image

24 Oct 2023 10:57 AM GMT

Visa and Emigration

ഗോള്‍ഡന്‍ പാസ്‌പോര്‍ട്ടിനായി ഇന്ത്യക്കാര്‍ ക്യൂവിലാണ്

MyFin Desk

golden passport, what attracts indians
X

Summary

  • അധിക സൗകര്യം വാഗ്ദാനം ചെയ്യുന്നവയാണ് ഗോള്‍ഡന്‍ പാസ്‌പോര്‍ട്ടുകള്‍
  • ബിസിനസുകാര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണിത്
  • ചില കരീബീയന്‍ പാസ്‌പോര്‍ട്ടുകള്‍ ഉപയോഗിച്ച് 157 രാജ്യങ്ങളിലേക്ക് വിസരഹിത യാത്രകള്‍ നടത്താനാകും


വിദേശത്തു താമസിക്കാനും ബിസിനസും ചെയ്യാനും യാത്ര ചെയ്യാനും ആഗ്രഹിക്കുന്ന ഇന്ത്യക്കാരുടെഎണ്ണം ഉയരുകയാണ്. ഗോള്‍ഡന്‍ പാസ്പോർട്ടിനുള്ള ഇന്ത്യക്കാരുടെ അപേക്ഷ അതാണ് സൂചിപ്പിക്കുന്നത്. ഗോള്‍ഡന്‍ പാസ്പോര്‍ട്ടിനായുള്ള ആഗോള അപേക്ഷകരില്‍ 9.4 ഇന്ത്യക്കാരാണെന്നാണ് ആഗോള അഡ്വൈസറി സ്ഥാപനമായ സിറ്റിസണ്‍ഷിപ്പ് ഇന്‍വെസ്റ്റ് കണക്കാക്കുന്നു. പൗരത്വത്തിനൊപ്പം ചില രാജ്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന സൗകര്യത്തെയാണ് ഗോള്‍ഡന്‍ പാസ്പോര്‍ട്ട് എന്ന് സൂചിപ്പിക്കുന്നത്.

വിദേശികള്‍ക്ക് കാര്യമായ നിക്ഷേപം നടത്തി അല്ലെങ്കില്‍ ആ രാജ്യത്ത് ഒരു വീട് വാങ്ങുന്നതിലൂടെ പൗരത്വ പദവി ലഭിക്കും. ഇന്ത്യക്കാര്‍ക്കും പ്രത്യേകിച്ച് ബിസിനസുകാര്‍ക്കും ഓര്‍ഡറില്‍ ഉയര്‍ന്ന പാസ്പോര്‍ട്ട് ഉണ്ടായിരിക്കുന്നത് ബിസിനസ് എളുപ്പമാക്കാന്‍ സഹായിക്കും. 'അന്താരാഷ്ട്ര ബിസിനസ്സുകള്‍ അല്ലെങ്കില്‍ കരിയര്‍ കെട്ടിപ്പടുക്കുമ്പോള്‍ ഇന്ത്യക്കാര്‍ നേരിടുന്ന ഏറ്റവും വലിയ ബുദ്ധിമുട്ടുകളിലൊന്ന് യാത്രയാണ്.

ഇന്ത്യന്‍ പാസ്പോര്‍ട്ടില്‍ ഒരു വ്യക്തിക്ക് 60 രാജ്യങ്ങളിലേക്ക് മാത്രമേ വിസ രഹിത പ്രവേശനം ലഭിക്കൂ. ഇത് താജിക്കിസ്ഥാന് തുല്യമാണ്. എന്നാല്‍, സെന്റ് കിറ്റ്സ് ആന്റ് നെവിസ് പോലെയോ മറ്റേതെങ്കിലും കരീബിയന്‍ രാജ്യത്തിന്റെയോ പൗരനായാല്‍ അവര്‍ക്ക് യൂറോപ്യന്‍ യൂണിയനും യുണൈറ്റഡ് കിംഗ്ഡവും ഉള്‍പ്പെടെ 157 രാജ്യങ്ങളിലേക്ക് വിസ രഹിത പ്രവേശനം ഉണ്ടാകുന്നതായി ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്സിലെ പൊളിറ്റിക്കല്‍ സോഷ്യോളജി പ്രൊഫസറായ ക്രിസ്റ്റിന്‍ സുറാക് പറഞ്ഞു. നിങ്ങള്‍ക്ക് മീറ്റിംഗിനോ മറ്റോ വിവിധ രാജ്യങ്ങളിലേക്ക് സഞ്ചരിക്കേണ്ടിവരുമ്പോള്‍ ഈ പൗരത്വവും പാസ്‌പോര്‍ട്ടും അവര്‍ക്ക് ഉപകാരമാകുന്നതായി അദ്ദേഹം പറഞ്ഞു.

