നാട്ടിലും വിദേശത്തുമായി ആര്‍ജിച്ച സ്വത്തുകള്‍ പിന്തുടര്‍ച്ചക്കാര്‍ക്ക് എഴുതി വെക്കേണ്ടി വരുമ്പോഴാണ് വില്‍പത്രത്തെ കുറിച്ച് ആലോചിക്കുന്നത്....
നാട്ടിലും വിദേശത്തുമായി ആര്‍ജിച്ച സ്വത്തുകള്‍ പിന്തുടര്‍ച്ചക്കാര്‍ക്ക് എഴുതി വെക്കേണ്ടി വരുമ്പോഴാണ് വില്‍പത്രത്തെ കുറിച്ച് ആലോചിക്കുന്നത്. ഇന്ത്യയില്‍ താമസിക്കുന്നവരേക്കാള്‍ ഇത് തലവേദനയുണ്ടാക്കുന്നത് വിദേശ വാസികള്‍ക്കാണ്. വിദേശത്ത് സ്ഥാവര-ജംഗമ വസ്തുക്കള്‍ ഉള്ളവരാണെങ്കില്‍ സ്വത്ത് സംബന്ധിച്ച് നിലനില്‍ക്കുന്ന നിയമങ്ങള്‍ കൃത്യതയോടെ മനസിലാക്കേണ്ടി വരും. ഒന്നിലധികം വില്‍പത്രങ്ങള്‍ തയാറാക്കമോ, ഒന്നിലധികം ആളുകളെ വില്‍പത്രത്തിന്റെ ചുമതല ഏല്‍പ്പിക്കാമോ, വിദേശ രാജ്യങ്ങളിലുള്ള സ്വത്തുക്കള്‍ക്ക് അവിടത്തെ നിയമം എങ്ങനെ ബാധകമാകും തുടങ്ങി ഒട്ടേറെ സംശയങ്ങള്‍ ഈ ഘട്ടത്തില്‍ ഉടലെടുക്കാന്‍ സാധ്യതയുണ്ട്. ഇത്തരത്തില്‍ വില്‍പത്രം തയാറാക്കുന്നത് സംബന്ധിച്ച അടിസ്ഥാന കാര്യങ്ങളാണിവിടെ പങ്കുവെക്കുന്നത്.
വില്‍പത്രം എന്നാല്‍
ഒരു വ്യക്തിയുടെ കാലശേഷം തന്റെ സ്വത്തുക്കളുടെ പിന്തുടര്‍ച്ച നിയമാനുസൃതമായി എങ്ങനെ നടപ്പില്‍ വരുത്തണമെന്ന് ഒരാള്‍ ആഗ്രഹിക്കുന്നു എന്നതിന്റെ നിയമപരമായ രേഖയാണ് വില്‍പത്രം എന്നത്. ഇന്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമം 1925 (Indian Succession Act, 1925) സെക്ഷന്‍ 59 മുതല്‍ വില്‍പത്രം സംബന്ധിച്ച വിവരണം നല്‍കിയിട്ടുണ്ട്. പ്രായപൂര്‍ത്തിയായ ഏതൊരു പൗരനും തന്റെ ആഗ്രഹം വില്‍പത്രം ആയി തയാറാക്കാം. കാഴ്ച്ചയില്ലാത്തവര്‍, മൂകര്‍, ബധിരര്‍, മാനസിക വെല്ലുവിളി നേരിടുന്ന ആളുകള്‍ എഴുതുന്ന വില്‍പത്രങ്ങള്‍ അസാധുവാകും. വില്‍പത്രം എഴുതുന്നതിന് മുദ്രപ്പത്രം വേണമെന്ന് നിര്‍ബന്ധമില്ല.
