24 Aug 2022 4:25 AM GMT
Summary
ദുബായ്: യുഎഇയിലുള്ള തൊഴിലാളികള്‍ക്ക് ഇനി മുതല്‍ പ്രതിവര്‍ഷം 90 ദിവസം വരെ ചികിത്സാ അവധി ലഭിക്കും. മാനവവിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലമാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ വിവിധ മേഖലകളില്‍ പ്രൊബേഷന്‍ കാലാവധി പൂര്‍ത്തിയാക്കിയ ഇന്ത്യക്കാരടക്കമുള്ള ഒട്ടനവധി തൊഴിലാളികള്‍ക്ക് ചികിത്സാ അവധി ലഭ്യമാകും. എന്നാല്‍ പ്രൊബേഷന്‍ സമയത്ത് ശമ്പളത്തോട് കൂടിയ ചികിത്സാ അവധി ലഭിക്കില്ലെന്നും മന്ത്രാലയം ഇറക്കിയ അറിയിപ്പിലുണ്ട്. പ്രൊബേഷന്‍ സമയത്ത് രോഗം ബാധിക്കുന്ന തൊഴിലാളികള്‍ക്ക് വേതന രഹിതമായ മെഡിക്കല്‍ ലീവ് തൊഴിലുടമകള്‍ നല്‍കണമെന്നും ഈയിനത്തില്‍ അവധിയില്‍ പ്രവേശിക്കണമെങ്കില്‍ നിശ്ചിത […]
ദുബായ്: യുഎഇയിലുള്ള തൊഴിലാളികള്‍ക്ക് ഇനി മുതല്‍ പ്രതിവര്‍ഷം 90 ദിവസം വരെ ചികിത്സാ അവധി ലഭിക്കും. മാനവവിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലമാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ വിവിധ മേഖലകളില്‍ പ്രൊബേഷന്‍ കാലാവധി പൂര്‍ത്തിയാക്കിയ ഇന്ത്യക്കാരടക്കമുള്ള ഒട്ടനവധി തൊഴിലാളികള്‍ക്ക് ചികിത്സാ അവധി ലഭ്യമാകും. എന്നാല്‍ പ്രൊബേഷന്‍ സമയത്ത് ശമ്പളത്തോട് കൂടിയ ചികിത്സാ അവധി ലഭിക്കില്ലെന്നും മന്ത്രാലയം ഇറക്കിയ അറിയിപ്പിലുണ്ട്.
പ്രൊബേഷന്‍ സമയത്ത് രോഗം ബാധിക്കുന്ന തൊഴിലാളികള്‍ക്ക് വേതന രഹിതമായ മെഡിക്കല്‍ ലീവ് തൊഴിലുടമകള്‍ നല്‍കണമെന്നും ഈയിനത്തില്‍ അവധിയില്‍ പ്രവേശിക്കണമെങ്കില്‍ നിശ്ചിത ആരോഗ്യ, ചികിത്സാ കേന്ദ്രങ്ങളില്‍ നിന്നുള്ള മെഡിക്കല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി. രോഗം ബാധിച്ച് ആദ്യ മൂന്നു ദിവസത്തിനകം തൊഴിലാളി ഇക്കാര്യം സ്ഥാപനത്തെ അറിയിക്കുകയും മെഡിക്കല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും വേണം.
അവധിയില്‍ പ്രവേശിക്കുന്നവര്‍ക്ക് ആദ്യത്തെ 15 ദിവസം പൂര്‍ണ വേതനത്തിന് അര്‍ഹതയുണ്ട്. അടുത്ത 30 ദിവസത്തെ അവധിക്ക് പകുതി വേതനത്തിനുള്ള അര്‍ഹതയാണുള്ളത്. ബാക്കിയുള്ള 45 ദിവസം വേതന രഹിത അവധിയായിരിക്കുമെന്നും മന്ത്രാലയം അറിയിച്ചു. ആനുകൂല്യം ലഭ്യമാകാത്ത സാഹചര്യങ്ങള്‍ ഏതൊക്കെയാണെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
ചികിത്സാ അവധി പിന്നിട്ടിട്ടും ജോലിയില്‍ തിരികെ പ്രവേശിച്ചില്ലെങ്കില്‍ തൊഴിലാളിയുടെ സേവനം അവസാനിപ്പിക്കാന്‍ തൊഴിലുടമയ്ക്ക് സാധിക്കും. തൊഴില്‍ ചട്ടപ്രകാരമുള്ള മുഴുവന്‍ അവകാശങ്ങളും നല്‍കിയ ശേഷമാകണം സേവനം അവസാനിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതെന്നും മന്ത്രാലയത്തിന്റെ അറിയിപ്പിലുണ്ട്.
ചികിത്സാ അവധി ലഭിക്കാത്ത സാഹചര്യങ്ങള്‍
1. യുഎഇ ആരോഗ്യ സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചതു മൂലമുണ്ടാകുന്ന രോഗങ്ങള്‍ക്ക്
2. പ്രകൃതിദുരന്തങ്ങള്‍, മഹാമാരികള്‍, ഗതാഗത സുരക്ഷാ നിയമങ്ങളുടെ ലംഘനം മൂലമുള്ള പ്രശ്നങ്ങള്‍
3. സ്ഥാപനം നിശ്ചയിച്ച സുരക്ഷാ നിയമങ്ങള്‍ എന്നിവ ലംഘിച്ചതുകൊണ്ടുള്ള അപകടങ്ങള്‍
4.ലഹരി ഉപയോഗം മൂലമുള്ള ആരോഗ്യ പ്രശ്നങ്ങള്‍
5. തൊഴിലാളിയുടെ തെറ്റായ പ്രവൃത്തി മൂലമുള്ള അപകടം/രോഗം എന്നിവയ്ക്ക്
തൊഴിലാളികള്‍ക്കു സമയത്തു ശമ്പളം നല്‍കിയില്ലെങ്കില്‍ തൊഴിലുടമകള്‍ക്കെതിരെ കടുത്ത നിയമ നടപടിയെുക്കുമെന്ന് യുഎഇ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അറിയിപ്പിറക്കിയിരുന്നു. പിഴ ഇടാക്കുന്നതിനു പുറമേ പുതിയ വീസ നല്‍കുന്നതിനുള്ള അനുമതിയും ഇല്ലാതാകും. 15 ദിവസത്തിലധികം ശമ്പളം വൈകിയാല്‍ വേതന നിയമ ലംഘനമായി കണക്കാക്കും. പതിനേഴാം ദിവസം കമ്പനികള്‍ക്കെതിരെ സര്‍ക്കാര്‍ നടപടി ആരംഭിക്കും.
വേതന സുരക്ഷാ പദ്ധതി വഴിയാണു തൊഴിലാളികള്‍ക്കു ശമ്പളം നല്‍കേണ്ടത്. 15 ദിവസത്തിലധികം ശമ്പളം വൈകിയാല്‍ കുടിശികയായിട്ടാകും കണക്കാക്കുക. കമ്പനിയിലെ തൊഴിലാളികളുടെ എണ്ണത്തിന് അനുസരിച്ചായിരിക്കും തൊഴിലുടമയ്ക്കെതിരായ നടപടിയെന്നും സര്‍ക്കാര്‍ അറിയിപ്പിലുണ്ട്