21 Feb 2024 11:49 AM GMT
Summary
- 2019-ൽ യുഎഇയുടെ ഗോൾഡൻ വിസ പദ്ധതി ആരംഭിച്ചു
- 5 അല്ലെങ്കിൽ 10 വർഷം കാലാവധിയുള്ള വിസ പുതുക്കാൻ സാധിക്കും
- വൺ ടച്ച് ഗോൾഡൻ വിസ സേവനം അപേക്ഷകൾ ലളിതമാക്കുന്നു
യുണൈറ്റഡ് അറബ് എമിറേറ്റ്സ് വാഗ്ദാനം ചെയ്യുന്ന ഒരു പ്രത്യേക താമസ അനുമതിയാണ് ഗോൾഡൻ വിസ. ഇത് സാധാരണ വിസകളിൽ നിന്ന് വ്യത്യസ്തമായി ദീർഘകാലാടിസ്ഥാനത്തിലുള്ള താമസ സൗകര്യം നൽകുന്നു. 5 അല്ലെങ്കിൽ 10 വർഷം കാലാവധിയുള്ള, പുതുക്കാവുന്ന ദീർഘകാല റെസിഡൻസ് വിസയാണിത്. 2019-ൽ ആണ് യുഎഇയുടെ ഗോൾഡൻ വിസ പദ്ധതി ആരംഭിച്ചത്.
ഗോൾഡൻ വിസയുള്ളവർക്കു ദീർഘകാലത്തേക്ക് യുഎഇയിൽ താമസിച്ച് ജോലി ചെയ്യാനും പഠിക്കാനും തൊഴിൽ ചെയ്യാനും കഴിയും. സ്പോൺസർഷിപ്പ് ആവിശ്യമില്ല. എളുപ്പത്തിൽ ബിസിനസ് ആരംഭിക്കാം. സാധാരണയായി ആറു മാസത്തിൽ കൂടുതൽ യുഎഇക്ക് പുറത്ത് താമസിച്ചാൽ റെസിഡൻസ് വിസ ഇല്ലാതാകും എന്നാൽ ഗോൾഡൻ വിസ ഉള്ളവർക്ക് ഈ നിയമം ബാധകമാകില്ല. ഗോൾഡൻ വിസയുള്ള വ്യക്തിക്ക് റെസിഡൻസ് നേടുന്നതിന് സ്പോൺസർ ആവശ്യമില്ല. ജീവിത പങ്കാളി, മക്കൾ എന്നിവരുൾപ്പെടുന്ന കുടുംബാംഗങ്ങളെ ഗോൾഡൻ വിസ ഉള്ള വ്യക്തിക്ക് സ്പോൺസർ ചെയ്യാം. ഗോൾഡൻ വിസ ഉള്ളയാൾ മരണമടഞ്ഞാൽ കുടുംബാംഗങ്ങൾക്ക് വിസ കാലാവധി തീരുന്നതുവരെ യുഎഇയിൽ തുടരാം. ഒന്നിൽ കൂടുതൽ ഡൊമെസ്റ്റിക് ജോലിക്കാരെ സ്പോൺസർ ചെയ്യാനുള്ള ആനുകൂല്യം ലഭിക്കും.
ആർക്കൊക്കെ അർഹതയുണ്ട്?
നിക്ഷേപകർ, റിയൽ എസ്റ്റേറ്റ് ഉടമകൾ, സംരംഭകർ എന്നിവർക്ക് ഗോൾഡൻ വിസ ലഭിക്കാൻ ഓരോ വിഭാഗത്തിനും വ്യത്യസ്തമായ യോഗ്യതാ മാനദണ്ഡങ്ങളും അപേക്ഷാ നടപടിക്രമങ്ങളും ഉണ്ട്. 2 ദശലക്ഷം ദിർഹമോ അതിനു മുകളിലോ നിക്ഷേപിക്കുന്ന വ്യക്തികൾക്ക് ഗോൾഡൻ വിസയ്ക്ക് അപേക്ഷിക്കാം. യുഎഇ യിൽ സ്വന്തം ബിസിനസ് ആരംഭിക്കുന്ന സംരംഭകർക്കും അർഹതയുണ്ട്. ശാസ്ത്രജ്ഞർ, ഗവേഷകർ, കലാകാരന്മാർ തുടങ്ങിയ മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭാധനരായ വ്യക്തികൾക്കും ഗോൾഡൻ വിസ ലഭിക്കാൻ സാധ്യതയുണ്ട്. കൂടതെ കായിക മേഖലയിലെ പ്രതിഭകൾ, മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കുന്ന വിദ്യാർത്ഥികൾക്കും ഗോൾഡൻ വിസ ലഭിക്കാനുള്ള അവസരമുണ്ട്.
ഗോൾഡൻ വിസ യോഗ്യതകൾ
നിക്ഷേപകർ : നിങ്ങൾ ഒരു നിക്ഷേപകൻ ആണെങ്കിൽ നിക്ഷേപക ഫണ്ടിലൂടെ 10 വർഷത്തേക്ക് ഗോൾഡൻ വിസ ലഭിക്കും. അതിന് യുഎഇയിൽ അംഗീകൃതമായ ഒരു നിക്ഷേപ ഫണ്ടിൽ 2 ദശലക്ഷം ദിർഹം നിക്ഷേപിക്കണം. നിക്ഷേപകന് 2 ദശലക്ഷം ദിർഹം നിക്ഷേപമുണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്ന കത്ത് സമർപ്പിക്കണം.