വെള്ളപേപ്പറില്‍ വേണമെങ്കിലും വില്‍പ്പത്രം എഴുതാം. സബ് രജിസ്ട്രാര്‍ ഓഫീസില്‍ (ഇന്ത്യയില്‍) ഫീസടച്ച് വില്‍പത്രം രജിസ്റ്റര്‍ ചെയ്യാം. സാധാരണയായി ഒരു വസ്തു ഭാഗം വയ്ക്കുകയാണെങ്കില്‍ അതിന്റെ മാര്‍ക്കറ്റ് വിലയ്ക്കനുസരിച്ചുള്ള മുദ്രപ്പത്രങ്ങള്‍ വാങ്ങേണ്ടതും ഫീസും അടയ്‌ക്കേണ്ടതായും വരും. ഈ രീതിയിലുള്ള വലിയ പണച്ചെലവ് വില്‍പത്രം എഴുതുന്നതു മൂലം ഒഴിവാക്കാം.
വില്‍പത്രം തയാറാക്കുമ്പോള്‍
വില്‍പത്രം തയാറാക്കുമ്പോള്‍ തൊട്ടടുത്ത പിന്തുടര്‍ച്ചക്കാരിലേക്കാണ് സ്വത്ത് എത്തുന്നതെന്ന് വ്യക്തമാക്കുന്ന രീതിയില്‍ എഴുതുക (പിന്തുടര്‍ച്ചക്കാരല്ലെങ്കില്‍ സ്വത്ത് ചെല്ലണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നയാള്‍)
വില്‍പത്രം തയാറാക്കിയതിന് സാക്ഷികള്‍ ഉള്ളത് നല്ലതാണ്. അവരുടെ ഒപ്പു കൂടി വില്‍പത്രത്തില്‍ ഉള്‍പ്പെടുത്തുക. എന്നിട്ട് വേണം ഇത് രജിസ്റ്റര്‍ ചെയ്യാന്‍. കുറഞ്ഞത് രണ്ട് സാക്ഷികളെങ്കിലും ഉണ്ടാകുന്നതാണ് നല്ലത്.
സാക്ഷിയായി ഒപ്പിടുന്ന ആളുടെ വിശ്വാസ്യതയും വില്‍പത്രത്തിന്റെ നിയമസാധുത വര്‍ധിപ്പിക്കും. ഒപ്പിടുന്ന ആളുടെ പ്രൊഫഷന്‍ അടക്കമുള്ള കാര്യങ്ങള്‍ ഇവിടെ പരിഗണിക്കപ്പെട്ടേക്കാം. ഉദാഹരണത്തിന് ഡോക്ടര്‍.
എന്‍ആര്‍ഐകള്‍ക്കും ഇന്ത്യയിലെ ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലീം പിന്തുടര്‍ച്ചാവകാശ നിയമങ്ങള്‍ ബാധകമാണ്.
അതാത് നിയമം
വിദേശ രാജ്യങ്ങളിലെ സ്ഥാവര-ജംഗമ സ്വത്തുക്കളുടെ മേല്‍ അവിടത്തെ നിയമങ്ങളും ബാധകമാണ്. വില്‍പത്രം തയാറാക്കുമ്പോള്‍ ഇതുകൂടി ശ്രദ്ധിക്കുക. നികുതി ബാധിക്കുന്നത് എങ്ങനെയെന്നും പഠിക്കുക. പല വിദേശ രാജ്യങ്ങളിലായി നിങ്ങള്‍ക്ക് സ്വത്തുക്കളുണ്ടെങ്കില്‍ വെവ്വേറ വില്‍പത്രം തയാറാക്കണമെന്നില്ല. വ്യക്തിഗതമായി കൈവശം ഉള്ള ഓരോ സ്വത്തും ലിസ്റ്റ് ചെയ്ത് ഒറ്റ വില്‍പത്രം തയാറാക്കുവാനും സാധിക്കും. ഓരോ രാജ്യത്തെ ഏത് സ്ഥലത്താണ് ഇവയെന്ന് എടുത്ത് പറഞ്ഞിരിക്കണം.
