24 Oct 2023 8:22 AM GMT
Summary
- ഇന്ത്യയടക്കം ഏഴ് രാജ്യങ്ങളിലെ യാത്രക്കാര്‍ക്ക് സൗജന്യ വിസ അനുവദിച്ചു
- വിനോദ സഞ്ചാര മേഖലയുടെ ഉയിര്‍ത്തെഴുനേല്‍പ്പിനുള്ള നടപടിയായി ഇതിനെ വിലയിരുത്തുന്നു
- കൊളംബോയുടെ പ്രധാന വരുമാന മാര്‍ഗങ്ങളിലൊന്നാണ് വിനോദസഞ്ചാരമാണ്
ഇന്ത്യയടക്കം ഏഴുരാജ്യങ്ങളിലെ യാത്രക്കാര്‍ക്ക് സൗജന്യ വിസാ സേവനവുമായി ശ്രീലങ്ക. ഇതിന് ശ്രീലങ്കന്‍ കാബിനറ്റ് അംഗീകാരം നല്‍കിയിട്ടുണ്ട്. ഈ സംരംഭം, ഒരു പൈലറ്റ് പ്രോജക്റ്റ് എന്ന നിലയില്‍ ഉടനടി നിലവില്‍ വന്നു. മാര്‍ച്ച് 31 വരെ ഇത് നിലവിലുണ്ടാകുമെന്ന് ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രി അലി സാബ്രി ട്വീറ്റ് ചെയ്തു.
വിനോദ സഞ്ചാരമേഖലയുടെ വികസനം മുന്‍നിര്‍ത്തിയാണ് കൊളംബോ ഈ നടപടി സ്വീകരിച്ചിട്ടുള്ളത്. സാമ്പത്തികമായി തകര്‍ന്ന നിലയില്‍നിന്ന് തിരിച്ചുവരവിനുള്ള ശ്രമമാണ് ശ്രീലങ്ക ഇപ്പോള്‍ നടത്തുന്നത്. കടക്കെണിയും കോവിഡും ദ്വീപ് രാഷ്ട്രത്തെ സാമ്പത്തികമായി തകര്‍ത്തിരുന്നു.
''വരും വര്‍ഷങ്ങളില്‍ വിനോദസഞ്ചാരികളുടെ വരവ് അഞ്ച് ദശലക്ഷമായി ഉയര്‍ത്തുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,'' ശ്രീലങ്കന്‍ മാധ്യമങ്ങളെ ഉദ്ധരിച്ച് മന്ത്രാലയം പറഞ്ഞു. ഈ നീക്കത്തിലൂടെ യാത്രക്കാര്‍ക്ക് വിസ ലഭിക്കുന്നതിന് ചെലവഴിക്കുന്ന പണവും സമയവും ലാഭിക്കാമെന്നും പ്രതീക്ഷിക്കപ്പെടുന്നു.
അഞ്ച് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് സൗജന്യ ടൂറിസ്റ്റ് വിസ അനുവദിക്കുന്നതിനുള്ള നിര്‍ദ്ദേശം കാബിനറ്റ് യോഗത്തില്‍ അവതരിപ്പിച്ചതായി ശ്രീലങ്കന്‍ ടൂറിസം മന്ത്രാലയം കഴിഞ്ഞ ആഴ്ച ആദ്യം പ്രഖ്യാപിച്ചിരുന്നു. ശ്രീലങ്കന്‍ പ്രധാനമന്ത്രി ദിനേശ് ഗുണവര്‍ധന, ടൂറിസം ആന്‍ഡ് ലാന്‍ഡ് മന്ത്രി ഹരിന്‍ ഫെര്‍ണാണ്ടോ, പൊതു സുരക്ഷാ മന്ത്രി ടിറാന്‍ അല്ലെസ്, വിദേശകാര്യ മന്ത്രി അലി സബ്രി എന്നിവര്‍ സംയുക്തമായാണ് വിഷയം കാബിനറ്റില്‍ അവതരിപ്പിച്ചത്.
കൂടാതെ, സമീപഭാവിയില്‍ രാജ്യത്തെ ഒട്ടുമിക്ക ടൂറിസ്റ്റ് സൈറ്റുകള്‍ക്കും ഇ-ടിക്കറ്റിംഗ് സംവിധാനം ഏര്‍പ്പെടുത്താനും ശ്രീലങ്ക ഉദ്ദേശിക്കുന്നു.