31 Oct 2023 9:46 AM GMT
Summary
- ടൂറിസത്തെ പകര്‍ച്ചവ്യാധിക്കുമുമ്പുള്ള നിലയിലേക്കെത്തിക്കാനുള്ള ശ്രമം
- വിസയില്ലാതെ ഇന്ത്യാക്കാര്‍ക്ക് 30 ദിവസം തായ്‌ലന്‍ഡില്‍ ചെലവഴിക്കാം
ഇന്ത്യന്‍ വിനോദ സഞ്ചാരികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത.നവംബര്‍ മുതല്‍ 2024 മെയ് വരെ ആറുമാസം തായ്‌ലന്‍ഡ് സന്ദര്‍ശിക്കുന്നതിന് ഇന്ത്യാക്കാര്‍ക്ക് വിസ ആവശ്യമില്ല. ഇക്കാര്യം തായ്ലന്‍ഡ് സര്‍ക്കാര്‍ തീരുമാനിച്ചതായി സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഒക്ടോബര്‍ 31 ന് പറഞ്ഞു.
തായ്ലന്‍ഡിന്റെ ഏറ്റവും പുതിയ നീക്കം, രാജ്യത്ത് വിനോദസഞ്ചാരം വര്‍ധിപ്പിക്കുന്നതിനുള്ള ഗവണ്‍മെന്റിന്റെ ശ്രമങ്ങളെ പ്രതിഫലിപ്പിക്കുന്നു, തല്‍ഫലമായി, അതിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ഊര്‍ജം പകരുമെന്ന് വിലയിരുത്തപ്പെടുന്നു. ഈ സെപ്റ്റംബര്‍ ആദ്യം, തായ്ലന്‍ഡ് ചൈനീസ് ടൂറിസ്റ്റുകള്‍ക്കുള്ള വിസ ആവശ്യകതകള്‍ ഒഴിവാക്കിയിരുന്നു. 2019ല്‍ , പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെടുന്നതിനുമുമ്പ് 39 ദശലക്ഷം സന്ദര്‍ശകരാണ് തായ്‌ലന്‍ഡിലെത്തിയത്.
ജനുവരി മുതല്‍ ഒക്ടോബര്‍ 29 വരെ തായ്ലന്‍ഡിലേക്ക് 22 ദശലക്ഷം സന്ദര്‍ശകര്‍ എത്തിയിരുന്നു. ഏറ്റവും പുതിയ സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം 927.5 ബില്യണ്‍ ബാറ്റ് (2567 കോടി ഡോളര്‍) ആണ് ഇതില്‍നിന്നുള്ള വരുമാനം.
'ഇന്ത്യയില്‍ നിന്നും തായ്വാനില്‍ നിന്നും വരുന്നവര്‍ക്ക് 30 ദിവസത്തേക്ക് തായ്ലന്‍ഡില്‍ പ്രവേശിക്കാം,' വക്താവ് ചായ് വാച്ചറോങ്കെ കുറിച്ചു. ഈ വര്‍ഷം ഇതുവരെ മലേഷ്യ, ചൈന, ദക്ഷിണ കൊറിയ എന്നിവിടങ്ങളില്‍ നിന്ന് ഏകദേശം 1.2 ദശലക്ഷത്തിലധികം വിനോദസഞ്ചാരികള്‍ എത്തി. തായ്‌ലന്‍ഡിലെ ടൂറിസത്തിന്റെ നാലാമത്തെ വിപണി ഇന്ത്യയാണ്.
കൂടുതല്‍ എയര്‍ലൈനുകളും ഹോസ്പിറ്റാലിറ്റി ശൃംഖലകളും ആ വിപണിയെ ലക്ഷ്യമിടുന്നു. അതിനാല്‍ ഇന്ത്യയില്‍ നിന്ന് തായ്‌ലന്‍ഡിലേക്കുള്ള സഞ്ചാരവും വര്‍ധിക്കുന്നു.
തായ്ലന്‍ഡ് ഈ വര്‍ഷം ഏകദേശം 28 ദശലക്ഷം സന്ദര്‍ശകരെയാണ് ലക്ഷ്യമിടുന്നത്. രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയെ തടസപ്പെടുത്തിയ തുടര്‍ച്ചയായ ദുര്‍ബലമായ കയറ്റുമതിയെ മറികടക്കാന്‍ യാത്രാ മേഖലയുടെ വളര്‍ച്ച അനിവാര്യമാണ്. അതില്‍ സര്‍ക്കാര്‍ ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കുന്നുമുണ്ട്.