30 April 2024 3:49 PM GMT
Summary
- ഇന്ത്യയില്‍ നിന്നെത്തുന്ന ചില കറിപ്പൊടികളില്‍ ക്യാന്‍സറിനു കാരണമാകുന്ന രാസവസ്തുക്കളുണ്ടെന്ന് കണ്ടെത്തല്‍
- ഇന്ത്യയില്‍ നിന്നുള്ള നാല് ബ്രാന്‍ഡുകള്‍ ഹോങ്കോങ്ങും സിംഗപ്പൂരും നിരോധിച്ചു
- ഇന്ത്യന്‍ കറിപ്പൊടി കമ്പനികള്‍ ആശങ്കയില്‍
ഇന്ത്യയിലെ ജനപ്രിയ സുഗന്ധവ്യജ്ഞന ബ്രാന്‍ഡുകളില്‍ മായം കലര്‍ന്നതായി ആരോപണം. ഇതേക്കുറിച്ച് വിശദമായ പരിശോധനയ്ക്ക് ദുബായ് മുനിസിപ്പാലിറ്റി തയ്യാറെടുക്കുന്നു. ഇന്ത്യയില്‍ നിന്നെത്തുന്ന ചില കറിപ്പൊടികളില്‍ ക്യാന്‍സറിനു കാരണമാകുന്ന രാസവസ്തുക്കളുണ്ടെന്ന് വിവിധ രാജ്യങ്ങള്‍ കണ്ടെത്തിയിരുന്നു. ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തിയശേഷം തീരുമാനമെടുക്കുമെന്നാണ് ദുബായ് മുനിസിപ്പാലിറ്റി അധികൃതര്‍ അറിയിച്ചത്.
പൂപ്പലും അണുക്കളും കറിപ്പൊടികളില്‍ ഉണ്ടാകാതിരിക്കാന്‍ ചേര്‍ക്കുന്ന എഥിലീന്‍ ഓക്‌സൈഡിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ള നാല് ബ്രാന്‍ഡുകള്‍ ഹോങ്കോങ്ങും സിംഗപ്പൂരും നിരോധിച്ചിരുന്നു. എന്നാല്‍ ഇന്ത്യയില്‍ നിന്നുള്ള 527 ഉത്പന്നങ്ങളിലാണ് എഥിലീന്‍ ഓക്‌സൈഡ് കണ്ടെത്തിയതെന്ന് യൂറോപ്യന്‍ യൂണിയന്‍ അറിയിച്ചു. 2022 മുതല്‍ 2024 വരെ നടത്തിയ പരിശോധനയുടെ റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്.
പരാതി ലഭിച്ചിരിക്കുന്ന ഉത്പന്നങ്ങളുടെ പരിശോധന നടത്തുമെന്ന് ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു. എഥിലീന്‍ ഓക്‌സൈഡ് അനുവദനീയമായ അളവില്‍ ചേര്‍ക്കുന്നതിന് ചില രാജ്യങ്ങള്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും യുഎഇയില്‍ അനുമതിയില്ല.
ഇന്ത്യയിലെ ബ്രാന്‍ഡുകള്‍ക്ക് വിലക്ക് വീഴുമോയെന്ന ആശങ്കയിലാണ് കമ്പനികള്‍. ഇന്ത്യന്‍ കറിപ്പൊടികള്‍ക്ക് ഗള്‍ഫ് വിപണിയില്‍ നല്ല ഡിമാന്റാണുള്ളത്. അതിനാല്‍ തന്നെ ഇന്ത്യന്‍ കറിപ്പൊടി കമ്പനികള്‍ വന്‍ സാമ്പത്തിക നഷ്ടം മുന്നില്‍കാണുന്നു.