30 Oct 2023 12:22 PM GMT
Summary
- ഈ വര്‍ഷം ആദ്യം ഉണ്ടായിരുന്ന കാലതാമസത്തില്‍ നിന്ന് കുറവ് വന്നിട്ടുണ്ട്
- മുംബൈയില്‍നിന്നാണ് ഏറ്റവുമധികം സമയം വിസയ്ക്കായി വേണ്ടിവരുന്നത്
- എച്ച്-1ബി വിസയ്‌ക്കോ, എഫ് 1 വിസയ്‌ക്കോ വേണ്ടിയുള്ള കാത്തിരിപ്പ് സമയം കുറവാണ്
ഇന്ത്യയില്‍ വിസ നടപടികള്‍ വേഗത്തിലാക്കാന്‍ യുഎസ് ഗവണ്‍മെന്റ് ശ്രമിക്കുന്നുണ്ടെങ്കിലും, അതിനു വലിയ പുരോഗതി കാണാനില്ല. ഇപ്പോഴും വിസ സംബന്ധിച്ച കാര്യങ്ങൾ അധികൃതരുമായി ചർച്ച ചെയ്യാനുള്ള കൂടികാഴ്ചക്കായി അപേക്ഷകർ 500 ദിവസത്തിലധികം കാത്തിരിക്കേണ്ടി വന്നേക്കാം.
ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സ്റ്റേറ്റ്- ബ്യൂറോ ഓഫ് കോണ്‍സുലര്‍ അഫയേഴ്സ് വെബ്സൈറ്റ് അനുസരിച്ച്, നിലവില്‍ വിവിധ നഗരങ്ങളിലെ ബി1/ബി2 നോണ്‍-ഇമിഗ്രന്റ് സന്ദര്‍ശക വിസ അപ്പോയിന്റ്മെന്റുകള്‍ക്കായുള്ള കാത്തിരിപ്പ് സമയം 506 ദിവസത്തിനും 596 ദിവസത്തിനും ഇടയില്‍ ആണ്. എന്നിരുന്നാലും, ഈ വര്‍ഷം ആദ്യം ഉണ്ടായിരുന്ന 1,000 ദിവസത്തെ കാത്തിരിപ്പ് കാലയളവിനെ അപേക്ഷിച്ച് വലിയ കുറവ് സംഭവിച്ചിട്ടുണ്ട്.
ബി1 വിസ യുഎസിലേക്കുള്ള ബിസിനസ് സംബന്ധമായ യാത്രകള്‍ ഉള്‍ക്കൊള്ളുന്നതാണ്. അതേസമയം, ബി2 വിസ ടൂറിസം, വൈദ്യചികിത്സ, സാമൂഹിക പരിപാടികള്‍ എന്നിവയ്ക്കുള്ളതാണ്.
. ഇനി വിവിധ നഗരങ്ങളില്‍നിന്ന് കണക്കാക്കിയ കാത്തിരിപ്പ് സമയം ഇങ്ങനെ:
ന്യൂഡെല്‍ഹിയില്‍നിന്നുള്ള കാത്തിരിപ്പ് സമയം 542 ദിവസമാണ്. ചെന്നൈയില്‍നിന്ന് 531 ദിവസവും ഹൈദരാബാദില്‍ നിന്ന് 511 ദിവസവും കാത്തിരിപ്പുണ്ട്. കൊല്‍ക്കത്തയില്‍ നിന്നുള്ള സമയം 539 ദിവസങ്ങള്‍ ആയിരിക്കുമ്പോള്‍ മുംബൈയില്‍ ഇത് 596 ആണ്.
എന്നിരുന്നാലും, എച്ച്-1ബി വിസയ്‌ക്കോ, എഫ് 1 വിസയ്‌ക്കോ വേണ്ടിയുള്ള കാത്തിരിപ്പ് സമയം കുറവാണ്. സാധാരണഗതിയില്‍ ഇത് രണ്ട് ദിവസം മുതല്‍ 90 ദിവസം വരെയാകാം.
കഴിഞ്ഞ വര്‍ഷത്തില്‍, നീണ്ട കാത്തിരിപ്പ് സമയം പരിഹരിക്കാന്‍ ശ്രമിച്ചിരുന്നു. വിസ അപേക്ഷാ കെട്ടിക്കിടക്കുന്നത് പരിഹരിക്കുന്നതിനും വര്‍ധിച്ചുവരുന്ന ഡിമാന്‍ഡ് നിറവേറ്റുന്നതിനുമായി, ഇന്ത്യയ്ക്ക് പുറത്ത് സ്ഥിതിചെയ്യുന്ന യുഎസ് കോണ്‍സുലേറ്റുകളില്‍ യുഎസ് വിസയ്ക്ക് അപേക്ഷിക്കാനുള്ള അവസരം ഇന്ത്യക്കാര്‍ക്ക് നല്‍കി.
കഴിഞ്ഞ മാസം ഒരു എംബസി ഉദ്യോഗസ്ഥന്‍ പറഞ്ഞത് , 'ഇന്ത്യയില്‍, ആദ്യമായി സന്ദര്‍ശക വിസ അപേക്ഷകര്‍ ഒഴികെയുള്ള എല്ലാ നോണ്‍-ഇമിഗ്രന്റ് വിസ വിഭാഗങ്ങള്‍ക്കും അഭിമുഖ കാത്തിരിപ്പ് സമയങ്ങള്‍ പ്രീ-പാന്‍ഡെമിക് ലെവലുകളോട് അടുത്തോ അതില്‍ കുറവോ ആണ്. ഒരു അഭിമുഖം ആവശ്യമില്ലാത്ത യാത്രക്കാര്‍ക്ക് കാത്തിരിപ്പ് സമയം വളരെ കുറവാണ്.'
എച്ച് 1 ബി വിസ പദ്ധതി പരിഷ്‌കരിക്കാന്‍ യുഎസ് സര്‍ക്കാര്‍ ഒരുങ്ങുകയാണ്. കഴിഞ്ഞ ആഴ്ച, ജോ ബൈഡന്‍ ഭരണകൂടം, എഫ്-1 വിദ്യാര്‍ത്ഥികള്‍ക്കും സംരംഭകര്‍ക്കും ലാഭേച്ഛയില്ലാത്ത സ്ഥാപനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നവര്‍ക്കും കൂടുതല്‍ സൗകര്യം നല്‍കി കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനായി മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചു. ഓരോ വര്‍ഷവും യുഎസ് ഇഷ്യൂ ചെയ്യുന്ന ഇത്തരം വിസകളുടെ എണ്ണത്തില്‍ കോണ്‍ഗ്രസ് നിര്‍ബന്ധമാക്കിയ 60,000 പരിധി മാറ്റാതെയാണ് നിയമങ്ങള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.