29 Nov 2024 10:48 AM GMT
Summary
- 2023 ജൂണില്‍ അവസാനിച്ച വര്‍ഷത്തില്‍ കുടിയേറ്റം 9,06,000 ആയി ഉയര്‍ന്നു
- മുന്‍ സര്‍ക്കാരിന്റെ നയങ്ങളെ വിമര്‍ശിച്ച് യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍
- കുടിയേറ്റത്തെ അമിതമായി ആശ്രയിക്കുന്ന വ്യവസായങ്ങള്‍ക്ക് തിരിച്ചടിയാകും
യുകെ ഇമിഗ്രേഷന്‍ സംവിധാനത്തില്‍ പരിഷ്‌കാരം; കുടിയേറ്റം റെക്കോര്‍ഡ് ഉയരത്തില്‍ എത്തിയതോടെയാണ് പുതിയ പദ്ധതികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
ബ്രിട്ടീഷ് തൊഴിലാളികളെ പരിശീലിപ്പിക്കുന്നതിനും വിദേശ തൊഴിലാളികളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും മുന്‍ഗണന നല്‍കേണ്ടത് ആവശ്യമാണെന്ന് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ പറഞ്ഞു. 2023 ജൂണില്‍ അവസാനിച്ച വര്‍ഷത്തില്‍ നെറ്റ് മൈഗ്രേഷന്‍ 9,06,000 ആയി ഉയര്‍ന്നുവെന്ന് വെളിപ്പെടുത്തുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്.
മുന്‍ കണ്‍സര്‍വേറ്റീവ് ഗവണ്‍മെന്റിന്റെ നയങ്ങളെ സ്റ്റാര്‍മര്‍ വിമര്‍ശിച്ചു. കുടിയേറ്റ സംഖ്യയില്‍ കുത്തനെ വര്‍ധനവാണ് അക്കാലയളവിലുണ്ടായത്. 2021-ല്‍ കണ്‍സര്‍വേറ്റീവുകള്‍ അവതരിപ്പിച്ച പോയിന്റ് അധിഷ്ഠിത സംവിധാനത്തിന് കീഴിലുള്ള വിസ റൂട്ടുകള്‍ പരിഷ്‌കരിക്കുന്നതിനുള്ള നടപടികള്‍ പ്രധാനമന്ത്രി വിശദീകരിച്ചു.
അപേക്ഷകരുടെ കഴിവുകളും യോഗ്യതകളും അടിസ്ഥാനമാക്കിയാണ് വിസ അനുവദിക്കുന്നത്. കുടിയേറ്റത്തെ അമിതമായി ആശ്രയിക്കുന്ന വ്യവസായങ്ങളെയാണ് ഇപ്പോള്‍ പ്രഖ്യാപിച്ച മാറ്റങ്ങള്‍ ലക്ഷ്യമിടുന്നതെന്നും പ്രാദേശിക തൊഴിലാളികളെ പരിശീലിപ്പിക്കുന്നതിന് ബിസിനസുകള്‍ നിക്ഷേപം നടത്തേണ്ടതുണ്ടെന്നും സ്റ്റാര്‍മര്‍ പറഞ്ഞു.
ബ്രെക്‌സിറ്റ് യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള കുടിയേറ്റം കുറയ്ക്കുന്നതിന് ഇടയാക്കിയപ്പോള്‍, പുതിയ വിസ നിയമങ്ങള്‍ ഇന്ത്യ, നൈജീരിയ, പാകിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികളുടെ വര്‍ധനവിന് കാരണമായി.