22 Nov 2023 10:10 AM GMT
Summary
- പ്രവര്‍ത്തനപരമായ കാരണങ്ങളാല്‍ സെപ്റ്റംബറിലാണ് വിസ സേവനങ്ങള്‍ നിര്‍ത്തിവെച്ചത്
- ചിലവിഭാഗങ്ങളില്‍പ്പെട്ട വിസ സേവനങ്ങള്‍ ഇന്ത്യ ഒക്ടോബര്‍ 26മുതല്‍ ആരംഭിച്ചിരുന്നു
കനേഡിയന്‍ പൗരന്മാര്ക്കുള്ള ഇ-വിസ സേവനങ്ങള്‍ ഇന്ത്യ പുനരാരംഭിച്ചതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ``പ്രവര്‍ത്തനപരമായ കാരണങ്ങളാല്‍'' കൂടുതല്‍ അറിയിപ്പ് ഉണ്ടാകുന്നതുവരെ കാനഡയിലെ ഇന്ത്യന്‍ മിഷന്‍ സെപ്റ്റംബറില്‍ വിസ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു.
കാനഡ നടപ്പിലാക്കിയ സമീപകാല നടപടികള്‍ കണക്കിലെടുത്ത്, സുരക്ഷാ സാഹചര്യങ്ങളെ സമഗ്രമായി വിലയിരുത്തിയതിന് ശേഷം ഒക്ടോബറില്‍, നാല് പ്രത്യേക വിഭാഗങ്ങള്‍ക്കായി കാനഡയില്‍ വിസ സേവനങ്ങള്‍ പുനരാരംഭിക്കാന്‍ ഇന്ത്യ തീരുമാനിച്ചു. ഈ വിഭാഗങ്ങളില്‍ എന്‍ട്രി വിസ, ബിസിനസ് വിസ, മെഡിക്കല്‍ വിസ, കോണ്‍ഫറന്‍സ് വിസ എന്നിവ ഉള്‍പ്പെടുന്നു. സേവനങ്ങളുടെ പുനരാരംഭം ഒക്ടോബര്‍ 26 മുതല്‍ പ്രാബല്യത്തില്‍ വന്നു.
വിസ സേവനങ്ങള്‍ ഭാഗികമായി പുനരാരംഭിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തെ കാനഡ സ്വാഗതം ചെയ്തു, അതിനെ 'നല്ല അടയാളം' എന്ന് വിളിക്കുകയും സസ്‌പെന്‍ഷന്‍ 'ആദ്യം ഒരിക്കലും സംഭവിക്കാന്‍ പാടില്ലായിരുന്നു' എന്ന് പ്രസ്താവിക്കുകയും ചെയ്തു.
കാനഡയുമായുള്ള നയതന്ത്ര തര്‍ക്കത്തിനിടയില്‍, അനിശ്ചിതകാല ഇടവേള ചൂണ്ടിക്കാട്ടി സെപ്റ്റംബറില്‍ ഇന്ത്യ വിസ സേവനങ്ങള്‍ നിര്‍ത്തിവച്ചത് ശ്രദ്ധേയമാണ്.
ജൂണില്‍ ഖാലിസ്ഥാനി ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതില്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ ഏജന്റുമാര്‍ക്ക് പങ്കുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചതിനെ തുടര്‍ന്നാണ് ബന്ധങ്ങള്‍ വഷളായത്. ഈ ആരോപണത്തെ ഇന്ത്യ തള്ളുകയും കാനഡയുടെ തീരുമാനത്തിനെതിരെ ഒരു കനേഡിയന്‍ നയതന്ത്രജ്ഞനെ പുറത്താക്കുകയും ചെയ്തു.
അതേസമയം, ഇന്ന് (ബുധനാഴ്ച) നടക്കുന്ന ജി20 വെര്‍ച്വല്‍ ഉച്ചകോടിയില്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പങ്കെടുക്കുമെന്ന് സ്ഥിരീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഉച്ചകോടി നടത്തുന്നത്.