28 Oct 2023 11:31 AM IST
Summary
- വിദ്യാര്‍ത്ഥി പ്രവേശന പ്രക്രിയ പരിഷ്‌ക്കരിച്ച് കാനഡ
- ഇന്ത്യയില്‍നിന്നുള്ള അഡിമിഷനുകളില്‍ തട്ടിപ്പ് കണ്ടെത്തി
- യഥാര്‍ത്ഥ വിദ്യാര്‍ഥികളെ സംരക്ഷിക്കുന്നതിന് നടപടി
കാനഡ അവരുടെ അന്താരാഷ്ട്രതലത്തിലുള്ള വിദ്യാര്‍ത്ഥി പ്രവേശന പ്രക്രിയ പരിഷ്‌ക്കരിച്ചു. കനേഡിയന്‍ ഇമിഗ്രേഷന്‍ മന്ത്രി മാര്‍ക്ക് മില്ലര്‍ ആണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ വര്‍ഷം വ്യാജ രേഖകള്‍ ഉപയോഗപ്പെടുത്തി നടന്ന പല അഡ്മിഷനുകള്‍കൂടി കണക്കിലെടുത്താണ് നടപടിയെന്ന് അദ്ദേഹം വിശദീകരിച്ചു. ഇതില്‍ പ്രധാനമായും ഇന്ത്യയില്‍നിന്നുള്ള അഡ്മിഷനുകളിലാണ് തട്ടിപ്പുകള്‍ കണ്ടെത്തിയതെന്ന് പറയപ്പെടുന്നു.
ഈ പരിഷ്‌കരണ നടപടികള്‍ കാനഡയുടെ ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ് പ്രോഗ്രാമിനെ ശക്തിപ്പെടുത്താനും യഥാര്‍ത്ഥ വിദ്യാര്‍ത്ഥികളെ വഞ്ചനയില്‍ നിന്ന് സംരക്ഷിക്കാനും ലക്ഷ്യമിടുന്നതാണെന്നാണ് കാനഡയുടെ വാദം.
ഈ വര്‍ഷം മുതല്‍, പോസ്റ്റ്-സെക്കന്‍ഡറി നിയുക്ത പഠന സ്ഥാപനങ്ങള്‍ അല്ലെങ്കില്‍ ഡിഎല്‍ഐ-കള്‍ ഓരോ അപേക്ഷകന്റെയും സ്വീകാര്യത കത്ത് അധികൃതര്‍ നേരിട്ട് സ്ഥിരീകരിക്കേണ്ടതുണ്ട്. ഡിസംബര്‍ 1 മുതല്‍ കാനഡ ഈ നടപടികള്‍ നടപ്പിലാക്കും.
വിദ്യാര്‍ത്ഥികളെ സംരക്ഷിച്ചുകൊണ്ടും അവരെ പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുന്നവരെ ഒഴിവാക്കിക്കൊണ്ടും കാനഡയുടെ ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ് പ്രോഗ്രാം മെച്ചപ്പെടുത്തുന്നത് തുടരുമെന്ന് മില്ലര്‍ പറഞ്ഞു.
''ഈ പുതിയ, മെച്ചപ്പെടുത്തിയ സ്ഥിരീകരണ പ്രക്രിയ,വിദ്യാര്‍ത്ഥികളെ സംരക്ഷിക്കുന്നതിനും ചതിക്കുഴികള്‍ ഒഴിവാക്കാനും ഉദ്ദേശിച്ചുള്ളവയും ആണ്. ഈ വര്‍ഷം ആദ്യം ചില വിദ്യാര്‍ത്ഥികള്‍ അഭിമുഖീകരിച്ച സമാനമായ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും അവരെ സഹായിക്കുന്നതിനും നടപടി ലക്ഷ്യമിടുന്നു',ഐആര്‍സിസി യില്‍ നിന്നുള്ള ഒരു റിലീസ് പ്രസ്താവിച്ചു. യഥാര്‍ത്ഥ കത്തുകളെ അടിസ്ഥാനമാക്കി മാത്രമേ പഠന അനുമതികള്‍ നല്‍കുന്നുള്ളൂവെന്നും ഇത് ഉറപ്പാക്കും.
രേഖകള്‍ സമര്‍പ്പിച്ചതിന് ശേഷം വ്യാജമായവ തിരിച്ചറിയുന്നതിനും ഇതില്‍ സാമ്പത്തിക നേട്ടം കൊയ്യുന്നവരില്‍ നിന്ന് വിദ്യാര്‍ത്ഥികളെ സംരംക്ഷിക്കുകയും ചെയ്യുന്നതിനാണ് പുതിയ നടപടികള്‍ ലക്ഷ്യമിടുന്നത്.
കാനഡ ബോര്‍ഡര്‍ സര്‍വീസസ് ഏജന്‍സിയുമായി (സിബിഎസ്എ) സഹകരിക്കുന്നതിനും യഥാര്‍ത്ഥ വിദ്യാര്‍ത്ഥികളെ നാടുകടത്തുന്നത് തടയുന്നതിനുമായി വ്യാജ രേഖകള്‍ ഉള്‍പ്പെട്ട കേസുകള്‍ അവലോകനം ചെയ്യുന്നതിന് ഐആര്‍സിസി ഒരു ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചിട്ടുണ്ട്.
ഒക്ടോബര്‍ 12-ന് അവലോകനം ചെയ്ത 103 കേസുകളില്‍ 63 എണ്ണം യഥാര്‍ത്ഥ വിദ്യാര്‍ത്ഥികളാണെന്ന് സ്ഥിരീകരിച്ചു, 40 എണ്ണം വ്യാജമാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.