള്ള ഡിമാന്‍ഡ് വര്‍ധിച്ചിരുന്നു.