image

13 Jun 2024 9:28 AM GMT

Norka

കുവൈത്ത് തീപിടിത്തം: 24 മലയാളികൾ മരിച്ചെന്ന് നോർക്ക,ഏഴ് പേരുടെ നില ഗുരുതരം

MyFin Desk

Kuwait fires, death toll rises
X

കുവൈറ്റിലെ തീപിടിത്തത്തില്‍ 24 മലയാളികൾ മരിച്ചതായി നോര്‍ക്ക സിഇഒ അജിത് കോളശേരി അറിയിച്ചു. മരിച്ച മലയാളികളില്‍ 16 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കണ്ണൂർ,കാസർകോ‍ട് സ്വദേശികളാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ ഏഴ് പേരുടെ നില അതീവ ഗുരുതരമാണ്.

തൃക്കരിപ്പൂർ എളബച്ചി സ്വദേശി കേളു പൊന്മലേരി,കാസർഗോഡ് ചെർക്കള കുണ്ടടുക്കം സ്വദേശി രഞ്ജിത്ത് (34),പാമ്പാടി സ്വദേശി​ സ്റ്റീഫിൻ എബ്രഹാം സാബു ( 29),പന്തളം മുടിയൂർക്കോണം സ്വദേശി​ ആകാശ് എസ് നായർ, ​കൊല്ലം സ്വദേശി ഷമീർ,പത്തനംതിട്ട വാഴമുട്ടം സ്വദേശി പി.വി. (54) മുരളീധരൻ, കൊല്ലം വെളിച്ചിക്കാല വടകോട്ട് വിളയിൽ ലൂക്കോസ് (സാബു 48)​ , പുനലൂർ നരിക്കൽ വാഴവിള സ്വദേശി സാജൻ ജോർജ്, കോന്നി അട്ടച്ചാക്കൽ സ്വദേശി​ ചെന്നിശ്ശേരിയിൽ സജു വർഗീസ്(56),തിരുവല്ല മേപ്ര സ്വദേശി തോമസ് ഉമ്മൻ,കണ്ണൂർ ധർമടം സ്വദേശി വിശ്വാസ് കൃഷ്ണൻ, തിരൂർ കൂട്ടായി സ്വദേശി കോതപറമ്പ് കുപ്പന്റെ പുരക്കൽ നൂഹ് (40),മലപ്പുറം പുലാമന്തോൾ തിരുത്ത് സ്വദേശി (എം.പി. ബാഹുലേയൻ (36) ചങ്ങനാശ്ശേരി ഇത്തിത്താനം ഇളങ്കാവ് ഭാഗത്ത് കിഴക്കേടത്ത് വീട്ടിൽ പ്രദീപ് -ദീപ ദമ്പതികളുടെ മകൻ ശ്രീഹരി പ്രദീപ് (27) എന്നിവരാണ് മരിച്ചത്.

അതേസമയം കുവൈത്തിലെ ലേബര്‍ ക്യാമ്പിലുണ്ടായ തീപിടുത്തത്തില്‍ മരിച്ച ഇന്ത്യക്കാരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപ വീതം സഹായം നല്‍കുമെന്നാണ് പ്രഖ്യാപനം. തീപിടിത്തത്തില്‍ മരിച്ച മലയാളികളുടെ കുടുംബത്തിന് സംസ്ഥാന സർക്കാരും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും ധനസഹായം നല്‍കും. മന്ത്രി വീണാ ജോര്‍ജ് കുവൈറ്റിലേക്ക് പോകും. ജീവന്‍ ബാബു ഐ എ എസും മന്ത്രിക്കൊപ്പം കുവൈറ്റിലെത്തും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്.

പ്രമുഖ മലയാളി വ്യവസായിയായ കെ ജി എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള എന്‍ബിടിസി എന്ന കമ്പനിയിലെ തൊഴിലാളി ക്യാമ്പിലായിരുന്നു ഇന്നലെ പുലര്‍ച്ചെ തീപിടിത്തമുണ്ടായത്. ആറു നില കെട്ടിടത്തിലെ താഴെ നിലയിലാണ് തീപിടിച്ചത്. ഇത് മുകളിലേക്ക് പടരുകയായിരുന്നു. തീ പടര്‍ന്ന സാഹചര്യത്തില്‍ പൊള്ളലേറ്റ പലരും രക്ഷപ്പെടുന്നതിനായി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി. ഗുരുതര പരിക്കേറ്റ് ഇവരില്‍ പലരും ചികിത്സയിലാണ്. തീപടര്‍ന്നപ്പോഴുണ്ടായ വിഷ പുക ശ്വസിച്ചാണ് പലരും മരിച്ചതെന്ന് റിപ്പോര്‍ട്ടുണ്ട്. തൊഴിലാളികള്‍ ജോലി കഴിഞ്ഞ് ഉറങ്ങുന്ന സമയത്തായിരുന്നു അപകടമുണ്ടായത്.

അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങൾ ഉടൻ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ഇന്ത്യൻ വ്യോമസേനാ വിമാനങ്ങൾ സജ്ജമെന്നും, മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ ടെസ്റ്റ് നടത്തുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.