image

4 Feb 2022 1:13 AM GMT

Banking

എന്‍ആര്‍ഐ അക്കൗണ്ട് ഉപയോഗിക്കുമ്പോള്‍ ഇവയോര്‍ക്കാം

MyFin Desk

എന്‍ആര്‍ഐ അക്കൗണ്ട് ഉപയോഗിക്കുമ്പോള്‍ ഇവയോര്‍ക്കാം
X

Summary

  തൊഴിലിനോ സ്ഥിര താമസ വിസയിലോ മറ്റോ വിദേശത്തേയ്ക്ക് പോകുമ്പോള്‍ തന്നെ ഒരാള്‍ എന്‍ ആര്‍ എ അക്കൗണ്ട് ആരംഭിക്കാറുണ്ട്. ഇതോടൊപ്പം ഇവിടെ നിക്ഷേപിക്കുന്നതിനും പണം ക്രയവിക്രയം ചെയ്യുന്നതിനും വേണ്ട പ്രാഥമികമായ കാര്യങ്ങള്‍ അറിയാന്‍ ശ്രമിക്കുന്നതും സ്വാഭാവികമാണ്. എന്നാല്‍ അല്‍പം കൂടി ആഴത്തില്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതില്‍ വീഴ്ച്ച വരികയും അതു മൂലം അവര്‍ നൂലാമാലകളില്‍ ചെന്നു പെടുകയും ചെയ്യുന്നത് പതിവാണ്. അക്കൗണ്ടില്‍ വരവ് വെക്കാവുന്ന വരുമാനങ്ങള്‍ ഏതൊക്കെ എന്നത് മുതല്‍ എന്‍ആര്‍ഐ അക്കൗണ്ട് ഉടമയ്ക്ക് ലഭിക്കുന്ന […]


തൊഴിലിനോ സ്ഥിര താമസ വിസയിലോ മറ്റോ വിദേശത്തേയ്ക്ക് പോകുമ്പോള്‍ തന്നെ ഒരാള്‍ എന്‍ ആര്‍ എ അക്കൗണ്ട് ആരംഭിക്കാറുണ്ട്. ഇതോടൊപ്പം ഇവിടെ...

 

തൊഴിലിനോ സ്ഥിര താമസ വിസയിലോ മറ്റോ വിദേശത്തേയ്ക്ക് പോകുമ്പോള്‍ തന്നെ ഒരാള്‍ എന്‍ ആര്‍ എ അക്കൗണ്ട് ആരംഭിക്കാറുണ്ട്. ഇതോടൊപ്പം ഇവിടെ നിക്ഷേപിക്കുന്നതിനും പണം ക്രയവിക്രയം ചെയ്യുന്നതിനും വേണ്ട പ്രാഥമികമായ കാര്യങ്ങള്‍ അറിയാന്‍ ശ്രമിക്കുന്നതും സ്വാഭാവികമാണ്. എന്നാല്‍ അല്‍പം കൂടി ആഴത്തില്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതില്‍ വീഴ്ച്ച വരികയും അതു മൂലം അവര്‍ നൂലാമാലകളില്‍ ചെന്നു പെടുകയും ചെയ്യുന്നത് പതിവാണ്. അക്കൗണ്ടില്‍ വരവ് വെക്കാവുന്ന വരുമാനങ്ങള്‍ ഏതൊക്കെ എന്നത് മുതല്‍ എന്‍ആര്‍ഐ അക്കൗണ്ട് ഉടമയ്ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ ഏതൊക്കെ എന്ന് വരെ അറിഞ്ഞിരിക്കണം. ഇവയ്ക്കൊപ്പം തന്നെ എന്‍ആര്‍ഐ അക്കൗണ്ട് ഉപയോക്താക്കള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളെ പറ്റിയും അറിഞ്ഞിരിക്കാം. വിദേശത്ത് നിന്നും പണം ഇന്ത്യയിലേക്ക് അയയ്ക്കുമ്പോള്‍ അതാത് രാജ്യത്തിന്റെ കറന്‍സിയും ഇന്ത്യന്‍ രൂപയും തമ്മില്‍ അപ്പോഴുള്ള വിനിമയ നിരക്ക് കണക്കാക്കിയുള്ള തുകയാണ് അക്കൗണ്ടിലെത്തുക. ഈ അക്കൗണ്ടിലെ നിക്ഷേപത്തിന് ലഭിക്കുന്ന പലിശയ്ക്ക് നികുതിയില്ല.

വരുമാനങ്ങള്‍

എന്‍ആര്‍ഐയ്ക്ക് അവര്‍ വസിക്കുന്ന രാജ്യത്ത് നിന്നും ലഭിക്കുന്ന ശമ്പളവും മറ്റ് വരുമാനവും അക്കൗണ്ടില്‍ വരവ് വെക്കാം. മറ്റ് ബാങ്കുകളിലുള്ള എഫ്സിഎന്‍ആര്‍, എന്‍ആര്‍ഇ അക്കൗണ്ടുകളിലെ പണവും വിദേശത്ത് നിന്നും വരുമ്പോള്‍ കൊണ്ടു വരുന്ന വിദേശ കറന്‍സിയും നിക്ഷേപിക്കാം. മ്യൂച്വല്‍ ഫണ്ട്, സര്‍ക്കാര്‍ സെക്യൂരിറ്റി എന്നിവയിലെ നിക്ഷേപത്തില്‍ നിന്നുള്ള വരുമാനം വരവായി കണക്കാക്കും. എന്നാല്‍ ഇവ എന്‍ആര്‍ഐ അക്കൗണ്ടിലെ പണം കൊണ്ട് വാങ്ങിയതാണെങ്കിലെ വരവായി കണക്കാക്കൂ. വസ്തു വിറ്റ് കിട്ടുന്ന തുക നിക്ഷേപിക്കണമെങ്കിലും ഇതേ നിബന്ധന ബാധകമാണ്. മാത്രമല്ല എന്‍ആര്‍ഐ അക്കൗണ്ടില്‍ നിന്നും എടുക്കുന്ന തുക റീഫണ്ട് വരുന്ന സാഹചര്യമുണ്ടായാല്‍ ആ തുകയും വരവ് വെക്കാം. കടപ്പത്രം, ഓഹരി, വസ്തു എന്നിവ സംബന്ധിച്ച ഗഡു അടയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ അതിന് അനുമതി ലഭിക്കാതെ വരുന്ന സാഹചര്യങ്ങളിലാണ് ഇത്തരം റീഫണ്ട് ഉപകാരപ്പെടുക.