ഇത്തരത്തില്‍ ഒറ്റ വില്‍പത്രത്തില്‍ തന്നെ പല വസ്തുവകകളുടെ വിവരണം ഉള്ളത് വിശ്വാസ്യതയും വര്‍ധിപ്പിക്കുകയും തര്‍ക്ക സാധ്യത കുറയ്ക്കുകയും ചെയ്യും.
ചില രാജ്യങ്ങളിലെ സ്വത്തുക്കള്‍ക്ക് പ്രത്യേകം വില്‍പത്രം തയാറാക്കേണ്ടി വന്നേക്കാം (വില്‍പത്രം എഴുതുന്ന സമയത്ത് നിലനില്‍ക്കുന്ന നിയമവും വിദഗ്ധ ഉപദേശവും തേടാം)
സ്വത്ത് നിലനില്‍ക്കുന്നത് വിദേശത്താണെങ്കില്‍ വില്‍പത്രം അവിടെ രജിസ്റ്റര്‍ ചെയ്തിരിക്കണം (നിയമ വ്യവഹാരങ്ങളുണ്ടായാല്‍ ഇത് സഹായകരമാകും).
എന്‍ആര്‍ഐകള്‍ക്ക് ഇന്ത്യയില്‍ സ്വത്തുക്കളുണ്ടെങ്കില്‍ അവയ്ക്ക് പ്രത്യേകം വില്‍പത്രം തയാറാക്കുന്നതാണ് നല്ലത്. നിങ്ങള്‍ ആയിരിക്കുന്ന രാജ്യത്ത് പിന്തുടര്‍ച്ചാ നികുതി ഉണ്ടെങ്കില്‍ അത് കുറയ്ക്കുന്നതിന് ഇത് സഹായിക്കും. ഇന്ത്യയില്‍ പിന്തുടര്‍ച്ചാ നികുതി ഇല്ല.
ശ്രദ്ധിക്കാം
വിശ്വസ്തനും നിങ്ങളെക്കാള്‍ പ്രായം കുറഞ്ഞതുമായ ആളെ വില്‍പത്രത്തിന്റെ നടത്തിപ്പ് സംബന്ധിച്ച ചുമതല ഏല്‍പ്പിക്കുക.
ഇതേ ആളെ തന്നെ ട്രസ്റ്റിയോ പവര്‍ ഓഫ് അറ്റോര്‍ണിയോ ആക്കുവാനും സാധിക്കും (വസ്തു ഉടമയ്ക്കാണ് അതിന് പൂര്‍ണ്ണ അധികാരം)
വില്‍പത്രം ഏത് രാജ്യത്തിരുന്ന തയാറാക്കുന്നുവോ അവിടത്തെ പ്രാദേശിക നിയമങ്ങളും അറിഞ്ഞിരിക്കുക.
വിദേശത്തിരുന്ന് വില്‍പത്രം തയാറാക്കുമ്പോഴുള്ള പ്രധാന നടപടിക്രമങ്ങള്‍
വില്‍പത്രം തയാറാക്കി തെറ്റകളോ നിയമ പ്രശ്‌നങ്ങളോ കടന്നു കൂടിയിട്ടില്ലെന്ന് ഉറപ്പാക്കുക
വില്‍പത്രത്തിനായി യോഗ്യനായ ചുമതലക്കാരനെ തിരഞ്ഞെടുക്കുക.
പബ്ലിക്ക് നോട്ടറിയില്‍ നിന്നും അറ്റസ്റ്റേഷന്‍ നേടുക
ഫോറിന്‍ ആന്‍ഡ് കോമണ്‍വെല്‍ത്ത് ഓഫീസില്‍ നിന്നും അപ്പോസ്റ്റില്‍ സ്റ്റാംപ് നേടുക.
ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ നിന്നും കോണ്‍സുലാര്‍ സ്റ്റാംപ് നേടുക.