26 Oct 2023 10:34 AM GMT
Summary
- ഒക്ടോബര്‍ 26 മുതല്‍ ചില വിസ സേവനങ്ങള്‍ ഇന്ത്യ പുനരാരംഭിച്ചു
- ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തില്‍ അയവുവരാന്‍ സാധ്യത
കാനഡയിലെ ചില വിസ സേവനങ്ങള്‍ പുനരാരംഭിക്കാനുള്ള ഇന്ത്യയുടെ നീക്കത്തെ കാനഡയുടെ ഇമിഗ്രേഷന്‍ മന്ത്രി മാര്‍ക്ക് മില്ലര്‍ 'ഒരു നല്ല അടയാളം' എന്ന് വിശേഷിപ്പിച്ചു. 'ആശങ്കാകുലമായ' സമയത്തിന് ശേഷമാണ് ഈ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
ഒക്ടോബര്‍ 26 വ്യാഴാഴ്ച മുതല്‍ ഇന്ത്യന്‍ വംശജര്‍ക്കും കോണ്‍ഫറന്‍സുകളില്‍ പങ്കെടുക്കുന്നതിനോ ബിസിനസ് അല്ലെങ്കില്‍ മെഡിക്കല്‍ കാരണങ്ങളാലോ പെര്‍മിറ്റ് ആവശ്യമുള്ളവര്‍ക്കും വിസ നല്‍കുന്നത് ഇന്ത്യ പുനരാരംഭിച്ച സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന.
ഒട്ടാവയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ പുറത്തിറക്കിയ പത്രക്കുറിപ്പ് പ്രകാരം, വ്യാഴാഴ്ച മുതല്‍ എന്‍ട്രി, ബിസിനസ്, മെഡിക്കല്‍, കോണ്‍ഫറന്‍സ് വിസകള്‍ക്കായുള്ള സേവനങ്ങള്‍ ഇന്ത്യ പുനരാരംഭിച്ചു. 'അടിയന്തര സേവനങ്ങള്‍ ഇന്ത്യന്‍ ഹൈക്കമ്മീഷനും ടൊറന്റോയിലെയും വാന്‍കൂവറിലെയും കോണ്‍സുലേറ്റുകളും കൈകാര്യം ചെയ്യുന്നത് തുടരും,' അത് കൂട്ടിച്ചേര്‍ത്തു.
സെപ്റ്റംബറിലാണ്, ഇന്ത്യ കാനഡയിലെ വിസ സേവനങ്ങള്‍ 'അടുത്ത് അറിയിപ്പ് ഉണ്ടാകുന്നതുവരെ താല്‍ക്കാലികമായി നിര്‍ത്തിയത്. ഒട്ടാവയുടെ ഇന്ത്യയിലെ നയതന്ത്ര സാന്നിധ്യം കുറയ്ക്കാനും ന്യൂഡെല്‍ഹി ആവശ്യപ്പെട്ടു. കാനഡയില്‍ നയതന്ത്ര പരിരക്ഷയുള്ള ഇന്ത്യന്‍ ഉദ്യോഗസ്ഥരുടെ എണ്ണത്തിന് തുല്യമാക്കാനാണ് ഡെല്‍ഹി ആവശ്യപ്പെട്ടത്.
അതേസമയം, കനേഡിയന്‍ പൗരന്മാര്‍ക്ക് പുതിയ വിസ അനുവദിക്കുന്നത് ഇന്ത്യ നിര്‍ത്തിയതിനോട് കാനഡ പ്രതികരിച്ചില്ല. എന്നാൽ ഒരു മുതിര്‍ന്ന ഇന്ത്യന്‍ നയതന്ത്രജ്ഞനെ കാനഡ പുറത്താക്കിയതിന് പിന്നാലെ ഒരു മുതിര്‍ന്ന കനേഡിയന്‍ നയതന്ത്രജ്ഞനെ ഇന്ത്യയും പുറത്താക്കി.
ഇപ്പോള്‍, ഇരു രാജ്യങ്ങളും തമ്മിലുള്ള തര്‍ക്കത്തിന്റെ പിരിമുറുക്കം ലഘൂകരിക്കുമെന്നു പ്രതീക്ഷിക്കുന്ന ഒരു നീക്കത്തിന്റെ ഭാഗമായി നാല് വിഭാഗങ്ങള്‍ക്കായി കാനഡയില്‍ വിസ സേവനങ്ങള്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ചതായി ഒട്ടാവയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അറിയിച്ചു.
വിസ പ്രോസസ്സിംഗ് പുനരാരംഭിക്കുന്നത് നല്ല വാര്‍ത്തയാണെന്ന് മന്ത്രി ഹര്‍ജിത് സജ്ജനും പറഞ്ഞു. എന്നിരുന്നാലും, ന്യൂഡെല്‍ഹി എന്ത് സന്ദേശമാണ് നൽകാൻ ശ്രമിക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചില്ല.