19 Aug 2023 7:25 AM GMT
Summary
- ആശയവിനിമയത്തിലുണ്ടായ പിഴവുകള്‍ വിദ്യാര്‍ത്ഥികളെ ബാധിച്ചു
- അടുത്ത അഞ്ചുവര്‍ഷത്തേക്ക് ഈ വിദ്യാര്‍ത്ഥികള്‍ക്ക് യുഎസിലേക്ക് പോകാനാവില്ല
ഇരുപത്തിയൊന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഒറ്റ ദിവസം കൊണ്ട് യുഎസില്‍ നിന്ന് തിരിച്ചയച്ചത് വിസയുമായി ബന്ധപ്പെട്ട ആശങ്കകള്‍ക്ക് തിരികൊളുത്തി. ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ വിസ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയെങ്കിലും അറ്റ്‌ലാന്റ, ഷിക്കാഗോ, സാന്‍ ഫ്രാന്‍സിസ്‌കോ വിമാനത്താവളങ്ങളില്‍കൂടുതല്‍ പരിശോധനകള്‍ നേരിടേണ്ടി വന്നതായി മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു.
വിസയ്ക്കുള്ള എല്ലാ ആവശ്യകതകളും നിറവേറ്റിയെന്നും കോളേജുകളില്‍ ചേരാന്‍ തയ്യാറായതായും ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ വിശ്വസിച്ചിരുന്നു. യുഎസില്‍ നിന്നും ഒരുദിവസം കൊണ്ട് പുറത്താക്കപ്പെട്ടത് പലര്‍ക്കും വിശ്വസിക്കാന്‍ പോലും കഴിഞ്ഞിട്ടില്ല. എല്ലാവരും ഇതു സംബന്ധിച്ച ആശങ്കകള്‍ മറ്റുള്ളവരുമായി പങ്കുവെച്ചു.
തങ്ങളെ എന്തിനാണ് തിരിച്ചയച്ചത് എന്നതിനെക്കുറിച്ച് മതിയായ വിവരങ്ങള്‍ നല്‍കിയില്ലെന്നും വിസ ഡോക്യുമെന്റേഷനുമായി ഇതിന് ബന്ധമുണ്ടെന്ന് അനുമാനിച്ചതായും വിദ്യാര്‍ത്ഥികള്‍ പറയുന്നു. തങ്ങളുടെ ഫോണുകളും വാട്ട്സ്ആപ്പ് ചാറ്റുകളും വരെ സുരക്ഷാ ഉദ്യാഗസ്ഥര്‍ പരിശോധിച്ചെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വിമാനത്താവളങ്ങൡലെത്തിയ തങ്ങളോട് മടങ്ങിപ്പോകാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതായും വിദ്യാര്‍ത്ഥികള്‍ പറയുന്നു.എന്നാല്‍ പരിശോധനയ്ക്ക് ശേഷം ശരിയായ ആശയവിനിമയം നടത്താതെ ബുദ്ധിമുട്ടിലായ വിദ്യാര്‍ത്ഥികളെയാണ് തിരിച്ചയച്ചതെന്ന് 7എഎം എന്ന വെബ്സൈറ്റ് റിപ്പോര്‍ട്ടുചെയ്തു.
അടുത്ത അഞ്ച് വര്‍ഷത്തേക്ക് വിദ്യാര്‍ത്ഥികള്‍ യുഎസില്‍ പ്രവേശിക്കുന്നത് വിലക്കുമെന്ന മാധ്യമറിപ്പോര്‍ട്ടുകളും പുറത്തുവന്നു. വിദ്യാര്‍ത്ഥികളെ തിരിച്ചയതിന്റെ പ്രത്യാഘാതങ്ങള്‍ നിരവധിയാണ്. സമയ നഷ്ടം, ഭാവി സാധ്യതകള്‍, കൂടാതെ കര്‍ശനമായ യുഎസ് നിയന്ത്രണങ്ങളുടെ ദുരിതങ്ങള്‍ എന്നിവയെല്ലാം പുറത്താക്കപ്പെട്ടവരെ തേടിവരും.
വിദേശ വിദ്യാര്‍ത്ഥികള്‍ യുഎസില്‍ നേരിടേണ്ടിവരുന്ന സങ്കീര്‍ണതകള്‍ക്ക് ഉദാഹരണമാണ് ഈ തിരിച്ചയക്കല്‍ നടപടി. അനാവശ്യമായ ബുദ്ധിമുട്ടുകള്‍ തടയുന്നതിന് കാര്യക്ഷമവും സുതാര്യവുമായ നടപടിക്രമങ്ങളുടെ ആവശ്യകതയെ ഈ സംഭവം ചൂണ്ടിക്കാട്ടുന്നു. കാനഡയിലെ ഒന്റാറിയോ പ്രവിശ്യയിലെ ഒരു കോളേജ് പഠനം ആരംഭിക്കുന്നതിന് ഒരു മാസം മുമ്പ് പ്രവേശന ഓഫറുകള്‍ റദ്ദാക്കിയതിനെത്തുടര്‍ന്ന് ഇന്ത്യക്കാരുള്‍പ്പെടെ 500 വിദ്യാര്‍ത്ഥികളെങ്കിലും അനിശ്ചിതത്വത്തിലാണെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത് കഴിഞ്ഞദിവസമാണ്. തങ്ങളുടെ ഓഫറുകള്‍ പിന്‍വലിച്ചതായി അറിയിച്ചപ്പോള്‍ ചില വിദ്യാര്‍ത്ഥികള്‍ കാനഡയില്‍ ഉണ്ടായിരുന്നുവെന്ന് സിബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.