22 Nov 2023 11:58 AM GMT
Summary
- കേരളത്തിന്റെ മാറുന്ന മാനസികാവസ്ഥയെ അടിവരയിടുന്ന റിപ്പോര്‍ട്ട്
- ഏറ്റവും പ്രചാരമുള്ള തൊഴില്‍ നേഴ്‌സിംഗ് സര്‍വേ
- സ്ഥിരതാമസത്തിനായി കുടിയേറുന്നവരിലും ഉയര്‍ച്ച
കേരളത്തില്‍നിന്നുള്ള പ്രവാസ രീതികള്‍ സമീപകാലത്ത് വലിയമാറ്റത്തിന് സാക്ഷ്യം വഹിക്കുന്നതായി സര്‍വേ റിപ്പോര്‍ട്ട്. പ്രവാസികൾക്കിടയിലും, പ്രവാസത്തിനു തയ്യാറെടുക്കുന്നവരിലും നടത്തിയ ഒരു സാമ്പിള്‍ സര്‍വേ സംസ്ഥാനത്തിന്റെ പ്രവാസി സമൂഹത്തിന്റെ മാറുന്ന താല്പര്യങ്ങളെക്കുറിച്ചു പുതിയവിവരങ്ങൾ തരുന്നു. പരമ്പരാഗതമായി കേരളീയർ കുടിയേറിയിരുന്ന രാജ്യങ്ങളെക്കാൾ, ഇപ്പോൾ പുതുതലമുറ മലയാളി പ്രവാസികൾക്ക് സാമ്പത്തികമായും, സാങ്കേതികമായും മുന്നിട്ടു നിൽക്കുന്ന രാജ്യങ്ങളാണ് പ്രധാനമെന്ന് സർവേ പറയുന്നു
നോര്‍ക്ക റൂട്ട്സിന്റെയും കോഴിക്കോട്ടെ ഐഐഎമ്മിന്റെയും മാര്‍ക്കറ്റ് റിസര്‍ച്ച് അനുസരിച്ച്, യുഎഇ, ഖത്തര്‍ തുടങ്ങിയ ഗൾഫ് രാജ്യങ്ങളാണ് ഇപ്പോഴും ഗണ്യമായി മലയാളി പ്രവാസികൾക്ക് തൊഴില്‍ വാഗ്ദാനം ചെയ്യുന്നത്. സംസ്ഥാനത്ത് നിന്നുള്ള പ്രവാസികൾ നിര്‍മ്മാണം, ആരോഗ്യം, ഹോസ്പിറ്റാലിറ്റി, ഐടി, ഫിനാന്‍സ്, എഞ്ചിനീയറിംഗ് തുടങ്ങിയ മേഖലകളിലാണ് കൂടുതലും ജോലി ചെയ്യുന്നത്.
അതേസമയം ഗ്ലോബല്‍ നോര്‍ത്തിൽ ( വികസിത രാജ്യങ്ങൾ) ലെ പുതിയ അവസരങ്ങള്‍ ഉയര്‍ന്നുവന്നതോടെയാണ് മലയാളി പ്രവാസികളുടെ ശ്രദ്ധ വലിയൊരളവിൽ അങ്ങോട്ടേക്കായിട്ടുണ്ട്.
സര്‍വേ ഫലങ്ങള്‍ അനുസരിച്ച്, പ്രതികരിച്ചവരില്‍ ഏറ്റവും പ്രചാരമുള്ള തൊഴില്‍ (20%) നഴ്സിംഗ് ആണെന്ന് അഭിപ്രായപ്പെട്ടു. തുടര്‍ന്ന് അക്കൗണ്ടിംഗ് (9%), ഫാര്‍മസി (4%), പ്ലംബിംഗ് (4%), ഓട്ടോമൊബൈല്‍, ടെലികമ്മ്യൂണിക്കേഷന്‍ ഉള്‍പ്പെടെയുള്ള മറ്റ് മേഖലകള്‍ വരുന്നു. യാത്രയും വിനോദസഞ്ചാരവും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.
പ്രതികരിച്ചവരില്‍ 26.1% ഒരു മള്‍ട്ടിപ്പിള്‍ ചോയ്സ് അടിസ്ഥാനമാക്കിയുള്ള ഡെസ്റ്റിനേഷന്‍ സര്‍വേയില്‍ യുഎസ്എയിലേക്ക് മൈഗ്രേറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നു. തുടര്‍ന്ന് കാനഡ 26.1 %, യുകെ 25%, അയര്‍ലന്‍ഡ് 25%, യൂറോപ്പ് 20.5%, മിഡില്‍ ഈസ്റ്റ് 12.4% എന്നിങ്ങനെ പോകുന്നു. രസകരമെന്നു പറയട്ടെ, കുടിയേറാന്‍ താല്‍പ്പര്യമുള്ളവരില്‍ അഞ്ചില്‍ ഒരാള്‍ നഴ്സ് ജോലിയാണ് ആഗ്രഹിക്കുന്നുവെന്ന് സര്‍വേ പറയുന്നു.