ജര്‍മ്മനി, സ്വീഡന്‍, സ്‌പെയിന്‍, ഫ്രാന്‍സ്, ഇറ്റലി എന്നിവയുടെ നേതൃത്വത്തിലുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ ബിസിനസ്സ് ചെയ്യുന്നതില്‍ ഒന്നാം സ്ഥാനത്താണ്. ഗ്രെനഡ യുഎസിലേക്ക് വിസ രഹിത പ്രവേശനം വാഗ്ദാനം ചെയ്യുന്നു. വൈവിധ്യമാര്‍ന്ന രാജ്യങ്ങളിലേക്ക് വിസ രഹിത പ്രവേശനം യൂറോപന്‍ യൂണിയന്‍ പാസ്‌പോര്‍ട്ട് വാഗ്ദാനം ചെയ്യുന്നു.

ചൈനയില്‍ ബിസിനസ്സ് നടത്തുന്നതില്‍ പ്രത്യേക താല്‍പ്പര്യമുള്ള ആളുകള്‍ക്ക്, ഡൊമിനിക്കയുടെയും ഗ്രെനഡയുടെയും പാസ്പോര്‍ട്ടുകള്‍ പ്രത്യേകിച്ചും ആകര്‍ഷകമാണ്. ഇത് ഈ സുപ്രധാന വിപണിയിലേക്ക് തല്‍ക്ഷണ വിസ രഹിത പ്രവേശനം വാഗ്ദാനം ചെയ്യുന്നു. ഈ രാജ്യങ്ങള്‍ ലോകമെമ്പാടുമുള്ള വരുമാനത്തിന് നികുതി ചുമത്തുന്നില്ല. മൂലധന നേട്ടങ്ങള്‍, സമ്മാനം, സമ്പത്ത് അല്ലെങ്കില്‍ അനന്തരാവകാശം എന്നിവയ്ക്കും ഈ രാജ്യങ്ങള്‍ നികുതി ചുമത്തുന്നില്ല. ഇത് ഉയര്‍ന്ന ആസ്തിയുള്ള വ്യക്തികള്‍ക്ക് അനുകൂലമായ സാമ്പത്തിക അന്തരീക്ഷത്തെ സൂചിപ്പിക്കുന്നു.

മിഡില്‍ ഈസ്റ്റിലും യൂറോപ്പിലും ബിസിനസ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സ്വിസ്, പോര്‍ച്ചുഗീസ് പാസ്പോര്‍ട്ടുകള്‍ നല്ല തിരഞ്ഞെടുപ്പാണ്. കനേഡിയന്‍ പാസ്പോര്‍ട്ട് വടക്കേ അമേരിക്കന്‍ വിപണിയുടെ താക്കോലാണെന്ന് അഭിനവ് ഇമിഗ്രേഷന്‍ സർവീസസ് സിഒഒ രോഹിത് ശർമ പറയുന്നു. ബിസിനസ് താല്‍പ്പര്യങ്ങളുടെ വൈവിധ്യവല്‍ക്കരണം, ആഗോള നിക്ഷേപ അവസരങ്ങള്‍, ഒരു വലിയ ബിസിനസ് ശൃംഖലയിലേക്കുള്ള പ്രവേശനം എന്നിവ ഇവയുടെ മറ്റ് നേട്ടങ്ങളില്‍ ഉള്‍പ്പെടുന്നു.

