8 Oct 2024 11:19 AM GMT
Summary
തൊഴിലാളികള്‍ക്ക് അര്‍ഹമായ വേതനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കും
പ്രവാസി തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ സൗദിയിൽ പുതിയ ഇൻഷുറൻസ് പദ്ധതി ആരംഭിച്ചു. മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയവും ഇൻഷുറൻസ് അതോറിറ്റിയും ചേർന്നാണ് “ഇൻഷുറൻസ് പ്രൊഡക്ട്” എന്ന പേരിൽ പുതിയ ഇൻഷുറൻസ് പദ്ധതി ആരംഭിച്ചത്. ഒക്ടോബര്‍ ആറുമുതൽ പദ്ധതി നിലവിൽ വന്നു. ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്ന് ശമ്പളം കിട്ടാതെ വരുന്ന സന്ദര്‍ഭങ്ങളില്‍ ഇൻഷുറൻസ് പദ്ധതി പ്രകാരം വേതനം ലഭിക്കുമെന്നതാണ് പദ്ധതിയുടെ പ്രത്യേകത. പോളിസിയില്‍ പറഞ്ഞിരിക്കുന്ന നിബന്ധനകള്‍ക്കും ആനുകൂല്യങ്ങള്‍ക്കും അനുസരിച്ചായിരിക്കും ഇൻഷുറൻസ് നല്‍കുക.
തൊഴിലുടമകളിൽ നിന്ന് വേതനമോ സർവീസ് മണിയോ ടിക്കറ്റ് മണിയോ ലഭിക്കാത്ത പ്രവാസികൾക്ക് വലിയ ആശ്വാസം നൽകുന്നതാണ് പുതിയ പദ്ധതി. നിശ്ചിത സമയത്തേക്ക് കൂലി നല്‍കാന്‍ കഴിയാത്തതിന്റെ പേരില്‍ സ്ഥാപനങ്ങളുടെ ഭാഗത്ത് നിന്ന് വീഴ്ച വരുത്തുന്ന സാഹചര്യത്തില്‍ തൊഴിലാളികളുടെ സാമ്പത്തിക ബാധ്യത കുറയ്ക്കാൻ ഇത് സഹായിക്കും. സ്ഥാപന ഉടമകള്‍ വേതനം നല്‍കുന്നതിൽ വീഴ്ച വരുത്തിയാല്‍ പ്രവാസി തൊഴിലാളികളുടെ കുടിശ്ശിക അടയ്ക്കുന്നതിന് പരിരക്ഷ നല്‍കും. മാത്രമല്ല ജോലി അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന വിദേശിക്ക് ഇൻഷുറൻസ് പദ്ധതി പ്രകാരം വിമാന ടിക്കറ്റും ലഭിക്കും. സൗദിയിലെ തൊഴില്‍ വിപണി വികസിപ്പിക്കുക, തൊഴിലാളികളും തൊഴിലുടമകളും തമ്മിലുള്ള കരാര്‍ അവകാശങ്ങള്‍ സംരക്ഷിക്കുക, പ്രാദേശികവും അന്തര്‍ദേശീയവുമായ തൊഴില്‍ വിപണിയുടെ ആകര്‍ഷണവും കാര്യക്ഷമതയും വര്‍ധിപ്പിക്കുക എന്നിവയാണ് ഇൻഷുറൻസ് പദ്ധതിയുടെ മറ്റ് ലക്ഷ്യങ്ങൾ.