5 Feb 2022 5:45 AM GMT
Summary
കോവിഡ് പ്രതിസന്ധിയില്‍ നിന്നും രക്ഷ നേടുന്നതിന് വിദൂര തൊഴില്‍ (റിമോട്ട് വര്‍ക്കിംഗ്) രീതി ഏറെ സഹായകരമായിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ ഇത്തരം തൊഴില്‍ രീതിയുടെ പുത്തന്‍ സാധ്യതകളാണ് തുറന്നത്. അമേരിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ വിദൂര തൊഴില്‍ ഹബുകള്‍ക്ക് പ്രോത്സാഹനം കൊടുത്തപ്പോള്‍ പുത്തന്‍ നിക്ഷേപ രീതിയ്ക്ക് കൂടിയാണ് വഴിയൊരുങ്ങിയത്. ലോകത്ത് ഏറ്റവും വേഗതയില്‍ പുരോഗമിക്കുന്ന 10 വിദൂര തൊഴില്‍ ഹബുകളില്‍ ദുബായ് കഴിഞ്ഞ വര്‍ഷം സ്ഥാനം പിടിച്ചിരുന്നു. അമേരിക്കന്‍ നഗരങ്ങളായ മിയാമിയ്ക്കും ഡെന്‍വറിനും ഒപ്പമാണ് ദുബായ്ക്കും ഈ സ്ഥാനം […]
കോവിഡ് പ്രതിസന്ധിയില്‍ നിന്നും രക്ഷ നേടുന്നതിന് വിദൂര തൊഴില്‍ (റിമോട്ട് വര്‍ക്കിംഗ്) രീതി ഏറെ സഹായകരമായിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ ഇത്തരം തൊഴില്‍ രീതിയുടെ പുത്തന്‍ സാധ്യതകളാണ് തുറന്നത്. അമേരിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ വിദൂര തൊഴില്‍ ഹബുകള്‍ക്ക് പ്രോത്സാഹനം കൊടുത്തപ്പോള്‍ പുത്തന്‍ നിക്ഷേപ രീതിയ്ക്ക് കൂടിയാണ് വഴിയൊരുങ്ങിയത്. ലോകത്ത് ഏറ്റവും വേഗതയില്‍ പുരോഗമിക്കുന്ന 10 വിദൂര തൊഴില്‍ ഹബുകളില്‍ ദുബായ് കഴിഞ്ഞ വര്‍ഷം സ്ഥാനം പിടിച്ചിരുന്നു.
അമേരിക്കന്‍ നഗരങ്ങളായ മിയാമിയ്ക്കും ഡെന്‍വറിനും ഒപ്പമാണ് ദുബായ്ക്കും ഈ സ്ഥാനം ലഭിച്ചത്. ഇപ്പോള്‍ സ്പെയിനും ഇത്തരത്തില്‍ മികച്ച വിദൂര ഹബ് ആകുന്നതിനൊപ്പം 'ഡിജിറ്റല്‍ നൊമാഡ് വിസ' കൂടി നല്‍കി ഈ മേഖലയ്ക്ക് ഊര്‍ജ്ജമേകാനുള്ള ശ്രമത്തിലാണ്. ജര്‍മ്മനി, ഐസ് ലാന്‍ഡ്, മാള്‍ട്ട, മെക്സിക്കോ, പോര്‍ച്ചുഗല്‍, തായ് വാന്‍ എന്നീ രാജ്യങ്ങള്‍ ഡിജിറ്റല്‍ നൊമാഡ് വിസ നേരത്തെ അവതരിപ്പിച്ചിരുന്നു.
ഡിജിറ്റല്‍ നാടോടികള്‍
വിദൂര ജോലിക്കാരെയാണ് ഡിജിറ്റല്‍ നാടേടികള്‍ എന്ന് വിളിക്കുന്നത്. വ്യത്യസ്തമായ രാജ്യങ്ങളെ തൊഴിലിടമായി ഉപയോഗിക്കുന്നതാണ് ഇവരുടെ രീതി. ടെക്ക് മേഖലയിലുള്‍പ്പടെ ഫ്രീലാന്‍സ് ആയി ജോലി ചെയ്യാന്‍ സാധിക്കുന്നവര്‍ക്കും ഈ രീതി ഏറെ പ്രയോജനപ്രദമാണ്. ഈ അവസരത്തിലാണ് ഡിജിറ്റല്‍ നൊമാഡ് വിസയും ഇക്കൂട്ടരിലേക്ക് എത്തുന്നത്. മറ്റൊരു രാജ്യത്തിരുന്ന് വിദൂരമായി ജോലി ചെയ്യുന്നതിന് നൊമാഡ് വിസ സഹായിക്കുന്നു.
വിദ്യാര്‍ത്ഥികള്‍ക്കും തൊഴിലാളികള്‍ക്കും ഈ വിസ ലഭിക്കുമെങ്കിലും നിരക്ക് ഓരോന്നിനും വ്യത്യസ്തമാണ്. വ്യക്തികള്‍ക്ക് മാത്രമല്ല അവരുടെ ആശ്രിതര്‍ക്കും ഇതേ വിസയ്ക്ക് അപേക്ഷിക്കാനുള്ള സൗകര്യവും ചില രാജ്യങ്ങള്‍ ഒരുക്കുന്നുണ്ട്. ഡിജിറ്റല്‍ നൊമാഡ് വിസ എന്നത് ഇതിന് ലഭിച്ച വിളിപ്പേര് മാത്രമാണ്. ഓരോ രാജ്യങ്ങളും നല്‍കുന്ന വിസ പ്രോഗ്രാമിന് കൃത്യമായി ചിട്ടപ്പെടുത്തിയ പേരുണ്ടാകും.
