ഗള്‍ഫ് രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന അറബ് രാജ്യങ്ങളുടെ രാഷ്ട്രീയ സാമ്പത്തിക യൂണിയനാണ് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ ( ജി സി സി). 1981 ല്‍...
ഗള്‍ഫ് രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന അറബ് രാജ്യങ്ങളുടെ രാഷ്ട്രീയ സാമ്പത്തിക യൂണിയനാണ് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ ( ജി സി സി). 1981 ല്‍ സ്ഥാപിതമായ ജി സി സി യുണൈറ്റഡ് അറബ് എമിറേറ്റ്സ്, സൗദി അറേബ്യ, ഖത്തര്‍, ഒമാന്‍, കുവൈറ്റ്, ബഹ്റൈന്‍ എന്നീ ആറ് രാജ്യങ്ങല്‍ കൂടിചേര്‍ന്നുള്ള ഒരു സംഘടനയാണ്.
പ്രധാന പാശ്ചാത്യ, കിഴക്കന്‍ സമ്പദ് വ്യവസ്ഥകളുടെ മധ്യത്തിലാണ് ജി സി സിയുടെ ഭൂമിശാസ്ത്രപരമായ സ്ഥാനം. കാര്യക്ഷമമായ വ്യോമ, സമുദ്ര ബന്ധങ്ങളും വികസിത അടിസ്ഥാന സൗകര്യങ്ങളും ഈ രാജ്യങ്ങളെ ബിസിനസ് സ്ഥാപിക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള മികച്ച സ്ഥലമാക്കി മാറ്റുന്നു.
ജി സി സി ചാര്‍ട്ടറിലെ ഏറ്റവും പ്രധാന ആര്‍ട്ടിക്കിള്‍ നാല് ആണ്. അതില്‍ അംഗരാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും രാജ്യങ്ങളിലെ പൗരന്മാര്‍ക്കിടയില്‍ സഹകരണം പ്രാത്സാഹിപ്പിക്കുന്നതിനുമാണ് സഖ്യം രൂപീകരിച്ചതെന്ന് വ്യക്തമാക്കുന്നു. അംഗരാജ്യങ്ങള്‍ തമ്മിലുള്ള സൈനിക സഹകരണം ഏകോപിപ്പിക്കുന്ന പ്രതിരോധ ആസൂത്രണ സമിതിയും ജി സി സിക്കുണ്ട്. സംഘടനയുടെ ഏറ്റവും ഉയര്‍ന്ന തീരുമാനമെടുക്കുന്ന സ്ഥാപനം സുപ്രീം കൗണ്‍സില്‍ ആണ്. അതില്‍ ജി സി സി രാഷ്ട്രത്തലവന്മാര്‍ ഉള്‍പ്പെടുകയും വാര്‍ഷിക അടിസ്ഥാനത്തില്‍ യോഗം ചേരുകയും ചെയ്യുന്നു.
എണ്ണയുടെ വ്യാപാരം ആരംഭിച്ചതോടെ, ജി സി സി മേഖല കാര്യമായ മാറ്റങ്ങള്‍ക്കു വിധേയമായി. ഇപ്പോള്‍ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥകള്‍ ജിസിസി രാജ്യങ്ങളാണ്. ഇന്ന്, ജിസിസി രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ ഹൈഡ്രോകാര്‍ബണ്‍ വ്യവസായങ്ങളെ ആശ്രയിക്കുന്നതില്‍ നിന്ന് തങ്ങളുടെ സമ്പദ് വ്യവസ്ഥയെ വ്യത്യസ്തമാക്കാനുള്ള വിജയകരമായ ശ്രമങ്ങള്‍ നടത്തുന്നു. ധനകാര്യം, ലോജിസ്റ്റിക്‌സ്, വ്യോമയാനം, ആശയവിനിമയം, ആരോഗ്യ സംരക്ഷണം, ടൂറിസം തുടങ്ങിയ വൈവിധ്യമാര്‍ന്ന വളര്‍ച്ചാ മേഖലകള്‍ ജി സി സി രാജ്യങ്ങള്‍ക്ക് സമൃദ്ധമായ ബിസിനസ് അവസരങ്ങള്‍ നല്‍കുന്നു. വിദേശ സഹകരണം, നിക്ഷേപം, ആധുനികവല്‍ക്കരണം തുടങ്ങിയ കാര്യങ്ങള്‍ മറ്റ് രാജ്യങ്ങളുമായുള്ള വിപുലമായ നയതന്ത്ര വാണിജ്യ ബന്ധങ്ങള്‍ക്ക് കാരണമാകുന്നു.