കൂടാതെ, 34% പേര്‍ ആതിഥേയ രാജ്യത്തു സ്ഥിരതാമസമാക്കാൻ ഉദ്ദേശിക്കുന്നവരാണ്.
അതേസമയം 16ശതമാനം പേര്‍ അവരുടെ കടങ്ങളും മറ്റും തീര്‍ക്കുന്നതിനായി മികച്ചജോലി വിദേശങ്ങളില്‍ കണ്ടെത്താന്‍ ശ്രമിക്കുന്നു. ഉയര്‍ന്ന ശമ്പളമുള്ള ജോലിയാണ് പ്രതികരിച്ചവരിൽ ഭൂരിപക്ഷത്തിനെയും (62.8%) വിദേശരാജ്യങ്ങൾ ആകര്‍ഷിക്കുന്നത്.
ആഗോള സാമ്പത്തിക സാഹചര്യങ്ങള്‍, രാഷ്ട്രീയപരമായ മാറ്റങ്ങള്‍, സാങ്കേതികമായ മുന്നേറ്റങ്ങള്‍, വ്യക്തിഗത മുന്‍ഗണനകള്‍ എന്നിവ കുടിയേറ്റത്തിനുള്ള കാരണങ്ങളാകാമെന്നും സര്‍വേ അനുമാനിക്കുന്നു. ഇമിഗ്രേഷന്‍ നയങ്ങളിലും വിസ വ്യവസ്ഥകളിലും ഉള്ള അനുകൂല മാറ്റവും കുടിയേറ്റത്തെ സ്വാധീനിക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.
2030-ഓടെ ജര്‍മ്മനിയില്‍ മാത്രം 5 ലക്ഷം നഴ്സുമാരുടെ ഒഴിവുകളെങ്കിലുമാണ് വിദ്ഗധര്‍ പ്രചിക്കുന്നത്. അവിടുത്ത ജനസംഖ്യയിലെ ഘടനാപരമായ ( മുതിർന്നവരുടെ എണ്ണത്തിലെ വളർച്ച) മാറ്റം ഈ ഒഴിവുകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും കണക്കാക്കുന്നുണ്ട്. ഇത് പശ്ചിമേഷ്യയ്ക്കപ്പുറമുള്ള പല വികസിത രാജ്യങ്ങളെയും കേരളത്തില്‍ നഴ്‌സുമാരെ തേടാന്‍ നിര്‍ബന്ധിതരാക്കുന്നു. ജര്‍മ്മന്‍ ഫെഡറല്‍ എംപ്ലോയ്മെന്റ് ഏജന്‍സിയുമായും ജര്‍മ്മന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ കോഓപ്പറേഷനുമായും ട്രിപ്പിള്‍വിന്‍ പ്രോഗ്രാമിന് കീഴില്‍ നോര്‍ക്ക-റൂട്ട്സ് ഒപ്പുവെച്ച കരാറിന്റെ ഭാഗമായി കേരളത്തില്‍ നിന്ന് 1100 ഉദ്യോഗാര്‍ത്ഥികളെ റിക്രൂട്ട് ചെയ്തു.
നേഴ്‌സിംഗ് ജോലി ലഭിക്കുന്നതിനായി വെയില്‍സ് സര്‍ക്കാരുമായും കാനഡയിലെ വിവിധ പ്രവിശ്യകളുമായും നോര്‍ക്ക കരാറില്‍ ഒപ്പുവച്ചു. കൂടാതെ, കാനഡ, ജര്‍മ്മനി, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ്, സിംഗപ്പൂര്‍, സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍, അയര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍, താത്കാലിക തൊഴിലാളി കുടിയേറ്റവും സ്ഥിരമായ താമസത്തിനുള്ള വഴികളും സുഗമമാക്കുന്ന പരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്തു. ആരോഗ്യ സംരക്ഷണം, സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, നിര്‍മ്മാണം എന്നിവയില്‍ വികസിത രാജ്യങ്ങള്‍ ഉദ്യോഗാര്‍ത്ഥികളെ തേടുകയാണ്. ഈ അവസരം ഉപയോഗപ്പെടുത്തുകയാണ് ഇന്ന് കേരളത്തിലെ യുവ തലമുറ.