അക്കൗണ്ടിലേക്ക് വരുന്ന പണത്തിന് പെട്ടന്ന് ആവശ്യമില്ല എങ്കില്‍ എഫ്ഡിയാക്കുന്നതും ഉത്തമമാണ്. ഉയര്‍ന്ന പലിശ കിട്ടും എന്നതാണ് ഇതിന്റെ നേട്ടം. ഇത്തരത്തില്‍ എഫ്ഡി ആക്കി അക്കൗണ്ടിനെ മാറ്റാന്‍ ഓണ്‍ലൈന്‍ ബാങ്കിങ്ങിലൂടെ അക്കൗണ്ട് ഉടമയ്ക്ക് സാധിക്കും. 5.50 % വരെ പലിശയായി നല്‍കുന്ന ബാങ്കുകളുണ്ട്. എന്‍ആര്‍ഇ എഫ്ഡികള്‍ക്കായിരിക്കും താരതമ്യേന കൂടുതല്‍ പലിശ ലഭിക്കുക. എന്നാല്‍ എഫ്ഡിയുടെ കാലാവധി പൂര്‍ത്തിയാകും മുന്‍പേ തുക പിന്‍വലിച്ചാല്‍ പലിശ കുറയും എന്നകാര്യവും മറക്കണ്ട. എന്‍ആര്‍ഇ അക്കൗണ്ടിലെ നിക്ഷേപത്തിന് നികുതി സാധ്യതയില്ല.

എന്‍ആര്‍ഐ അക്കൗണ്ടും ആനുകൂല്യങ്ങളും

എന്‍ആര്‍ഇ സേവിംഗ്സ്, എഫ്ഡി എന്നീ അക്കൗണ്ടുകളില്‍ ലഭിക്കുന്ന പലിശയ്ക്ക് നികുതിയില്ല. എന്നാല്‍ എന്‍ആര്‍ഒ സേവിംഗ്സ്, എഫ്ഡി അക്കൗണ്ടുകള്‍ക്ക് ആദായ നികുതി നിയമപ്രകാരം ടിഡിഎസ് ബാധകമാണ്. എന്‍ആര്‍ഒ അക്കൗണ്ടില്‍ നിന്നും എന്‍ആര്‍ഇ അക്കൗണ്ടിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ പറ്റുമെങ്കിലും അതിന് നികുതി അടയ്ക്കേണ്ടി വരും.

മിനിമം ബലന്‍സ്

എന്‍ആര്‍ഒ, എന്‍ആര്‍ഇ അക്കൗണ്ടുകളില്‍ നിന്നും വിദേശ അക്കൗണ്ടിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നതിന് നൂലാമാലകള്‍ ഇല്ല.എസ്ബിഐയ്ക്കാണ് താരതമ്യേന കുറഞ്ഞ മിനിമം ബാലന്‍സുള്ളത്. ഗ്രാമീണ ബ്രാഞ്ചുകളില്‍ 1,000 രൂപ മിനിമം ബാലന്‍സില്‍ എന്‍ആര്‍ഐ അക്കൗണ്ട് ആരംഭിക്കാം. ഇന്ത്യയിലെ മറ്റ് മിക്ക ബാങ്കുകളും 10,000 രൂപയാണ് മിനിമം ബാലന്‍സ്. വരുമാനം വിദേശ കറന്‍സി രൂപത്തില്‍ തന്നെ നിലനിര്‍ത്താനും അവസരമുണ്ട്. അതിനായി എഫ്സിഎന്‍ആര്‍ നിക്ഷേപ രീതി ഉപയോഗിക്കാം. ഇത്തരത്തിലുള്ള നിക്ഷേപത്തിന് വിദേശ കറന്‍സിയായി തന്നെ പലിശയും ലഭിക്കും. ലളിതവും സൗകര്യപ്രദവുമായവയാണ് എന്‍ആര്‍ഒ, എന്‍ആര്‍ഇ അക്കൗണ്ടുകള്‍. അക്കൗണ്ട് തുറക്കുന്നതിന് ഇന്ത്യയിലെ ബാങ്ക് ശാഖയില്‍ നേരിട്ട് ചെല്ലണമെന്നില്ല. ഓണ്‍ലൈനായി ഫോം പൂരിപ്പിച്ച ശേഷം അത് പ്രിന്റ് ഔട്ട് എടുത്ത് അതിനൊപ്പം അനുബന്ധ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പിയും ചേര്‍ത്ത് ഇന്ത്യയിലെ ബാങ്കിലേക്ക് കൊറിയറായി അയയ്ക്കാം. ഇ-മെയില്‍ വഴി രേഖകള്‍ അയയ്ച്ചുകൊണ്ട് നിലവിലുള്ള റെസിഡന്റ് അക്കൗണ്ട് എന്‍ആര്‍ഒ അക്കൗണ്ടാക്കി മാറ്റാനുള്ള സംവിധാനവും ചില ബാങ്കുകള്‍ നല്‍കുന്നുണ്ട്.