ഡിജിറ്റല്‍ നൊമാഡ് വിസയുമായി സ്പെയിനും
അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
ഇന്ത്യ അടക്കമുള്ള നോണ്‍ യൂറോപ്യന്‍ ഇക്കണോമിക്ക് ഏരിയ (ഇഇഎ) രാജ്യങ്ങളില്‍ നിന്നുള്ള വിദേശ തൊഴിലാളികള്‍ക്കാണ് നിലവില്‍ സ്പെയിന്‍ വിസ അനുവദിച്ചിരിക്കുന്നത്. ഷെന്‍ഗെന്‍ രാജ്യങ്ങളില്‍ നിന്നും വരുന്നവരോ ഇയു പാസ്പോര്‍ട്ട് ഉള്ളവരോ ആയ തൊഴിലാളികള്‍ക്ക് ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്യാതെ തന്നെ സ്പെയിനില്‍ 6 മാസം തുടര്‍ച്ചയായിരുന്ന് ജോലി ചെയ്യാം.
അപേക്ഷകര്‍ സ്പെയിനിലുള്ള കമ്പനിയില്‍ ജോലി ചെയ്യുന്നവരാകരുത്. അല്ലെങ്കില്‍ സ്പാഷിഷ് കമ്പനികളില്‍ നിന്നും ലഭിക്കുന്ന ശമ്പളത്തില്‍ നിന്നും 20 ശതമാനം കുറവ് വരുമാനം ഉള്ളവരായിരിക്കണം എന്നാണ് വ്യവസ്ഥ.
നൊമാഡ് വിസ വഴി അപേക്ഷിക്കുമ്പോള്‍ റെസിഡന്‍സി ഓണ്‍ അറൈവല്‍ നടപടികളുടെ നൂലാമാലകളും കുറയും.
ഫ്രീലാന്‍സ് ജോലികള്‍, ഒന്നിലധികം ക്ലയിന്റുകള്‍ ഉള്ള സംരംഭകര്‍ എന്നിവര്‍ക്ക് ഏറെ സഹായകരമാണ് ഈ സേവനം.
വിദേശ കമ്പനികളില്‍ മുഴുവന്‍ സമയ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ജീവനക്കാര്‍ക്ക് ഏറെ പ്രയോജനപ്രദം.
വിസയ്ക്ക് അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അതാത് രാജ്യത്തെ ലോക്കല്‍ കോണ്‍സുലേറ്റുമായോ സ്പാനിഷ് എംബസിയുമായോ ബന്ധപ്പെടണം (ഓണ്‍ലൈനായോ നേരിട്ടോ വിവര ശേഖരണം നടത്താം, യോഗ്യത സംബന്ധിച്ച വിശദാംശങ്ങള്‍ അറിയാം)
അപ്രൂവല്‍ ലഭിച്ച് കഴിഞ്ഞാല്‍ ആദ്യ ഘട്ടത്തില്‍ ഒരു വര്‍ഷത്തേക്കാണ് വിസ കാലാവധി.
ടൂറിസ്റ്റ് വിസ വഴി സ്പെയിനില്‍ എത്തുന്നവര്‍ക്ക് അത് വെച്ച് വിദൂര ജോലി ചെയ്യാന്‍ അനുമതിയില്ല.
സ്പെയിനില്‍ താമസിക്കുന്നതിനും ജോലി ചെയ്യുന്നതിനുമായി നേരത്തെ നിലനിന്നിരുന്ന പല ചട്ടങ്ങള്‍ക്കും അയവ് വരുത്തുന്ന ചുവടുവെപ്പു കൂടിയായിരിക്കും സ്പാനിഷ് ഡിജിറ്റല്‍ നൊമാഡ് വിസ.
ഗുണങ്ങളും ദോഷങ്ങളും
ഗുണങ്ങളും ദോഷങ്ങളും ഉള്ളതാണ് ഡിജിറ്റല്‍ നൊമാഡ് വിസ. സ്ഥിര വരുമാനം നിലനിര്‍ത്തി ദീര്‍ഘകാലം മറ്റൊരു രാജ്യത്ത് അവിടത്തെ ആനുകൂല്യങ്ങള്‍ ആസ്വദിച്ച് കഴിയാം എന്നത് ഇതിന്റെ പ്രത്യേകതയാണ്. വൈഫൈ ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ ലഭിക്കുന്നതിന് യാതൊരു തടസ്സവുമില്ല. ഫ്ളെക്സിബിള്‍ ആയ ജോലി അല്ലാത്തവര്‍ക്ക് നൊമാഡ് വിസ ലഭിക്കില്ല. ജോലി ചെയ്യുന്ന രാജ്യത്തെ സമയവും സ്പെയിനിലെ സമയവും തമ്മില്‍ ഒത്തു പോകാത്ത സന്ദര്‍ഭവും ഉണ്ടാകാനിടയുണ്ട് (ദീര്‍ഘമായ സമയ വ്യത്യാസം ഉണ്ടെങ്കില്‍). മറ്റൊരു രാജ്യത്തേക്ക് മാറാന്‍ ശ്രമിച്ച് അത് റദ്ദായതിന് പിന്നാലെയാണ് സ്പാനിഷ് വിസയ്ക്ക് ശ്രമിക്കുന്നതെങ്കില്‍ അത് ലഭിക്കാനുള്ള സാധ്യത കുറയും. സ്പെയിനിലേക്ക് മാറി താമസിക്കുമ്പോള്‍ വരുന്ന ചെലവ് ഏറെയാണ്. വരുമാനം അതനനുസരിച്ച് ഉണ്ടെന്ന് ഉറപ്പാക്കിയ ശേഷം ഇത്തരം രാജ്യങ്ങളിലേക്ക് മാറുക.