ഒരു ഗോള്‍ഡന്‍ പാസ്പോര്‍ട്ട് ഉപയോഗിച്ച്, ഒരാള്‍ക്ക് ബിസിനസ് താല്‍പ്പര്യങ്ങള്‍ വൈവിധ്യവല്‍ക്കരിക്കാനും വ്യാപ്തി വര്‍ധിപ്പിക്കാനും കഴിയും എന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു. ഇത് മറ്റ് രാജ്യങ്ങളില്‍ നിക്ഷേപിക്കാനും സ്വതന്ത്രമായി ബിസിനസ് നടത്താനും ആസ്തി സ്വന്തമാക്കാനും പ്രേരിപ്പിക്കുന്നു. ഒരൊറ്റ സമ്പദ് ഘടനയുമായി ബന്ധപ്പെട്ട അപകടസാധ്യതകള്‍ ഇത് ലഘൂകരിക്കുന്നു: വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ഒരാളുടെ മാതൃരാജ്യത്ത് സാമ്പത്തിക അസ്ഥിരത സംഭവിച്ചാല്‍, ഈ പൗരത്വം ഒരു സുരക്ഷാ വലയമായി പ്രവര്‍ത്തിക്കുകയും ബിസിനസ് മാറ്റിസ്ഥാപിക്കാനും വിപുലീകരിക്കാനുമുള്ള ഓപ്ഷനുകള്‍ നല്‍കുന്നതായും വിലയിരുത്തപ്പെടുന്നു.

ഇന്ത്യക്കാർ മുന്നില്‍

സമ്പന്ന രാജ്യങ്ങളില്‍ പൗരത്വം ലഭിക്കുന്ന കുടിയേറ്റക്കാരില്‍ ഇന്ത്യാക്കാരാണ് മുന്നില്‍ എന്ന കണക്കും പുറത്തുവന്നിട്ടുണ്ട്. കാനഡയുമായുള്ള ഇന്ത്യയുടെ ബന്ധം ഇപ്പോള്‍ ഏറ്റവും മോശമായിരിക്കാം. എന്നാല്‍ 2021ല്‍ 21000 ഇന്ത്യാക്കാരാണ് അവിടെ പൗരത്വം നേടിയതെന്ന് ഒര്‍ഗനൈനേഷന്‍ ഓഫ് ഇക്കണോമിക് കോ ഓപ്പറേഷന്‍ ആന്‍ഡ് ഡെവലപ്പ്‌മെന്റ് (ഒഇസിഡി) റിപ്പോര്‍ട്ട് പറയുന്നു.

വികസിത രാജ്യങ്ങളിലേക്ക് കൂടുതല്‍ ഇന്ത്യക്കാര്‍ കുടിയേറുകയാണ്. 2021-ല്‍ ഏകദേശം നാലു ലക്ഷം പേര്‍ ഒഇസിഡി അംഗരാജ്യങ്ങളിലേക്ക് കുടിയേറിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നു.

ഒക്ടോബര്‍ 23-ന് പാരീസില്‍ പുറത്തിറക്കിയ ഒഇസിഡിയുടെ ഇന്റര്‍നാഷണല്‍ മൈഗ്രേഷന്‍ ഔട്ട് ലുക്ക് റിപ്പോര്‍ട്ട് പ്രകാരം കുടിയേറ്റക്കാരെ സ്വീകരിക്കുന്നതില്‍ കാനഡ ഏറ്റവും വലിയ വര്‍ധനവ് രേഖപ്പെടുത്തിയതായി പറയുന്നു.

2022-ല്‍ ഒഇസിഡി രാജ്യങ്ങളില്‍ പൗരത്വം നേടിയത് 28 ലക്ഷം പേരാണ്. മുന്‍ വര്‍ഷത്തേക്കാള്‍ 25 ശതമാനം വര്‍ധന.

2021-ല്‍ ഏകദേശം 1.3 ലക്ഷം ഇന്ത്യക്കാര്‍ക്ക് ഒഇസിഡി പൗരത്വം ലഭിച്ചു. 56,000 പൗരത്വം അനുവദിച്ച 38 രാജ്യങ്ങളുടെ പട്ടികയില്‍ യുഎസാണ് മുന്നില്‍. ഓസ്ട്രേലിയ (24,000) രണ്ടാമതെത്തിയപ്പോള്‍ കാനഡ (21,000) മൂന്നാമത് ആയി. 2019 മുതല്‍ ഒഇസിഡി രാജ്യ പൗരത്വം നേടുമ്പോള്‍ ഇന്ത്യക്കാരാണ് പട്ടികയില്‍ മുന്നിലെന്ന് റിപ്പോര്‍ട്ട് പറയുന്നു.