സംരംഭകർ : സംരംഭകർക്ക് 500,000 ദിർഹത്തിൽ കുറയാത്ത മൂല്യമുള്ള ഭാവി സാങ്കേതികവിദ്യകളുമായി ബന്ധപ്പെട്ട് സാമ്പത്തിക മേഖലയിൽ നടപ്പാക്കാവുന്ന, നൂതന പദ്ധതികൾ, സംരംഭം സ്വന്തമാക്കണം. യുഎഇയിലെ ഒരു ഓഡിറ്ററിൽ നിന്നുള്ള സർട്ടിഫിക്കറ്റ് സമർപ്പിക്കണം. കൂടാതെ യുഎഇയിലെ ഒരു അംഗീകൃത ബിസിനസ് ഇൻകുബേറ്ററിൽ നിന്നുള്ള അംഗീകാരം വാങ്ങണം.
റിയൽ എസ്റ്റേറ്റ് ഉടമകൾ : റിയൽ എസ്റ്റേറ്റ് ഉടമകൾക്ക് രണ്ട് ദശലക്ഷം ദിർഹത്തിൽ കുറയാത്ത മൂല്യമുള്ള ഒന്നോ അതിലധികമോ പ്രോപ്പർട്ടികൾ സ്വന്തമാക്കണം. കൂടാതെ താഴെപ്പറയുന്ന രേഖകളിൽ ഒന്ന് സമർപ്പിക്കണം.
രണ്ടു മില്യൺ ദിർഹത്തിൽ കുറയാത്ത ഒന്നോ അതിലധികമോ സ്വത്തുക്കൾ തനിക്കുണ്ടെന്ന് പ്രസ്താവിക്കുന്ന അതാത് എമിറേറ്റിലെ ലാൻഡ് ഡിപ്പാർട്ട്‌മെൻ്റിൽ നിന്നുള്ള ഒരു കത്ത്. അല്ലെങ്കിൽ യോഗ്യതയുള്ള പ്രാദേശിക സ്ഥാപനം അംഗീകരിച്ച നിർദ്ദിഷ്ട പ്രാദേശിക ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത് ഒരു വസ്തുവിൻ്റെ കരാർ.
സ്പെഷ്യൽ ടാലെന്റ്സ് : സ്പെഷ്യൽ ടാലെന്റ്സ് വിഭാഗമായ ഡോക്ടർമാർ, ശാസ്ത്രജ്ഞർ, കലാകാരന്മാർ, ഗവേഷകർ, എക്സിക്യൂട്ടീവുകൾ, ശാസ്ത്ര വിദഗ്ധർ, കായികതാരങ്ങൾ, ഡോക്ടറൽ ബിരുദധാരികൾ, എഞ്ചിനീയർമാർ എന്നിവർക്ക് നിബന്ധനങ്ങളും, മാനദണ്ഡങ്ങളും പാലിക്കുന്ന പക്ഷം 10 വർഷത്തെ ഗോൾഡൻ വിസ ലഭിക്കാൻ അർഹത ലഭിക്കും.
എങ്ങനെ അപേക്ഷിക്കാം?
യുഎഇ സർക്കാറിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയോ അംഗീകൃത ഏജൻസികളിലൂടെയോ ഗോൾഡൻ വിസയ്ക്ക് അപേക്ഷിക്കാം. ആവശ്യമായ രേഖകൾ സഹിതം നിശ്ചിത ഫീസ് അടയ്ക്കണം. അപേക്ഷ പരിശോധിച്ച ശേഷം അധികാരികൾ തീരുമാനം അറിയിക്കും.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
വിസയുടെ തരം അനുസരിച്ച് നിബന്ധനകൾ മാറാം. അപേക്ഷിക്കുന്നതിന് മുൻപ് വിശദമായി പഠിക്കുക. നിക്ഷേപത്തിന്റെ കാലാവധി ഉൾപ്പെടെയുള്ള നിബന്ധനകൾ പാലിക്കണം. തെറ്റായ വിവരങ്ങൾ നൽകിയാൽ അപേക്ഷ തള്ളപ്പെടാം. ഔദ്യോഗിക വെബ്സൈറ്റിലെ വിവരങ്ങൾ വിശദമായി പഠിക്കുകയും അപേക്ഷ സമർപ്പിക്കുകയും ചെയ്യാം.
'വൺ ടച്ച്' ഗോൾഡൻ വിസ സേവനം
ഗോൾഡൻ വിസയ്ക്കുള്ള അപേക്ഷകൾ, മറ്റ് വിസകൾ, സ്റ്റാറ്റസ് ക്രമപ്പെടുത്തൽ, റസിഡൻസി, തിരിച്ചറിയൽ രേഖകൾ നൽകൽ, ഇവയെല്ലാം പുതുക്കുന്നതിന് 'വൺ ടച്ച്' ഗോൾഡൻ വിസ സേവനം അപേക്ഷകരെ സഹായിക്കും. ഗോൾഡൻ റെസിഡൻസ് വിസയ്ക്കുള്ള അപേക്ഷയും പുതുക്കൽ പ്രക്രിയയും ലളിതമാക്കാനും അപേക്ഷകരുടെ സമയവും പ്രയത്നവും ലാഭിക്കാനും രൂപകൽപ്പന ചെയ്തിട്ടുള്ള ഒരു സമഗ്ര സേവനമാണിത്.